വാഴക്കാ ഉപ്പേരി: തനി നാടൻ, പോൾ ചാക്കോ

വാഴക്കാ ഉപ്പേരി: തനി നാടൻ, പോൾ ചാക്കോ

''നിങ്ങള്‌ ജോലീന്ന്‌ വരുമ്പോ ടോപ്പ്‌ ടൊമാറ്റോയില്‍ കയറി കുറെ പച്ച ഏത്തക്ക
മേടിക്കണം''

(ടോപ്പ്‌ ടൊമാറ്റോ ഞങ്ങളുടെ വീടിനടുത്തുള്ള പഴ/പച്ചക്കറിയുടെ ആദായ വില്‍പ്പന
കേന്ദ്രമാണ്‌)

 

''ഓ പിന്നെന്താ, നീ പറഞ്ഞാ പച്ചയല്ല പഴുത്ത എത്തക്കാ വരെ ഞാന്‍ മേടിക്കും''

''കണ്ടമാനം വിനയം വേണ്ട'' അവള്‍ തുടര്‍ന്നു...അതില്‍ ഒരു പുശ്ചം തങ്ങി
നിന്നിരുന്നു.


''ഡോളറിന്‌ മൂന്ന്‌ കിട്ടുമെന്ന്‌ അമ്മു ചേച്ചി പറഞ്ഞു. മൂന്ന്‌ ഡോളറിന്‌ മേടിച്ചോ.
നമ്മക്ക്‌ വറക്കാം. അടുത്ത പ്രാവശ്യം മോളെ കാണാന്‍ പോകുമ്പോ അവള്‍ക്ക്‌
കൊടുക്കാം. ഒരു ദിവസ്സം കൊണ്ടവള്‍ തീര്‍ത്തോളും''

''ഓ ''


പറഞ്ഞപോലെ മൂന്ന്‌ ഡോളറിന്‌ പച്ച എത്തക്കയുമായി ഞാന്‍ വീട്ടിലെത്തി.


അവള്‍ക്ക്‌ വളരെ സന്തോഷം. അവളുടെ സന്തോഷം കണ്ടപ്പോ എനിക്കും വെറുതെ
മനസ്സ്‌ നിറയെ സന്തോഷിക്കാന്‍ തോന്നി. ഞാനും ഉള്ളില്‍ ചിരിച്ചു മറിഞ്ഞു.


ആ ഒരു സന്തോഷത്തിലും ആവേശത്തിലും മൂടിലും ഞാന്‍ വെറുതെ പറഞ്ഞു


''വറക്കാന്‍ ഞാനും കൂടാം. എപ്പഴാന്ന്‌ പറഞ്ഞാ മതി.''


വീണ്ടുവിചാരമില്ലാത്ത എന്‍റെ ഓരോരോ തീരുമാനങ്ങള്‍! എത്ര അനുഭവം ഉണ്ടായാലും
പഠിക്കില്ല.


എന്‍റെ ഓഫര്‍ അവള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ന്യൂയോര്‍ക്കിലെ സമ്മറിലെ
ഒടുക്കത്തെ ചൂടില്‍ അടുക്കളയില്‍ നിന്നും ഒരു മോചനം കിട്ടാന്‍ ആരാണ്‌
ആഗ്രഹിക്കാത്തത്‌? ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്‌?


പക്ഷെ അതിന്‌ ശേഷമാണ്‌ അവള്‍ നിബന്ധനകള്‍ ഒന്നൊന്നായി മുന്നോട്ട്‌ വച്ചത്‌.


1. വറക്കുന്നതിന്‌ മുന്‍പ്‌ വാഴക്കയുടെ തൊലി കളയണം. (തൊലി ഇരുന്നാല്‍
എന്താകുഴപ്പം എന്ന്‌ ചോദിക്കാന്‍ അവസ്സരം കിട്ടുന്നതിന്‌ മുന്‍പ്‌ അടുത്ത
നിബന്ധന വന്നു)


2. തൊലി കളഞ്ഞ വാഴക്ക കഷണങ്ങളായി മുറിക്കണം.

3. മുറിക്കുമ്പോള്‍ ഒരേ ഖനത്തിലും വലിപ്പത്തിലും ഷേപ്പിലും വേണം മുറിക്കാന്‍.


4. മുറിച്ച കഷണങ്ങള്‍ തൊട്ടു-തൊട്ട്‌ കിടക്കരുത്‌.


