ബര്‍ഗര്‍ ഉണ്ടാകുന്നത്‌ : കവിത, Dr.അജയ്‌ നാരായണന്‍, Lesotho

ബര്‍ഗര്‍ ഉണ്ടാകുന്നത്‌ : കവിത, Dr.അജയ്‌ നാരായണന്‍, Lesotho

കൗതുകത്തോടെ കാണുന്നു
ഞാന്‍
കണ്ണാടി ജാലകത്തിന്നപ്പുറം
നിന്ന്‌
ഒരു ചലച്ചിത്രം പോലെ...

അവന്റെ നീള്‍വിരല്‍ത്തുമ്പിലെ
ഓരോ ചലനത്തിലൂടെയും
ഒരു കഷണം റൊട്ടി
ബര്‍ഗറാവുന്ന നളപാകം,
ഒരു കവിത പോലെ
നിറപൗര്‍ണ്ണമി പോലെ
കാലമൊരുക്കിയ വിളക്ക്‌ പോലെ!

കണ്ണില്‍ യൗവനത്തിരയിളക്കവുമായി
നീലക്കണ്ണുള്ളൊരു
യവന തരുണന്‍
ചന്ദന സുഗന്ധവുമായി
പാതിയടഞ്ഞ വാതായനം
മുഴുക്കേ തുറന്നും
വരിയിലൊന്നാമനായും
ഓര്‍ഡര്‍ കൊടുത്തു
'ഒണ്‍ ചിക്കന്‍ ബര്‍ഗര്‍

ഏന്റ്‌ അ ക്യാപ്പുച്ചീനോ, പ്ലീസ്‌'.

ഒരു മൃദുഹാസത്തില്‍
തേന്‍ പുരട്ടി
ഷെല്‍ഫില്‍ നിന്നും പൂപോലെ മൃദുലമായ
റൊട്ടിയെടുത്തു
രണ്ടായി നെഞ്ചകം കീറി
സ്‌നേഹ തൈലം പുരട്ടി
പ്രണയച്ചൂടില്‍ മൊരിച്ചെടുത്തു.

ഒപ്പം
തണുത്തുറഞ്ഞ ചിക്കന്‍ പാറ്റി *
ഫ്രിഡ്‌ജില്‍ നിന്നും ഉള്ളം കയ്യിലെടുത്തു
വികാരത്തള്ളല്‍ കൊണ്ടു വിതുമ്പുന്ന
എണ്ണയില്‍
കുഞ്ഞിനെയെന്ന പോലെ
കുളിപ്പിച്ചെടുത്തു
അവന്‍ കണ്ണിമ ചിമ്മാതെ നോക്കി
നഭസ്സില്‍നിന്നെത്തിയതോയീ സൂര്യകണം!

തുളുമ്പി നിന്ന എണ്ണ
ഒരു സെര്‍വിയറ്റെടുത്തു
അരുമയോടെ ഒപ്പി
മാറ്റി വച്ചൂ.

ഇടയ്‌ക്ക്‌,
അലസനായിരിക്കുന്ന
യവനനെ നോക്കി
കണ്ണിലെ നക്ഷത്രങ്ങളെ
തെളിയിക്കുന്നുമുണ്ട്‌
അവന്‍...

മരതകം പതിഞ്ഞ
ലെറ്റ്‌യൂസിന്റെ ഒരു താള്‍
നുള്ളിയെടുത്ത്‌
മൊരിഞ്ഞ റൊട്ടിക്ക്‌ ആട ചാര്‍ത്തി
അതിനുമേല്‍ സ്വര്‍ണനിറമുള്ള
പാറ്റിയെ കിടത്തി
ഒരു വെള്ളത്തൂവല്‍ പോലെ
ഉള്ളിയുടെ ഒരു ചീളും
മേലേ ഒരു തക്കാളിപ്പൊട്ടും അണിയിച്ചു.

ഉഷസ്സിന്റെ മധുരവും
പ്രതീക്ഷയുടെ എരിവും
കൂടെ
നേരിന്റെ ഒരിത്തിരി ഉപ്പും തൂവി
റൊട്ടിയൊന്നായി പൊതിഞ്ഞു.

ഇടയ്‌ക്ക്‌ അവന്റെ ചുണ്ടിലെന്തോ
വിരിയുന്നുമുണ്ട്‌
അല്ലാഹുവിന്റെ നാമമോ
ഇഷ്‌ഖിന്റെ ഈണമോ...

ഒരു വെണ്‍ മേഘപ്പാളിയില്‍ നിന്നും
തൂളി വീണ
ഒരു കാവ്യ ശകലം പോലെ
ഒരു നറു നിലാവ്‌ പോലെ
ഒരു നെയ്‌ത്തിരി നാളം പോലെ
അവന്‍
യവനനു നിവേദിച്ചൂ
പ്രസാദം!

പിന്നെ
മുന്നില്‍
നിറഞ്ഞു നിന്നു മന്ത്രിച്ചു
'യുവര്‍ ബര്‍ഗര്‍, സേര്‍,
ക്യാപ്പുച്ചീനോ വില്‍ ബി റെഡി
ഇന്‍ ഏ മിനിറ്റ്‌, സേര്‍ '.

അവന്‍ കുറിച്ച കവിത
അയാള്‍
കണ്ണുകൊണ്ടുഴിഞ്ഞു
മനസ്സു കൊണ്ടറിഞ്ഞു
ഇരു കയ്യിലും കോരിയെടുത്തു
മെല്ലെ
ഉമ്മവച്ചെടുത്തു
ആഴത്തിലേക്ക്‌
അന്തരാത്മാവിലേക്ക്‌

നിര്‍വൃതിയുടെ മിന്നല്‍പിണര്‍
യവനഹൃദയത്തിലേക്ക്‌
ഊളിയിട്ടിറങ്ങി...

ജാലകത്തിന്നപ്പുറം
നിന്നു ഞാന്‍
കൗതുകത്തോടെ പ്രാര്‍ഥിച്ചു
ബര്‍ഗര്‍ വില്‍ക്കുന്ന
എഴുത്തുകാരാ
കടം തരുമോ
നിന്റെ
ആത്മാവില്‍
കൊളുത്തി വച്ചൊരു കവിത
എനിക്കും കൂടി...?

**chicken patty** അരച്ചെടുത്ത കോഴിയിറച്ചിയോടൊപ്പം മസാലക്കൂട്ടുകളും ഉള്ളി
തുടങ്ങിയ മറ്റു ചേരുവകളും കുഴച്ചു കട്ടിയില്‍ പരത്തിയെടുത്ത ശേഷം
എണ്ണയില്‍ വറുത്തെടുത്തുണ്ടാക്കുന്ന ഒരു ഭക്ഷണം സാധാരണ
റോട്ടിയ്‌ക്കിടയില്‍ വച്ചാണ്‌ കഴിക്കുക. ഈ പാശ്ചാത്യ വിഭവം ഇന്ന്‌
സാര്‍വ ലൗകികമായിരിക്കുന്ന ഫാസ്റ്റ്‌ ഫുഡ്‌, ബര്‍ഗര്‍ എന്ന പേരില്‍
അറിയപ്പെടുന്നു. പാറ്റിയിലെ കൂട്ടുകള്‍ പലയിടത്തും വ്യത്യസ്‌തം.

 

Dr. അജയ്‌ നാരായണന്‍, Lesotho