പുന്നയൂർക്കുളം പുരാവൃത്തം: ആസ്വാദനം, അബ്ദുൾ പുന്നയൂർക്കുളം

Oct 26, 2025 - 14:11
 0  8
പുന്നയൂർക്കുളം പുരാവൃത്തം: ആസ്വാദനം,  അബ്ദുൾ  പുന്നയൂർക്കുളം
 
ഷബീർ അണ്ടത്തോട് എഴുതിയ 'പുന്നയൂർക്കുളം പുരാവൃത്തം (ചരിത്രം - ദർശനം - ഓർമ്മ)' എന്ന കൃതി  അമേരിക്കയിൽ നിന്ന് വായിച്ചപ്പോൾ, വള്ളത്തോൾ 'കേരളമെന്നു കേട്ടാൽ തിളക്കണം ചോര ഞെരമ്പുകളിൽ' എന്ന് പറഞ്ഞതുപോലെ, പുന്നയൂർക്കുളംകാരനായ എൻ്റെ ഹൃത്തടവും അഭിമാനപൂരിതമായി; ഒപ്പം ഷബീറിനോട്  തോന്നിയ ആദരവും.
 
കവിയും എഴുത്തുകാരനുമായ ഷബീർ ഒന്നിനൊന്ന് മികച്ച 13 കൃതികൾ രചിച്ചിട്ടുണ്ട്: നൽക്കവലയോളം ഭൂമി, ഒഴുകാതൊരു പുഴ, പിന്നീടുള്ള ദിനങ്ങൾ, ചിലയിനം മൺകോലങ്ങൾ, ഇരുട്ടു തിന്നുന്ന ഭൂമി, പകലുങ്ങുറന്ന പക്ഷി, നൂലുകോർത്ത രാത്രി, ഹൃദയം തൊട്ട് എന്നീ എട്ട് കാവ്യസമാഹാരങ്ങൾ. ശുജായി മൊയ്‌തു മുസ്ലിയാരും അനന്തര തലമുറകളും (പഠനം), സഫലമാലയും ജ്ഞാനപ്പാനയും (താദാത്മ്യ പഠനം), പുന്നയൂർക്കുളം പുരാവൃത്തം (ചരിത്രം - ദർശനം - ഓർമ്മ), ഹാജിയുടെ കഥ, ചങ്ങമ്പുഴ കൃഷ്ണ പിള്ളയും വയലാർ രാമവർമ്മയും (സ്മൃതികൾ നിഴലുകൾ).

 
അതിൽ സഫലമാലയും ജ്ഞാനപ്പാനയും, ചങ്ങമ്പുഴ കൃഷ്ണ പിള്ളയും വയലാർ രാമവർമ്മയും ഹൃദ്യമായ വായനാ മികവു സമ്മാനിച്ചതുകൊണ്ട് അതിനു ആസ്വാദനങ്ങൾ എഴുതിയിട്ടുണ്ട്. പുന്നയൂർക്കുളത്തെ അപഗ്രഥിക്കുന്ന, പുന്നയൂർക്കുളം പുരാവൃത്തം എന്ന കൃതി എന്റെ നാടിനോട്, ഹൃദയത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്ന കൃതിയായാത് കൊണ്ടാണ് അതെന്നെ ആകർഷിച്ചത്.
 
ചരിത്രത്തിലും ഗവേഷണത്തിലും തല്പരനായ ഷബീർ, ജീവിതത്തെ ചരിത്രബോധത്തോടെയും സാംസ്ക്കാരിക നിർണ്ണയത്തോടെടെയും നോക്കിക്കാണുന്നു. ഒരു ദേശത്തെ സൂക്ഷ്മതയോടും കലാബോധത്തോടും അടയാളപ്പെടുത്തി, അത്‌ തലമുറകൾക്ക് പകർന്ന് കൊടുക്കാവുന്ന അറിവുകളുടെ ഒരു ശേഖരമാണ് ഈ ഗ്രൻഥം. ചരിത്രവും പുരാവൃത്തവും ദർശനവും സ്മൃതികളും കലർന്ന ഈ പുസ്തകം പുന്നയൂർക്കുളത്തിനു ഒരു അമൂല്യ മുതൽക്കൂട്ടാണ്.
 
