'ഇത്തരം നീച പ്രചാരണങ്ങൾക്ക് തന്നെ തളർത്താനാവില്ല, മരണം വരെ കോൺഗ്രസുകാരി'; വ്യാജപ്രചാരണങ്ങളിൽ പൊട്ടിത്തെറിച്ച് ഷാനിമോൾ
ആലപ്പുഴ: താൻ മരണം വരെ കോൺഗ്രസുകാരിയായി തുടരുമെന്നും പാർട്ടി വിടുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. പിതാവിൻ്റെ മൃതദേഹം അടക്കം ചെയ്യുന്ന ചടങ്ങുകൾക്കിടയിലാണ് ഇത്തരമൊരു വ്യാജപ്രചാരണം നടന്നതെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ലെന്നും തൻ്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തൻ്റെ പിതാവ് മരിച്ച് മൃതദേഹം അടക്കം ചെയ്യുന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു വ്യാജപ്രചാരണം നടന്നതെന്ന് ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി. ഇത്രയും നീചമായ രാഷ്ട്രീയം താൻ പ്രതീക്ഷിച്ചില്ലെന്നും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ് ഇത്തരം പ്രവർത്തികളെന്നും അവർ പറഞ്ഞു. ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും ഇത്തരം നീചമായ പ്രചാരണങ്ങൾ തന്നെ തളർത്താനാവില്ല. മരണം വരെ താൻ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകയായി തുടരും. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള തൻ്റെ കൂറ് അവർ ആവർത്തിച്ചു പ്രഖ്യാപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയുള്ള ചില വിഷയങ്ങളുടെ പേരിൽ ഷാനിമോൾ ഉസ്മാൻ പാർട്ടി വിടാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇടത് അനുകൂല സൈബർ പേജുകളിലൂടെയും മറ്റും വ്യാപകമായി പ്രചരിച്ചത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലുമായോ കോൺഗ്രസ് പ്രസ്ഥാനവുമായോ തനിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് അവർ അറിയിച്ചു.
രാഹുലിനെതിരെ താൻ വോട്ട് ചെയ്തുവെന്നും മറ്റുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. പാർട്ടിക്കുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങളെ പർവതീകരിച്ച് കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുടെ നീക്കം വിജയിക്കില്ലെന്നും അവർ വ്യക്തമാക്കി.
തന്നെ വ്യക്തിഹത്യ ചെയ്യാനും രാഷ്ട്രീയമായി തകർക്കാനും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ചിലർ പടച്ചുവിടുന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.