ലഹരിവ്യാപനത്തിനെതിരെ ശക്തമായ നടപടികൾ ഉണ്ടാവണം

ലഹരിയുടെ നീരാളിപ്പിടുത്തത്തിലാണിന്ന് ദൈവത്തിന്റെ സ്വന്തം നാട്. നാട്ടിൽ അക്രമവും കൊലപാതകങ്ങളും വർധിക്കുന്നതിന് പിന്നിൽ മയക്കുമരുന്ന് പ്രധാന വില്ലനായിരിക്കുന്നു. സ്‌കൂൾകുട്ടികളെയാണ് മയക്കു മരുന്ന് ലോബി പ്രധാനമായും ലക്ഷ്യമിടുന്നത് . ലഹരിയുടെ പിടിയിൽപെട്ട് കുട്ടികൾ പോലും അക്രമാസക്തരായി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് സങ്കടകരമാണ്. ലഹരി എന്ന വിപത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടേണ്ട സമയമാണിതെന്നാണ് സമീപകാലസംഭവങ്ങൾ പറയുന്നത് .സ്‌കൂളുകളിൽ പോലും ലഹരിയുടെ സ്വാധീനത്തിൽ അക്രമങ്ങളുണ്ടാകുന്നു.അത് കുട്ടികളുടെ മരണത്തിലേക്ക്പോലും നയിക്കുന്ന സാഹചര്യമുണ്ടാകുന്നു.
ചെറിയ കാര്യങ്ങൾക്ക് പോലും പ്രകോപിതരാവുകയും അക്രമാസക്തരാവുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിലേറെയും എന്ന് പറയേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാനാവാത്ത വിധം കേരളത്തെ ലഹരികീഴടക്കിക്കൊണ്ടിരിക്കുകയാണ് . ലഹരിയുടെ പിടിയിലമർന്നവർ കാട്ടുന്ന പരാക്രമങ്ങളും കൊലപാതകങ്ങളും ദിവസവും കണ്ടുകൊണ്ടിരിക്കുന്നു . സഹോദരങ്ങളെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ പോലും മടിക്കുന്നില്ല ഇക്കൂട്ടർ. ലഹരിയുടെ ആസക്തികൾക്ക് വഴങ്ങുന്നവരിലേറെയും യുവാക്കളും സ്‌കൂൾകുട്ടികളുമാണ്.
കഞ്ചാവും എംഡിഎംഎയും പിടിച്ചു എന്ന വാർത്തകൾ നാട്ടിലെങ്ങും നിന്ന് തുടരെ കേട്ടുകൊണ്ടിരിക്കുമ്പോഴും പിടിക്കപ്പെടുന്നത് വില്പന നടത്തുന്നതിന്റെ വളരെ ചെറിയൊരംശം മാത്രമാണ്.
കഞ്ചാവും എംഡിഎംഎയും പോലുള്ള മയക്കുമരുന്നുകളും മറ്റ് നിയമവിരുദ്ധ വസ്തുക്കളും കേരളത്തിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് 63 കൊലപാതകങ്ങൾ നടന്നതായാണ് കണക്കുകൾ . ഇതിൽ 30 എണ്ണവും ലഹരിവസ്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് പറയുന്നു .
ജനുവരി 22 നും മാർച്ച് 1 നും ഇടയിൽ, കേരള പോലീസ് 1.31 കിലോഗ്രാം എംഡിഎംഎയും 153.56 കിലോഗ്രാം കഞ്ചാവും ഉൾപ്പെടെ നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതേസമയത്ത് പോലീസ് 2,854 പേരെ അറസ്റ്റ് ചെയ്യുകയും 17,246 പേരെ പരിശോധിക്കുകയും 2,762 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തതായാണ് കണക്കുകൾ.
കഴിഞ്ഞ ഒരു വർഷം-2024 ഡിസംബർ 31 വരെ 87702 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 87389 കേസുകളിലായി 94886 പേരെ പ്രതി ചേർക്കുകയും 93599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിയമ സംവിധാനങ്ങളിലെ പഴുതുകളിലൂടെ എളുപ്പത്തിൽ പുറത്തു കടക്കാമെന്നുളള തിരിച്ചറിവാണ് ഇവിടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നതിന് പിന്നിൽ.
ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ബന്ധങ്ങളുടെ തകർച്ചയും സാമ്പത്തിക ബുദ്ധിമുട്ടുകളും വരെ, മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ഫലമായി സമൂഹത്തിലുണ്ടാകുന്നു.
ലഹരിവ്യാപനത്തെ ചെറുത്തുനിൽക്കാനും യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് മുക്തരാക്കാനും സർക്കാർ സംവിധാനങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാം .