ചന്ദ്ര നാഗമല്ലയ്യ വധക്കേസ്; പ്രതിക്കെതിരെ വധശിക്ഷ തേടില്ലെന്ന് പ്രോസിക്യൂഷൻ

Jul 16, 2026 - 12:55
 0  1
ചന്ദ്ര നാഗമല്ലയ്യ വധക്കേസ്; പ്രതിക്കെതിരെ വധശിക്ഷ തേടില്ലെന്ന് പ്രോസിക്യൂഷൻ


 പ്രസാദ് തീയാടിക്കൽ


ഡാലസ്: കഴിഞ്ഞ വർഷം ഡാലസിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര മൗളി നാഗമല്ലയ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യോർഡാനിസ് കോബോസ്-മാർട്ടിനെസ് (Yordanis Cobos-Martinez)ക്കെതിരെ വധശിക്ഷ ആവശ്യപ്പെടില്ലെന്ന് ഡാലസ് കൗണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

2025 സെപ്റ്റംബറിലാണ് ഡാലസിലെ മോട്ടലിൽ നടന്ന അതിക്രൂര ആക്രമണത്തിൽ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസിൽ പ്രതിക്കെതിരെ ക്യാപിറ്റൽ മർഡർ കുറ്റം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രോസിക്യൂഷൻ വധശിക്ഷ തേടാത്തതിനാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.

വധശിക്ഷ ആവശ്യപ്പെടാതിരിക്കാൻ കാരണമായ സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷൻ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണ മരണം ഡാലസ് ഇന്ത്യൻ സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിന്റെ തുടർനടപടികൾ ഡാലസ് കൗണ്ടി കോടതിയിൽ പുരോഗമിക്കുകയാണ്.