സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് വൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി

സോഷ്യൽമീഡിയ ലോകത്ത് വാട്‌സ്ആപ്പിന് കടുത്ത മത്സരം സൃഷ്ടിച്ച് കുതിക്കുന്ന ആപ്പാണ് അരട്ടെ. നിരവധി പേരാണ് വാട്‌സ്ആപ്പിന് പകരം അരട്ടെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനി സോഹോ കോർപ്പറേഷനാണ് അരട്ടെയ്ക്ക് പിന്നിൽ. ഇപ്പോഴിതാ യുപിഐ രംഗത്തും പുത്തൻ വിപ്ലവം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് സോഹോ.
അധികം വൈകാതെ തന്നെ സോഹോ പേ ആപ്പ് കമ്പനി പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മെസേജിംഗ് ആപ്പായ അരെട്ടെയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സോഹോ. വാട്‌സ്ആപ്പിന് കനത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. അരട്ടെ ആപ്പിൽ നിന്ന് പുറത്തുകടക്കാതെ തന്നെ ഉപയോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും. ഓൺലൈനായി പണം അയക്കാനും സ്വീകരിക്കാനും തടസ്സമില്ലാതെ ഇടപാടുകൾ നടത്താനും സാധിക്കുന്ന തരത്തിലാണ് സോഹോ ആപ്പ് പുറത്തിറങ്ങുക.