വേടന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശയാത്രയ്ക്ക് അനുമതി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിലുള്ള റാപ്പർ വേടന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ, വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. ജാമ്യവ്യവസ്ഥയിൽ ഇളവുതേടി വേടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേജ് പെർഫോമൻസാണ് തൻ്റെ പ്രധാന വരുമാന മാർഗ്ഗമെന്നും, അതിനാൽ ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്നുമായിരുന്നു വേടൻ്റെ പ്രധാന ആവശ്യം.
ഹൈക്കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും, രാജ്യം വിടുന്നുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മുൻകൂട്ടി അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. സെഷൻസ് കോടതിയാണ് നേരത്തെ, കേരളം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെ വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ഓഗസ്റ്റ് 21-നാണ് സെൻട്രൽ പോലീസ് കേസെടുത്തത്. പരാതി അടങ്ങിയ ഇ-മെയിലിൽ മൊബൈൽ ഫോൺ നമ്പറോ മേൽവിലാസമോ ഇല്ലാത്തതിനാൽ തുടക്കത്തിൽ പോലീസിന് പരാതിക്കാരിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വിവരങ്ങൾ ശേഖരിച്ച പോലീസ് മൊഴിയെടുപ്പിനായി ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും യുവതി ഹാജരായില്ല.
പോലീസ് അയച്ച നോട്ടീസ് തൻ്റെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നതിന് കാരണമാവുമെന്നും അതിനാൽ നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാൻ കഴിയില്ലെന്ന നിലപാടാണ് സെൻട്രൽ പോലീസ് സ്വീകരിച്ചിരുന്നത്.