വെള്ളമടിയിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക്: തനി നാടൻ, പോൾ ചാക്കോ , ന്യൂയോർക്ക്

'നിങ്ങള് വെള്ളമടിച്ചിട്ടല്ലേ കിടക്കൂ'
അടുത്തോട്ട് ചേര്‍ന്നുനിന്ന് മുഖത്തോട്ട് നേരിട്ട് നോക്കിയുള്ള അവളുടെ ചോദ്യമാണ്. ഞാന്‍ ശരിക്കും പതറി. ഹൃദയമിടിപ്പ് മൂന്നാലഞ്ച് നിമിഷം നിന്നുപോയ പോലെ! ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങനെ ഒക്കെ ചോദിച്ചാല്‍??? ...
ഇവള്‍ക്കിതെന്ത് പറ്റി. എന്‍റെ വെള്ളമടിയെ ഒരിക്കലും ഇവള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല ഞാന്‍ വെള്ളം അടിക്കുമ്പോ എല്ലാം ഉടക്കുണ്ടാക്കിയിട്ടുള്ള കക്ഷിയാണ് മുഖത്ത് നോക്കി ചോദിക്കുന്നത്
'നിങ്ങള് വെള്ളമടിച്ചിട്ടല്ലേ കിടക്കൂ` എന്ന്.
എന്‍റെ മനസ്സിലും മുഖത്തും സമ്മിശ്രവികാരങ്ങള്‍ അലയടിച്ചു...മറുപടിയായിഎന്ത് പറയണം എന്ന് ഞാന്‍ ആലോചിച്ചു. മുഖത്തെയും ശരീരത്തിലേയും പേശികള്‍ വലിഞ്ഞു മുറുകി. ഒരു ഉത്തരത്തിന് വേണ്ടി ബ്രെയിന്‍ പലയിടത്ത് തിരഞ്ഞു.
ഇതൊരു ട്രിക്ക് ക്വസ്റ്റ്യന്‍ ആവാം, എന്‍റെ മനക്കരുത്ത് പരീക്ഷിക്കാന്‍!
ചിലപ്പോള്‍ ഇവള്‍ കഴിഞ്ഞയാഴ്‌ച്ച പങ്കെടുത്ത ധ്യാനത്തില്‍ പറഞ്ഞിട്ടുണ്ടാവും കുടുംബത്തെ കാര്യങ്ങള്‍ നേരാംവണ്ണം നോക്കുന്ന മാന്യനും സുന്ദരനും പഠിപ്പിസ്റ്റും പരസ്‌ത്രീവിരോധിയുമായ ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തെ അവഗണിക്കാന്‍ ഭാര്യ പഠിക്കണം എന്ന് മാത്രമല്ല അവയെ ഇടയ്‌ക്കിടെ പ്രോത്സാഹിപ്പിക്കുകയും വേണം ന്ന്.
എന്താണ് മറുപടിപറയേണ്ടത്....ഞാന്‍ ശങ്കിച്ചു. സര്‍വ്വ പുണ്യാന്മാരേം ഞാന്‍ മനസ്സില്‍ ധ്യാനിച്ചു. നൂല്‍ പാലത്തില്‍ കൂടിയുള്ള അഭ്യാസ്സമാണ്...ശരിയായ ഉത്തരം കൊടുത്തില്ലെകില്‍ ഒരു കോടിയാണ് നഷ്ടപ്പെടാന്‍ പോകുന്ന്ത്. മണിക്കുട്ടി ഓടിത്തുടങ്ങി. ഗുരുജി കക്കൂസ്സിലാണ്. പരിപ്പോ ഉരുളക്കിഴങ്ങോ വല്ലതും ആവും ഗുരുജി ഉച്ചക്ക് കൂട്ടിയത്.
എനിക്ക് പെട്ടെന്നൊരു ഒരുത്തരംകിട്ടിയില്ല. അതങ്ങനെ ആണല്ലോ, ആവശ്യം വരുമ്പോ ഒരൊറ്റ പുണ്യാളനും അവൈലബിള്‍ ആരിക്കില്ല. എല്ലാം പരിധിക്ക് പുറത്ത്.
ഒടുവില്‍ ആറ്റുകാല്‍ രാധാകൃഷ്‌ണനെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ പറഞ്ഞു...
'നിന്‍റെ ആഗ്രഹം പോലെ...വെള്ളമടിച്ചിട്ടെ ഞാന്‍ കിടക്കൂ `
തലക്ക് സുഖമില്ലാത്ത ഒരാളുടെ മുഖത്തേക്ക് നോക്കുന്ന വിചിത്ര ഭാവത്തില്‍എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് നെറ്റി ചുളിച്ച് അവള്‍ മുഖം കറപ്പിച്ച്‌ഖനപ്പിച്ച് പറഞ്ഞു...
