യുവനടിയുടെ പീഡന പരാതി; പ്രമുഖ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Mar 31, 2026 - 17:19
 0  4
യുവനടിയുടെ പീഡന പരാതി; പ്രമുഖ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഇടുക്കി എസ് പി നൽകിയ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് രഞ്ജിത്തിന്റെ കാർ തടഞ്ഞാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും.

ചിത്രീകരണ ലൊക്കേഷനിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡിജിപിക്കും മുൻ എസ് ഐ ടി ക്കുമാണ് നടി പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പോലീസ് നടപടികളിലേക്ക് കടന്നതെന്നാണ് വിവരം.

നടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് രണ്ട് ദിവസം മുൻപാണ് മൊഴി എടുത്തത്. കേസെടുക്കുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളും അതീവ രഹസ്യമായാണ് പോലീസ് നീക്കിയത്. പരാതി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. സിനിമ ലൊക്കേഷനിലെ പീഡനശ്രമം എന്ന ഗൗരവകരമായ ആരോപണമാണ് സംവിധായകനെതിരെ ഉയർന്നിരിക്കുന്നത്