പ്രളയ ചിന്തകൾ; കവിത, പെരുങ്കടവിള വിൻസൻറ്

പ്രളയ ചിന്തകൾ; കവിത, പെരുങ്കടവിള വിൻസൻറ്

 

 

ഞാൻ നോഹ

വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ച്
ദർശനം ലഭിച്ചവൻ

ദുർജീവിതം കൊണ്ട് ജീർണ്ണിച്ച മണ്ണിൽ
പദമൂന്നിനിന്ന്

മാനവനായ് നൗക പണിഞ്ഞവൻ

വഴികളിൽ, കുന്നിൻ ചെരിവുകളിൽ

മേടുകളിൽ, മരുഭൂമിയിൽ

മനുഷ്യവാസമുള്ളിടത്തൊക്കെയും

ഭ്രാന്തനായലഞ്ഞ് ദൂതറിയിച്ചവൻ

കളിയാക്കിച്ചിരിച്ചും, കല്ലെറിഞ്ഞും

അറിവില്ലാത്തൊരറിവാളികൾ

നാല്പത്  രാപകലുകൾ തോരാതെ പെയ്ത്

മഴ ഭൂമിയിൽ പ്രളയ നൃത്തമാടി

ചിരിച്ചവർ ജീവനായ് ആർത്തലച്ചു

കല്ലെറിഞ്ഞോർ തൻ കണ്ണീർ

പ്രളയത്തിലലിഞ്ഞു പോയ്

എങ്കിലും ഒടുവിൽ

ചുണ്ടത്തൊരു പച്ചിലക്കുരുന്നുമായ്

കിളി പറന്നു പോയ് പുതു 
കൂടൊന്നൊരുക്കുവാൻ

ഇന്ന്, ഞാൻ കവി

നോവിൻ്റെ പാട്ടു പാടുന്നൊരു
 ഭ്രാന്തൻപാണൻ

അറിയുന്നു ഞാൻ ,കേൾക്കില്ല നിങ്ങളെൻ 
വാക്കുകൾ

എങ്കിലും നോഹയെപ്പോൽ വെളിപാടിനാൽ
 ഞാൻ പറയുന്നു

വില്ക്കരുതീ പാൽ ചുരത്തും നദികളെ

കൊല്ലരുതീ തേൻ കിനിയും കാനനങ്ങൾ

വിഷം വിതറരുതീ കാട്ടുചോലകളിൽ,

വഴികളിൽ, നാട്ടു വയലുകളിൽ

തണ്ണീർത്തടങ്ങളിൽ മാനവഹൃദയങ്ങളിൽ 
അരികു ജീവിതങ്ങളിൽ

അരുതാത്തതിനിയും ചെയ്യുകിലീ നദിയും കാടും

നിങ്ങളെ തേടിയെത്തുമതോർക്കുവിൻ

 


2019 ൽ എഴുതിയ കവിത