ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ വരെ ചേർക്കാം; നവംബർ 1 മുതൽ പുതിയ നിയമം വരുന്നു

നോമിനേഷൻ സൗകര്യം കൂടുതൽ ലളിതവും സുതാര്യവുമാക്കുക, അക്കൗണ്ട് ഉടമയുടെ മരണശേഷം ക്ലെയിം തീർപ്പാക്കുന്നത് വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്ര ധനമന്ത്രാലയം ഈ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം സേവിങ്‌സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ ലോക്കറുകൾ, എന്നിവയ്ക്ക് 4 നോമിനികളെ വരെ ചേർക്കാൻ സാധിക്കും. ഒരേ സമയത്തുള്ള (Simultaneous) നോമിനേഷനോ, അല്ലെങ്കിൽ പിന്തുടർച്ചയായ (Successive) നോമിനേഷനോ തിരഞ്ഞെടുക്കാം.
എന്നാൽ, ഒരേസമയം ഒന്നിലധികം പേരെ നോമിനിയായി ചേർക്കുമ്പോൾ, ഓരോ നോമിനിക്കും എത്ര ശതമാനം തുക ലഭിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തണം. നോമിനികൾക്കുള്ള ഓഹരിയുടെ ആകെ തുക 100% ആയിരിക്കണം. ഇത് തർക്കങ്ങളില്ലാതെ തുക വീതിക്കുന്നത് എളുപ്പമാക്കും. ഒരു നിക്ഷേപകൻ പലതവണയായി ഒന്നിലധികം പേരെ നോമിനിയായി നിശ്ചയിക്കുകയാണെങ്കിൽ, ഇതിൽ, ആദ്യത്തെ നോമിനി മരിച്ചാൽ മാത്രമേ, തൊട്ടടുത്തയാൾക്ക് ക്ലെയിം ചെയ്യാൻ അവകാശം ലഭിക്കൂ. ഇത്തരത്തിൽ നാല് പേരെ വരെ പിന്തുടർച്ചാവകാശികളായി നിശ്ചയിക്കാം.