ഡോ. മുഞ്ഞിനാട് പത്മകുമാറിന്റെ അവതാരികയിൽ അദ്ദേഹം പുന്നയൂർക്കുളത്തെപ്പറ്റി പഠിച്ചിട്ടും മനസ്സിലാക്കിയിട്ടും ഉണ്ടെന്ന് കാണുന്നു. പുന്നയൂർക്കുളത്തുകാർക്ക് സുപരിചിതനും, കൃതഹസ്തനുമായ പ്രസാദ് കാക്കശ്ശേരിയുടെ ലഘുനിരീക്ഷണം ഈ കൃതിക്ക് അനുഗ്രഹമാണ്.
 
പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനമായ വന്നേരിയിൽ പെട്ടിരുന്ന ഒരു പ്രദേശമായിരുന്നു പുന്നയൂർക്കുളം; കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ തലങ്ങളിൽ ഗണ്യമായ സ്ഥാനം വഹിക്കുന്ന സുന്ദരമായ  ഗ്രാമം.
 
ജാതിവ്യവസ്‌ഥ ഉച്ചൈസ്തരം ഘോഷിച്ചിരുന്ന, പഴയ മലബാറിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമം  ബ്രിട്ടീഷാധിപത്യത്തിന്റെയും ഫ്യൂഡൽ, ജന്മിവാഴ്ചയുടെയും സവർണ്ണമേധാവിത്വത്തിന്റെയും തിക്തത   അനുഭവിച്ചിരുന്ന നാട്. അന്ന് അവർണ്ണരായ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും പ്രയാസമായിരുന്നു!
 
സവർണ്ണമേധാവിത്വ കാലഘട്ടത്തിൽ ചായക്കടകൾ ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് കുടിനീർ പകരാൻ   ഭൂപ്രഭുക്കന്മാരുടെ വകയായി തണ്ണീർ പന്തലുകളേ ഉണ്ടായിരുന്നുള്ളു.
പുന്നയൂർക്കുളം പഞ്ചായത്തിൽ ആദ്യമായി 1892 ൽ പൂഴിക്കളയിൽ ഒരു ഹിന്ദു എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. പിന്നീട് അത് എലിയങ്ങാട്ട് രാജ ഏറ്റെടുത്തു രാമരാജ സ്‌കൂൾ എന്ന പേർ നൽകി. തുടർന്നു പുന്നയൂർക്കുളത്തു കടിക്കാട് സ്‌കൂൾ, കുപ്രവള്ളി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നു കൊണ്ടിരുന്നു. കാലക്രമത്തിൽ പുന്നയൂർക്കുളത്ത് അൻസാർ കോളേജ് വന്നു.
 
അര നൂറ്റാണ്ടു മുമ്പുവരെ പൂഴിക്കള എന്ന പ്രദേശം പ്രശസ്തിയോടെ നില നിന്നിരുന്നു. പിന്നീട് അവിടുത്തെ പല വ്യാപാരസ്ഥാപനങ്ങളും ആൽത്തറയിലേക്ക് മാറി. അര നൂറ്റാണ്ടു മുമ്പുവരെ പേരുകേട്ട ആറ്റുപുറം ചന്ത നിരവധി സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
 
1940 തുകളിലാണ് പുന്നയൂർക്കുളത്ത് റോഡും വാഹനവും വരുന്നത്. അതിനുമുമ്പ് പുന്നയൂർക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്തു കൂടെ ഒഴുകുന്ന കനോലിക്കനാലിലൂടെയായിരുന്നു വഞ്ചിയിൽ യാത്ര. കനോലിന്റെ അടുത്തു കൂടെ ടിപ്പു സുൽത്താൻ റോഡ് കടന്നുപോകുന്നു. ടിപ്പുവിന്റെ കുതിരക്കുളമ്പടി പതിഞ്ഞ വഴിയാണ് പിന്നീട് ടിപ്പു സുൽത്താൻ റോഡ് എന്ന പേരിൽ അണ്ടത്തോട് പ്രശസ്തമായത്. ഇതിനടുത്താണ് അറബിക്കടൽ.
 
