ഓടിട്ട വീട്: തനി നാടൻ, പോൾ ചാക്കോ

''ഓടിട്ട ഒരു വീട് പണിയണം. വല്ലവരുടെയും മുന്‍പില്‍ ഓലയ്‌ക്ക് വേണ്ടി
കെഞ്ചാന്‍ ഇനി മേല''
വൈകിട്ട് അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ചാച്ചന്‍ അമ്മച്ചിയോട്
പറഞ്ഞു.
''അതിന് നമ്മുടെ കൈയില്‍ പൈസ ഉണ്ടോ?
''ഉണ്ടാക്കണം'' അതുപറഞ്ഞ് അച്ചാച്ചന്‍ കഞ്ഞി കുടിച്ച് എഴുന്നേറ്റു.
എഴുപതുകളുടെ അവസാനം വരെ ഞങ്ങളുടെ കുടുംബ വീട് ഓലമേഞ്ഞ
ഒരു സാദാ നാട്ടിന്‍പുറ വസതി ആയിരുന്നു. പരമന്‍ പത്തനാപുരത്തിന്‍റെ
കഥാപ്രസംഗത്തിലെ പോലെ. വീതം കിട്ടിയ ഭൂമിയില്‍ നിന്നുള്ള ഓലകള്‍
കൂട്ടിവച്ച് എത്ര തവണ എണ്ണിയാലും വീട്ടിലെ പുരകെട്ടിനുള്ള ഓല
തികയാതിരുന്ന കാലം.
ഞാനന്ന് വയസ്സറിയിച്ചിട്ടില്ല. വെറും പ്രീ-ഡിഗ്രി രണ്ടാം വര്‍ഷം!
ഞങ്ങള്‍ ഓല വാങ്ങിയിരുന്നത് നാട്ടിലെ അറിയപ്പെട്ട പ്രമാണിയായിരുന്ന
അപ്പച്ചന്‍ കോയിത്തറയുടെ പക്കല്‍നിന്നായിരുന്നു...ഓസ്സിനല്ല, കുരു എണ്ണി
കൊടുത്തിട്ട് തന്നെ.
അങ്ങനെയാണ് ഈ സംഭവം നടക്കുന്ന വര്‍ഷവും കോയിത്തറ അപ്പച്ചനെ
ഓലയ്‌ക്കായി അച്ചാച്ചന്‍ സമീപിക്കുന്നത്.
ഓല ചോദിച്ചപ്പോള്‍ ഒരു പരിഹാസ്സ പുഞ്ചിരിയോടെ അപ്പച്ചന്‍ പറഞ്ഞു ...
''ഓലേം ചീലേം ഒന്നുമില്ല. തല്‍ക്കാലം, ഒള്ളതൊക്കെ വച്ചങ്ങ് കെട്ടിയാ മതി''
വായിലെ മുറുക്കാന്‍ നീട്ടിയൊന്ന് തുപ്പീട്ട് കോയിത്തറ നടന്നു നീങ്ങി. ഒരു
മറുപടി കേള്‍ക്കാന്‍ പോലും കാത്തുനില്‍ക്കാതെ...
കോയിപ്പുറത്തിന്‍റെ പ്രതികരണം അച്ചാച്ചനെ വളരെ വേദനിപ്പിച്ചു.
അദേഹത്തിന്‍റെ ആത്മാഭിമാനത്തിന് മുറിവേറ്റു. ശരിക്കും പൊള്ളി.
അന്ന് അച്ചാച്ചന്‍ ഒരു തീരുമാനമെടുത്തു...ഇനി ഓലയ്‌ക്ക് വേണ്ടി ഒരു
നാറിയുടെ മുന്‍പിലും കൈനീട്ടുന്ന പ്രശ്‌നമില്ല...ഓടിട്ട ഒരു വീട് പണിയണം.
അങ്ങനെ ആണ് അന്നുണ്ടായിരുന്ന ചാണകം മെഴുകിയ ഓല മേഞ്ഞ വീട്
ഇടിച്ചുപൊളിച്ച് ഓടിട്ട പുതിയൊരു വീട് പണിയാന്‍ അച്ചാച്ചന്‍
തീരുമാനിച്ചത്.
തീരുമാനം എടുത്തപ്പോള്‍ അദേഹത്തിന്‍റെ കൈയില്‍ ഉണ്ടായിരുന്നത് വെറും
മുന്നൂറ്റിയിരുപത് രൂപയായിരുന്നു.
അച്ചാച്ചന്‍റെ സുഹൃത്തും അയലോക്കംകാരനും സന്തതസഹചാരിയുമായ
കേശവ പണിക്കരേ മുഖ്യ ആശാരിയായി അച്ചാച്ചന്‍ നിയമിച്ചു.
