കുവൈറ്റിൽ കുടിയേറ്റ നിയമം കർശനമാക്കുന്നു
കുവൈറ്റ് സിറ്റി; കുവൈറ്റിൽ ഈ വർഷം അവസാനത്തോടുകൂടി പ്രവാസികളുടെ എണ്ണം വീണ്ടും രണ്ട് ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ 1.6% കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് അമേരിക്കൻ സാമ്പത്തിക കൺസൾട്ടിംഗ് സ്ഥാപനം പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
സാധാരണയായി യുദ്ധം, കോവിഡ് 19 പോലുള്ള പകർച്ചവ്യാധികൾ എന്നിവ നിലനിന്നിരുന്ന സമയങ്ങളിലാണ് മറ്റ് രാജ്യങ്ങളിൽ പ്രവാസികളുടെ എണ്ണത്തിൽ ഇടിവ് അനുഭവപ്പെടാറുള്ളത്. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയിലാണ് കുവൈത്തിൽ പ്രവാസികളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് പ്രധാന കാരണം രാജ്യത്തെ കുടിയേറ്റ നിയമം ശക്തമാക്കിയതാണ്. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നത് രാജ്യത്തെ പ്രധാന ജനകീയ ആവശ്യങ്ങളിൽ ഒന്നാണ്. അതിനാൽ ഈ ആവശ്യത്തിന് കരുത്തു പകരുന്നടപടികളാണ് പുതിയ ഗവൺമെന്റ് സ്വീകരിച്ചു വരുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കുവൈത്തിലെ മൊത്തം ജനസംഖ്യയിൽ 0.65 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്