കാറിടിച്ച് നിർത്താതെ പോയ കേസ് : നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
തിരുവനന്തപുരം: വഴുതക്കാട് ബൈക്ക് യാത്രികരെ കാറിടിച്ച് പരിക്കേൽപ്പിച്ച അപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. അപകടമുണ്ടാക്കിയ വോൾവോ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.
ജീവഹാനി വരുത്തുന്ന രീതിയിൽ അലക്ഷ്യമായി വാഹനമോടിച്ചു, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ട അധികൃതരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അപകടം നടന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു പോലീസിനോടും മാധ്യമങ്ങളോടും സമ്മതിച്ചു. അമിതവേഗത്തിലെത്തിയ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും അപകടം നടന്ന ഉടനെ താൻ പരിഭ്രമിച്ചു പോയതുകൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എങ്കിലും ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് സൗകര്യം ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു.
ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ കാർ നടൻ മണിയൻപിള്ള രാജുവിന്റേതാണെന്ന് രാത്രി തന്നെ പൊലീസ് കണ്ടെത്തി. എന്നാൽ രാജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയില്ല. അദ്ദേഹത്തിന്റെ സൗകര്യത്തിന് സ്റ്റേഷനിൽ ഹാജരാകാൻ സൗകര്യം ഒരുക്കി കൊടുത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.