'മണിപ്പൂർ ധീരന്മാരുടെ നാടാണ്, ഈ മനോഹരമായ സ്ഥലത്തെ അക്രമം വിഴുങ്ങി' :കലാപം പൊട്ടിപുറപ്പെട്ട ശേഷം ആദ്യമായി മണിപ്പൂർ സന്ദർശിച്ച് പ്രധാനമന്ത്രി

2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായി മണിപ്പൂരിലെത്തി മോദി. കലാപത്തിൽ ഇരകളായവരെ പ്രധാനമന്ത്രി സന്ദർശിച്ചു. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2 വർഷവും നാലു മാസങ്ങള്‍ക്കും ശേഷമാണ് മോദി മണിപ്പൂർ സന്ദർശിക്കുന്നത്. സന്ദർശനത്തിനിടെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സമാധാനം തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തു.
8500 കോടിയുടെ വികസന പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു. മണിപ്പൂർ നഗരത്തിലെ റോഡുകൾ, 3,600 കോടിയിലധികം രൂപയുടെ ഡ്രെയിനേജ്, ആസ്‌തി മാനേജ്മെൻ്റ് മെച്ചപ്പെടുത്തൽ, 550 കോടി രൂപയുടെ മണിപ്പൂർ ഇൻഫോടെക് ഡെവലപ്മെൻ്റ്, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെ 7300 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും മറ്റ് പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്‌തു.
"ഇന്ന് ഉദ്ഘാടനം ചെയ്‌ത പദ്ധതികൾ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. പ്രത്യേകിച്ച് മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങൾക്ക് ഏറെ പ്രയോജനാത്മകമാകും. അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയോടെ ഈ പദ്ധതികൾ എല്ലാവർക്കും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പുതിയ മാറ്റം സൃഷ്‌ടിക്കും"- മോദി ജനങ്ങളോട് പറഞ്ഞു.
മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷത്തെക്കുറിച്ച് സംസാരിച്ച മോദി, എല്ലാവരും ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്‌തു. ഇതിനായി എല്ലാ സംഘടനകളും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും നിർദേശിച്ചു. വികസനങ്ങൾ നടക്കണമെങ്കിൽ സത്യത്തിനും നീതിക്കും ഒപ്പം സമാധാനവും അത്യാവശ്യമാണ്. കേന്ദ്രം മണിപ്പൂരിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാപഭൂമിയിൽ അനുരഞ്ജനത്തിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സംഘർഷത്തിൽ കുടിയിറക്കപ്പെട്ടവർക്കായി ഏകദേശം 7000 പുതിയ വീടുകൾ നിർമിക്കും. നിലവിൽ ഭവനരഹിതരായവർക്കുവേണ്ടി 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
മോദി എത്തുന്നത് പ്രമാണിച്ച് ഇംഫാലിലും ചുരാചന്ദ്പൂർ ജില്ലയിലും സുരക്ഷ കർശനമാക്കിയിരുന്നു.