കാളിയാനില്‍ ചാക്കോച്ചന്‍ മേസ്‌തിരിയും. രണ്ടാള്‍ക്കും രൊക്കം പൈസ
കൊടുക്കണ്ട. ഉള്ളത് പോലെ ഉള്ളപ്പോള്‍ സാവകാശം കൊടുത്താ മതി.
പണികള്‍ തുടങ്ങി. ഭിത്തികെട്ടാനുള്ള സിമന്‍റ് കട്ടകള്‍ പ്ലാസ്റ്റിക്ക് ചാക്ക്
വിരിച്ച് അതിന്‍റെ മേല്‍ അച്ചിട്ടു. മുറ്റത്ത് നിരനിരയായി ഉണങ്ങാന്‍
വച്ചിരിക്കുന്ന സിമന്‍റ് കട്ടകള്‍. അത് ഉണങ്ങി ഉറച്ചു വരാന്‍ ഒരാഴ്‌ച്ച
എങ്കിലും എടുക്കും.
അപ്പോഴാണ് കേശവപണിക്കരുടെ മകന്‍ സത്യനുമായി കുഴിപ്പന്ത്
കളിക്കാനുള്ള ഉടമ്പടി ഞാനുണ്ടാക്കുന്നത്...അതും ഞങ്ങളുടെ മുറ്റത്ത്.
സത്യന്‍ അടിച്ച പന്ത് എത്തി പിടിക്കാനുള്ള ആവേശത്തില്‍ ഞാന്‍ പറന്നു
ചാടി മറിഞ്ഞത് ഉണക്കാന്‍ വച്ചിരുന്ന സിമന്‍റ് കട്ടയുടെ മുകളിലൂടെ.
മൂന്നാല് കട്ട അതോടെ പൊടിഞ്ഞു.
അത് കാണാന്‍ അച്ചാച്ചന്‍ രംഗത്ത് ഉണ്ടായിരുന്നില്ല എങ്കിലും വേണ്ടതിലും
കൂടുതല്‍ എരിവും പുളിയും ചേര്‍ത്ത് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍
കഴിവുള്ള മറ്റ് അംഗങ്ങള്‍ അങ്ങേരുടെ സീക്രറ്റ് സര്‍വീസില്‍ ഉണ്ടായിരുന്നു.
അതില്‍ എന്‍റെ അമ്മച്ചി, ചേച്ചി, ചേട്ടന്‍...എല്ലാവരും ഉണ്ടായിരുന്നു.
പലചരക്ക് കടയില്‍ നിന്നും രാത്രി അച്ചാച്ചന്‍ വീട്ടിലെത്തി. കഞ്ഞി
കുടിക്കുന്നതിന് മുന്‍പേ ലൈവ് ബ്രീഫിംഗ് ഉണ്ടായിരുന്നു. എല്ലാം കേട്ടിട്ട്
വെന്ത കഞ്ഞി എന്നോടുള്ള ദേഷ്യത്തില്‍ വീണ്ടും ചവച്ചരച്ചു കുടിച്ച്
അങ്ങേര് കിടന്നു.
പക്ഷെ പിറ്റേന്ന് അതിരാവിലെ ഞാന്‍ എണീക്കുന്ന സമയം ആയിട്ടില്ല
എങ്കിലും എന്നെ വിളിച്ചുണര്‍ത്തി എനിക്ക് തരേണ്ടത് അച്ചാച്ചന്‍ തന്നു.
കാരണം അത് തന്നിട്ട് വേണമായിരുന്നു അങ്ങേര്‍ക്ക് കടയില്‍ പോകാന്‍.
ഒരു മയോമില്ലാത്ത അലക്കാരുന്നു കിട്ടിയത്...കണങ്കാലില്‍ തന്നെ. കാപ്പിക്കമ്പ്
വച്ച് നല്ല ആയത്തില്‍ അഞ്ചാറെണ്ണം തലങ്ങനെ വിലങ്ങനെ.
കിട്ടിയത് മേടിച്ചു പോക്കറ്റില്‍ ഇടാറാണ് സാധാരണ എന്‍റെ പതിവ്.
ഇത്തവണയും അങ്ങനെ തന്നെ ചെയ്‌തു.
ആരോടും പരാതിയുമില്ല പരിഭവവുമില്ല. തെറ്റ് എന്‍റേതാണ്.
സംഭവം നല്ല വേദന ആയിരുന്നു എങ്കിലും ഒരാണായി ജനിച്ച ഞാന്‍ ഒരു
തുള്ളി കണ്ണീര്‍ പൊടിച്ചില്ല, നിലവിളിച്ചില്ല. അചഞ്ചലനായി ഞാന്‍ നിന്നു.