വിദേശാധിപത്യത്തിനെതിരെ പോരാടാനും ശക്തിപകരാനുമായി 1931 ൽ രാഷ്ട്രപിതാവിന്റെ ധർമ്മപത്നി കസ്തുർബ പുന്നയൂർക്കുളം രാമരാജ യു.പി. സ്കൂളിൽ വന്നിട്ടുണ്ട്.1956 ൽ ഭൂദാനപ്രസ്ഥാനത്തിന്റെ ആചാര്യനനായ വിനോബാഭാവയും രാമരാജയിൽ വന്നിട്ടുണ്ട്. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവയ്ക്കുവേണ്ടി ശ്രീനാരായണഗുരു, കേളപ്പൻ, എ.കെ. ഗോപാലൻ എന്നീ രാഷ്ട്രപരിഷ്ക്കർത്താക്കൾ വിവിധ ഘട്ടങ്ങളിലായി പുന്നയൂർക്കുളത്ത് തമ്പടിച്ചിട്ടുണ്ട്.
 
രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തോടെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ ഒന്നിച്ചു കമ്മൂണിസ്റ്റു പാർട്ടിയിലേക്ക് മാറി. തുടർന്നു ഭൂമിക്കും സ്വാതന്ത്ര്യത്തിനും ഉച്ചനീചത്വങ്ങൾക്കെതിരെ സമരം ചെയ്തു. ക്രമേണ ഫ്യൂഡൽവ്യവസ്ഥിതിക്ക് അന്ത്യം കുറിച്ചു. ഭൂപരിഷ്കരണനിയമം ബഹുഭൂരിപക്ഷം വരുന്ന കർഷകകുടിയാന്മാരെ ഭൂസ്വത്തുക്കളുടെ ഉടമകളാക്കി. ആരോഗ്യ-സാമൂഹ്യ-വിദ്യാഭ്യാസ ചുറ്റുപാടുകളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായി.
 
നിരവധി സാഹിത്യകാരന്മാർക്കും സാംസ്‌കാരിക നായകന്മാർക്കും ജന്മം നൽകിയ നാടാണ് പുന്നയൂർക്കുളo. പുന്നയൂർക്കുളത്തെ മലയാള സാഹിത്യത്തറവാട്ടുകാരണവരും, വിക്ടർ ഹ്യൂഗോയുടെ ( Les Miserables) എന്ന വിശ്വവിഖ്യാത ഫ്രഞ്ച് നോവൽ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത മഹാകവി നാലപ്പാട്ട് നാരായണമേനോൻ, പ്രശസ്‌ത കവയിത്രി ബാലാമണിയമ്മ, കഥയും കവിതകളുമെഴുതി പുന്നയൂർക്കുളത്തിന്റെ ഖ്യാതി ലോകമെങ്ങുമെത്തിച്ച മാധവിക്കുട്ടി എന്ന കമലാദാസ്, ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവൻ നായർ, സുവർണ്ണ and അശോകൻ നാലപ്പാട്ട്, കവികളായ പുന്നയൂർക്കുളം വി. ബാപ്പു, പുന്നയൂർക്കുളം കുഞ്ഞു, പണ്ഡിതന്മാരായ ശുജായി മൊയ്‌തു മുസ്‌ലിയാർ, വെളിയത്ത് കുഞ്ഞഹമ്മദ്‌ മുസ്‌ലിയാർ, പോക്കു മുസ്‌ലിയാർ, എം.എൽ. എ. മാർ ആയ കെ. ജി. കരുണാകരമേനോൻ, എം.വി. ഹൈദ്രോസ് ഹാജി, പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി മാമു, എ.ഡി. ധനീപ്, ഇപ്പോഴത്തെ പ്രസിഡന്റ് ജാസ്മിൻ ഷഹീർ, അങ്ങനെ അതുല്യ പ്രതിഭകളേറെ.
 