5. വറക്കാനുള്ള പാത്രം അടുപ്പേല്‍ വക്കുമ്പോള്‍ അടുപ്പിന്‌ മദ്ധ്യത്തില്‍ വക്കണം,
എന്നിട്ട്‌ വേണം തീ കത്തിക്കാന്‍. എന്നാലെ ചൂട്‌ എല്ലായിടത്തും ഒരേപോലെ പടരു.


6. പാത്രം നന്നായി ചൂടായിട്ടേ എണ്ണ ഒഴിക്കാവൂ.


7. എണ്ണ നന്നായി ചൂടായതിന്‌ ശേഷമേ മുറിച്ച വാഴക്കാ ഇടാവൂ


8. മുറിച്ച കഷണം ഓരോന്നായി എണ്ണയില്‍ ഇടണം. എല്ലാം കൂടി ഒരുമിച്ച്‌
വലിച്ചെറിയരുത്‌.


9. ഒരു ആംഗിളില്‍ നിന്ന്‌ വേണം കായ്‌ എണ്ണയിലേക്ക്‌ എറിയാന്‍. എണ്ണ തെറിച്ച്‌
വീണ്‌ കൈ പൊള്ളാത്‌ ശ്രദ്ധിക്കണം


10. എണ്ണയില്‍ കിടക്കുന്ന കായ്‌ ഇടയ്‌ക്കിടെ ഇളക്കി കൊടുക്കണം


11. മരത്തടി വച്ചേ ഇളക്കാവൂ. സ്റ്റീല്‍ സ്‌പൂണ്‍ ഉപയോഗിച്ചാല്‍ ചട്ടിയില്‍ പാട്‌
വീഴും


12. കായ്‌ എണ്ണയില്‍ വീണാല്‍ പിന്നെ തീ കുറച്ചു വക്കണം (ഇല്ലേല്‍ കായ്‌
കരിഞ്ഞു പോകും)


13. സമയം നോക്കി നിന്നോണം...ഒന്‍പത്‌ മിനിറ്റ്‌. അപ്പോള്‍ കോരാന്‍ സമയമായി.


14. കോരുമ്പോള്‍ തവിയുടെ അടിഭാഗം ചട്ടിയുടെ അടിയില്‍ മുട്ടരുത്‌


15. എണ്ണ നന്നായി കുടഞ്ഞു കളയണം.


16. കോരിയിടുന്ന ചട്ടിയില്‍ ഒരു പേപ്പര്‍ ടവല്‍ വക്കണം; എന്നാലെ എണ്ണ
ശരിക്കും വാര്‍ന്ന്‌ പോകൂ


17. കോരിയെടുക്കുന്ന വാഴക്കാ ചിപ്പ്‌ പാത്രത്തില്‍ ഇട്ട്‌ ആവി കയറുന്നതിന്‌ മുന്‍പ്‌
അടച്ചു വക്കണം...ഇല്ലേല്‍ ഉപ്പേരി തണുത്ത്‌ പോകും


18. അവസ്സാനത്തെ ട്രിപ്പില്‍ തീ കുറച്ചു വക്കണം

എല്ലാം ഞാന്‍ ഷോര്‍ട്ട്‌ ഹാന്‍ഡില്‍ കുറിച്ചെടുത്തു.


സഹായിക്കാം എന്ന്‌ പറയാന്‍ എനിക്ക്‌ തോന്നിയ സമയമേ!


നാട്ടില്‍ നിന്നും പ്ലാസ്റ്റിക്ക്‌ കൂടില്‍ വരുന്ന വാഴക്കാ ചിപ്പ്‌സ്‌ ചവ-ചാവാ
മിണുങ്ങുമ്പോള്‍ അതിന്‌ പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവരെയും അതിന്‌
വേണ്ടി കഷ്ട്‌പ്പെട്ടവരെയും അടുപ്പിന്‍ ചുവട്ടില്‍ നിന്ന്‌ ചൂടനുഭവിച്ചവരേയും
പാത്രത്തില്‍ പോറല്‍ ഏല്‍ക്കാതെ ഉപ്പേരി കോരി പാത്രങ്ങളില്‍ നിറച്ചവരെയും
നന്ദികെട്ട നാം ഓര്‍ക്കാറില്ല.


(മേല്‍പ്പറഞ്ഞത്‌ ശരിക്കും സംഭവകഥ ആണെന്ന്‌ തര്യപ്പെടുത്താന്‍ എണ്ണയില്‍
തിളയ്‌ക്കുന്ന വാഴക്കായുടെ പടം താഴെ ചേര്‍ക്കുന്നു)

പോൾ ചാക്കോ തീമ്പലങ്ങാട്ട്