പക്ഷേ രണ്ടു-മൂന്ന് ദിവസ്സം കഴിഞ്ഞപ്പോള്‍ അടിയേറ്റ മുറിവുകള്‍ പഴുത്ത്
കുളമാകാന്‍ തുടങ്ങി. നല്ല വേദനയും.
കണക്കായി പോയി. മക്കളെ ദാക്ഷിണ്യം ഇല്ലാതെ ശിക്ഷിക്കുന്ന
കാര്‍ന്നോന്മാര്‍ക്കൊരു പണികൊടുക്കാന്‍ ഞാന്‍ മനസ്സില്‍ പദ്ധതിയിട്ടു.
സംഗതിയുടെ ഗാംഭീര്യം കൂട്ടാനും ജനശ്രദ്ധ ആകര്‍ഷിക്കാനും വേണ്ടി ഞാന്‍
ഞൊണ്ടി ഞൊണ്ടി നടക്കാന്‍ തുടങ്ങി.
സംഗതി ഏറ്റു; പോളിന്‍റെ ഞൊണ്ടിയുള്ള നടപ്പ് നാട്ടാരും സ്‌കൂളിലെ
സാറന്മാരും ശ്രദ്ധിക്കാന്‍ തുടങ്ങി. പുളിക്കല്‍ ജോണിച്ചായന്‍ ആണത് ആദ്യം
ചോദിച്ചത്
''നീ എന്നാടാ ചട്ടുന്നത്?''
മറുപടി ഒന്നും പറയാതെ ഞാന്‍ അദ്ദേഹത്തെ ദയനീയമായി ഒന്ന് നോക്കി.
പന്തികേട് തോന്നിയ ജോണിച്ചായന്‍ വിവരം അച്ചാച്ചന്‍റെ ശ്രദ്ധയില്‍
കൊണ്ടുവന്നു.
''എന്താ ചാക്കോച്ചാ പോള് ചട്ടിയാണല്ലോ നടക്കുന്നത്?''
അന്ന് രാത്രി വീട്ടില്‍ വന്ന അച്ചാച്ചന്‍ ഉറങ്ങിക്കിടന്ന എന്‍റെ കാലുകള്‍ ഞാന്‍
അറിയാതെ പരിശോധിച്ചു. എന്‍റെ അവസ്ഥ മനസ്സിലാക്കിയ അദേഹത്തിന്‍റെ
നെഞ്ചില്‍ ഒരു ഏങ്ങല്‍ ഉയര്‍ന്നത് ഉറക്കം നടിച്ചുകിടന്ന ഞാന്‍ കേട്ടു.
എന്‍റെ മനസ്സില്‍ ഒരു പ്രതികാര പുഞ്ചിരി വിടര്‍ന്നു. അത് പിന്നീട്
ചുണ്ടിലേക്ക് പ്രതിഫലിച്ചു പക്ഷെ ഞാന്‍ അനങ്ങിയില്ല.
പിറ്റേന്ന് രാവിലെ പതിവുപോലെ കട തുറക്കേണ്ടിയിരുന്ന അച്ചാച്ചന്‍ അത്
പുളിക്കല്‍ ജോണിച്ചായനെ ഏല്‍പ്പിച്ച് എന്നേം കൂട്ടി കാഞ്ഞിരപ്പള്ളി
കടമപ്പുഴ ആശുപത്രിയില്‍ എത്തി. പുലിക്കല്ലില്‍ അന്ന് ബസ്
ഇല്ലാത്തതിനാല്‍ ജീപ്പ് പിടിച്ചാണ് ഞങ്ങള്‍ മണിമലക്ക് പോയിരുന്നത്.
ജീപ്പില്‍ കയറുന്നതും മണിമല ചന്തയില്‍ കൂടെ പോകുന്നതും
എനിക്കിഷ്ടമായിരുന്നു.
കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രി!
അച്ചാച്ചന്‍ അവിടുത്തെ സ്ഥിരം സന്ദര്‍ശകന്‍ ആയതിനാല്‍ ഏറെ നേരം
കാത്തിരിക്കാതെ ഡോക്ടറെ കാണാനുള്ള അനുമതി കിട്ടി.
ഡോ. ശിവദാസ്സന്‍. തമിഴനാണ്. പാവം മലയാളം പഠിച്ചു വരുന്നതെ ഉള്ളു.