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ, കമലാസുറയ്യയുടെ പേരിൽ ഒരു സ്മാരക സമുച്ചയം പുന്നയൂർക്കുളത്തിൻറെ അഭിമാനസ്തംഭമായി നിർമ്മിച്ചിട്ടുണ്ട്. അവിടെ പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കവിയരങ്ങും ആദരവും അനുസ്മരണവു൦ പുരസ്കാരസമർപ്പണവും പുസ്തകപ്രദർശനവും നടത്താറുണ്ട്. ഈ വർഷം സാഹിത്യ സമിതി, വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ പേരിൽ രണ്ടാം വാർഷിക പുരസ്കാരവും, ബാലാമണിയമ്മാ പ്രഥമ പുരസ്കാരവും നടത്തി. നാലപ്പാടന്റെ ജന്മദിനാഘോഷവും പുരസ്കാരസമർപ്പണവും വർഷം തോറും കുന്നത്തൂരിൽ നടത്തി, പുന്നയൂർക്കുളത്തിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും മഹിമയും  നിലനിർത്തുന്നു.
 
പുന്നയൂർക്കുളത്തിന്റെ ഹൃദയഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ശാന്തി നഴ്സിങ് ഹോം, സഹകരണ ബാങ്ക്, കുന്നത്തൂർ മന, പി.എം. പാലസ്, അണ്ടത്തോടുള്ള രജിസ്‌ട്രാർഴ്സ് ഓഫീസ് എന്നിവ നാടിനു ആശ്വാസമായും അലങ്കാരമായും സേവനം ചെയ്യുന്നു.
 
പുന്നയൂർക്കുളത്തിന്റെ സാംസ്‌കാരിക നിലവാരം മെച്ചപ്പെടുത്താനെന്നോണം ഉയർന്നു വരുന്ന സാമൂഹ്യ സംഘടനകളും ആരോഗ്യസേവനങ്ങളും പ്രശംസനീയമാണ്. അവ: പരൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ്', പരൂർ മഹല്ല് മീഡിയ, സ്മരണ ചാരിറ്റബിൾ ട്രസ്റ്റ്, യൂത്ത് വിംഗ് ചാരിറ്റബിൾ ട്രസ്റ്റ്, സ്മരണ ലൈബ്രറി, സിദ്ദിശ്രീ, കാസ്കോ, സപര്യ വായനശാല, കുന്നത്തൂർ and ആറ്റുപുറം റെസിഡൻസ് അസോസിയേഷൻസ്, വയോമിത്രം സീനിയർ ക്ലബ്  തുടങ്ങിയവ നാടിൻറെ നന്മയ്ക്കുവേണ്ടി   പ്രവർത്തിക്കുന്നു.
 
ഷബീറിന്റെ കാവ്യസുഗന്ധിയായ മഷിയിലൂടെ പുന്നയൂർക്കുളത്തിന്റെ വർണ്ണന രസികത്വം തുടിക്കുന്നതാണെങ്കിലും, കമലാസുറയ്യയേയും ധനീപിനേയും ശുജായിയേയും വിശദീകരിച്ചത് അല്പം വ്യക്തിപരമായോ എന്ന് തോന്നിപ്പോകുന്നു.
 
ഷബീർ പറയുന്നു പുന്നയൂർക്കുളമെന്ന ചരിത്രഭൂമിയിൽ നവരത്നങ്ങൾ ചിതറിക്കിടപ്പുണ്ട്. അവയൊക്കെ വായനക്കാർക്കു വേണ്ടി ശേഖരിക്കാൻ ശ്രമിച്ചിട്ടും ഉണ്ടെന്ന്.
 
ഷബീറിന്റെ പേനത്തുമ്പിലൂടെ ഇനിയും കാവ്യസുഗന്ധമുള്ള രചനകൾ സമൂഹത്തിനു സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കട്ടെ...
 
ഇതൊരു ആത്‌മ ബുക്ക്സ് പ്രസിദ്ധീകരണം.