ടിടിവി ദിനകരന്‍ എന്‍ഡിഎ വിട്ടു; വിജയുമായി ചര്‍ച്ചകളിലെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടി സമ്മാനിച്ച് ടിടിവി ദിനകരന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടി അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ മുന്നണി വിടുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഒ പനീര്‍ ശെല്‍വം വിഭാഗം എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് ബിജെപി നടത്തുന്ന നീക്കങ്ങളില്‍ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും വിവരമുണ്ട്. തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള തേവര്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ദിനകരന്‍. അത് കൊണ്ട് തന്നെ ദിനകരന്റെ ഇപ്പോഴത്തെ ഈ തീരുമാനം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയേറെയാണ്.
ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായപ്പോളാണ് ദിനകരന്‍ സ്വന്തം നിലയ്ക്ക് അണ്ണാ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്. പിന്നീട് ഒ പനീര്‍ശെല്‍വവുമായും ഇ പളനിസ്വാമിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.