അദ്ദേഹം മുറിവുകള്‍ പരിശോധിച്ചു...പക്ഷെ എന്തെങ്കിലും ഇങ്ങോട്ട്
പറയുന്നതിന് മുന്‍പേ ഞാന്‍ ചാടി അങ്ങോട്ട് പറഞ്ഞു
''ക്യാന്‍ യു അഡ്‌മിറ്റ് മി''
ശിവദാസ്സന്‍ എന്നെ ഒന്ന് നോക്കി. പുലിക്കല്ല് പോലൊരു
ഗ്രാമീണാന്തരീക്ഷത്തില്‍ നിന്നും കാഞ്ഞിരപ്പള്ളി പോലൊരു ഊറ്റന്‍
നഗരത്തില്‍ വന്നുപെട്ട ഒരു യുവാവിന്‍റെ മനസ്സിലെ സ്‌പന്ദനങ്ങള്‍ അദേഹം
തൊട്ടറിഞ്ഞു.
എന്‍റെ മനോഗതം മനസ്സിലാക്കിയ ഡോക്ടര്‍ രണ്ട് ദിവസ്സം കിടന്നിട്ട്
പോകാന്‍ ചീട്ടെഴുതി...ഒരു ചെറു പുഞ്ചിരിയോടെ.
രണ്ടു ദിവസ്സം ഹോട്ടല്‍ ഭക്ഷണവും അതിഥികളെ സ്വീകരിക്കലും ഓറഞ്ച്
തീറ്റിയും വിശ്രമിക്കലും ഒക്കെയായി തിമിര്‍ത്ത ഞാന്‍ മൂന്നാം ദിവസ്സം
ആശുപത്രി കിടക്ക വിട്ട് പുലിക്കല്ലിന് തിരികെ പോകുമ്പോള്‍ ഒരു
വിജയിയുടെ ഭാവം മനസ്സിലുണ്ടായിരുന്നു.
തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോള്‍ ബസ്സില്‍ കണ്ട
പരിചയക്കാരോട് മുഴുവന്‍ അദേഹം പറഞ്ഞു
''ശിക്ഷ അല്‍പ്പം കൂടിപ്പോയി'' അന്ന് ഞാനത് കേട്ട് ആസ്വദിക്കുകയും
ചെയ്‌തു.
------------------------------------------------------------
അച്ചാച്ചന്‍ മരിച്ചിട്ട് ഇപ്പോള്‍ മുപ്പതു വര്‍ഷമായി.
ഞാനൊരു അപ്പനായപ്പോള്‍....എനിക്ക് മനസ്സിലാകുന്നു ഞാന്‍ ചെയ്‌ത
തെറ്റിന്‍റെ വ്യാപ്‌തി.
വിദ്യാഭ്യാസ്സവും പഠിപ്പും ലോകപരിചയവും ഇല്ലാത്ത എത്ര മാത്രം
ആള്‍ക്കാരെ അല്‍പ്പജ്ഞാനികള്‍ ആയ നമ്മുക്ക് വിഡ്‌ഢികള്‍ ആക്കാന്‍
കഴിഞ്ഞിട്ടുണ്ടാവും ! പക്ഷെ അപ്പോഴൊക്കെ ശരിക്കും വിഡ്‌ഢികള്‍
ആവുന്നത് നാം തന്നെ എന്ന് മനസ്സിലാക്കാന്‍ എനിക്കിത്രയും വര്‍ഷങ്ങള്‍
വേണ്ടിവന്നു.
അവിടെ അഡ്‌മിറ്റ് ആകാന്‍ ഞാന്‍ കളിച്ച നാടകം ചിലപ്പോള്‍ അപ്പോള്‍
തന്നെ അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും പക്ഷെ എന്നെ ചമ്മിക്കാന്‍
മനസ്സുവരാതെ ഒരു വിഡ്‌ഢിയായി അച്ചാച്ചന്‍ അഭിനയിച്ചതാണെങ്കിലോ?
മക്കളുടെ മനസ്സ് വായിക്കാത്ത, പഠിക്കാത്ത, മനസ്സിലാക്കാത്ത ഏത്
പിതാവാണ് ഈ ലോകത്തുള്ളത്? ജീവനോടെ ഉണ്ടായിരുന്നു എങ്കില്‍ ആ
കാലില്‍ വീണ് മാപ്പ് പറയാന്‍ ഒരവസ്സരത്തിന് വേണ്ടി ഞാന്‍ കെഞ്ചിയേനെ.
ഇതൊരു വീരഗാഥ അല്ല. ഭാഷ അറിയാത്ത അപ്പനെ ഭാഷ കൊണ്ട്
തോല്‍പ്പിക്കാന്‍ ശ്രമിച്ച ഞാനാണ് ശരിക്കും പരാജയം പക്ഷെ അത്
മനസ്സിലാക്കിയപ്പോഴേക്കും ഞങ്ങളെ വിട്ടു പറന്നു ആ ജീവന്‍...സ്വര്‍ഗ്ഗ
വിഹായസ്സിലേക്ക്...
പോൾ ചാക്കോ