'വെള്ളമടിച്ചിട്ട് കിടന്നാ മതി`
ഇതുംപറഞ്ഞ് അവള്‍ പോയി കിടന്ന പുറകെ ഞാന്‍ പലയിടത്തായി ഒളിപ്പിച്ചുവച്ച ബ്രാണ്ടി, വിസ്‌ക്കി, റം, വോഡ്‌ക്ക എല്ലാം പുറത്തെടുത്തു. വണ്ടിയുടെ ഡിക്കിയില്‍ വച്ചിരുന്ന ബ്രാണ്ടിക്കുപ്പി ശരിക്കും അടയ്‌ക്കാത്ത കാരണം പകുതിമുക്കാലും ഡിക്കിയില്‍ തൂവിപ്പോയത് അപ്പഴാ ഞാന്‍ അറിയുന്നത്. ആരോട്‌പറയാന്‍? ആര് കേള്‍ക്കാന്‍?
കൈയില്‍ കിട്ടിയത് എല്ലാം കൂടി മിക്‌സ്‌ചെയ്‌ത് ഐസ് ഒക്കെ ചേര്‍ത്ത് ഞാനൊരു ബ്ലഡി മേരി അങ്ങ് സെറ്റ് അപ്പ് ആക്കി. അതു കണ്ട് ശരിക്കുള്ള മേരി പോലും കരഞ്ഞിട്ടുണ്ടാവും.
അടുക്കളയില്‍ തപ്പി നോക്കിയപ്പോ കണ്ടത് വെറും കുബ്ബൂസും കണ്ണിമാങ്ങാ അച്ചാറും.
ഇത്രേം ഒക്കെ പ്രോത്സാഹിച്ചപ്പോ കാര്യമായി വല്ലതും അടുക്കളേല്‍ കാണുമെന്ന് കരുതിയ ഞാനിപ്പോ ശശിയായി.
സാരമില്ല, എന്നും കിട്ടുന്ന ഒരു സുവര്‍ണ്ണവസ്സരം അല്ലല്ലോ ഇത്.
അടിക്കാവുന്ന അത്രേം 'വെള്ളം` ഞാനടിച്ചു. എന്നിട്ട് ഫേസ് ബുക്കില്‍ കണ്ടകുറെ ചെറ്റകളുമായ് ഉടക്കി, കുറെ പേരെ മണിമല ലാംഗ്വേജില്‍ തെറി വിളിച്ചു, വേറെ കുറെ അവളുമാരുമായി ചാറ്റ് ആക്കി, കുറെ ആട്ട് കൊണ്ടു, ചിലര്‍ക്ക് മോഹനവാഗ്‌ദാനങ്ങള്‍ നല്‍കി...ചിലര്‍ പറഞ്ഞു
'പോളേട്ടനെ ഇങ്ങനെ ഒന്നുമല്ല വിചാരിച്ചിരുന്നത്` എന്ന്.
പോകാന്‍ പറ.
---------------------------------------------------------------------
പിറ്റേന്ന് രാവിലെ കൃത്യം ഏഴ് മുപ്പത്തിയാറ്. ആറുമണിക്ക് അടിക്കേണ്ട അലാറം ഇന്നെന്തേ അടിക്കാഞ്ഞൂ. അതോ അവനും വെള്ളമടിച്ച് കിടന്ന് ഉറങ്ങിപോയോ?
അവള്‍ മുന്നില്‍....
'നിങ്ങള്‍ ഇന്നലെ വെള്ളമടിച്ചില്ലേ?`
'ഉവ്വ് അടിച്ചല്ലോ?`
'എന്നിട്ട് ചെടികള്‍ എല്ലാം ഇപ്പഴും കരിഞ്ഞാണല്ലോ നിക്കുന്നത്`
'ചെടികള്‍...വാട്ട് ചെടികള്‍...ഓ...ആ ചെടികള്‍! ചെടികള്‍ക്ക് വെള്ളംഅടിച്ചില്ല....അടിച്ചു...അടിച്ചല്ലോ...ചെടികള്‍ കരിഞ്ഞു...നില്‍ക്കുന്നു...നില്‍ക്കുകയാണ്. എന്താ അങ്ങനെ?`...
സ്ഥലകാല ബോധം തിരികെ കിട്ടാന്‍ എനിക്ക് ഒരു മിനിട്ടെടുത്തു.
'ചെടികള്‍ക്ക് വെള്ളമടിക്കണം എന്നാണല്ലേ നീ പറഞ്ഞത്, സാരംല്ല്യ, ഇപ്പൊ ശരിയാക്കിത്തരാം`
ഞാന്‍ പൈപ്പ് കൈയിലെടുത്തു.
'ഇത് ഇന്നലെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാത്രി തന്നെ അടിക്കുമാരുന്നു...ല്ലോ...ച്ചെനേ...`
കെട്ടിയവന് എന്താണ് സംഭവിച്ചത് എന്ന് ശരിക്കും മനസ്സിലാകാത്ത ഭാര്യ വി.അന്തോനീസ് പുണ്യാളനെ വിളിച്ചോണ്ട് അടുക്കളയില്‍ കയറിയപ്പോള്‍ കര്‍ട്ടന്‍വീഴുന്നു.
ഇനിപരിതാപകരമായ ഒരു പിന്നണി ഗാനമാകാം...'ബലികുടീരങ്ങളെ...`