ചങ്ങാതിക്കാട്: രചന, പ്രശാന്ത് പഴയിടം

Oct 20, 2025 - 20:22
 0  29
ചങ്ങാതിക്കാട്:  രചന,  പ്രശാന്ത് പഴയിടം

പണ്ട്, ചങ്ങാതിക്കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ മൃഗങ്ങളും പക്ഷികളും വളരെ സന്തോഷത്തോടെ ജീവിച്ചു. അവിടെ വീരു എന്നൊരു സിംഹവും സോമു എന്നൊരു ആനയും ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.  വേട്ടക്കാരും മറ്റുകാട്ടിലെ മൃഗങ്ങളും ചങ്ങാതിക്കാട്ടില്‍ ഉപദ്രവം നടത്താന്‍ വന്നാല്‍, നേരിടുന്നത് ഇരുവരും ആയിരുന്നു. മറ്റുമൃഗങ്ങൾക്കും ഇവരെ ഏറെ ഇഷ്ടമായിരുന്നു.  

ഒരു ദിവസം സോമു അമ്മയോടും അച്ഛനോടും ഒപ്പം പുഴയില്‍ നീന്തുകയായിരുന്നുവു. അമ്മയാന സോമുവിനോട് തിരികെ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോമു കേട്ടില്ല. നീന്തുന്നതിനിടെ സോമു അപകടത്തില്‍പ്പെട്ടു. പുഴയുടെ ഒഴുക്ക് അവനെ അകലെക്ക് കൊണ്ടുപോയി.  അമ്മയും അച്ഛനും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവര്‍ പുഴക്കരയിലേക്കു ഓടിയെത്തിയെങ്കിലും സോമുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഏറെ തളര്‍ന്നു, വിഷാദത്തോടെ പിന്മാറി.  ഈ വാര്‍ത്ത അറിഞ്ഞ വീരു സിംഹം പുഴക്കരയിലേക്കു പാഞ്ഞെത്തി. പക്ഷേ സോമുവിന്റെ അമ്മയെയും അച്ഛനെയും അവിടെ കാണാനായില്ല. പിന്നീടൊരിക്കലും അവരെ വീരു കണ്ടിട്ടില്ല.  തന്റെ പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട വീരു മാസങ്ങളോളം ഗുഹയില്‍ ഒറ്റയ്ക്കായിരുന്നു. ആരെങ്കിലും അടുത്ത് വന്നാല്‍ സോമു ആനയാണെന്ന് കരുതി ഓടി വരും; അല്ലെങ്കില്‍ അവരോട് ദേഷ്യം കാണിക്കും. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി. വീരു പ്രായമാകുകയും ഗുഹയ്ക്കുള്ളില്‍ തന്നെയായി തുടരുകയും ചെയ്തു.

 വേനല്‍ക്കാലത്ത് ഒരു ദിവസം പുഴയില്‍ വെള്ളം കുറഞ്ഞപ്പോൾ, ഒരു ചെറു ആനക്കുട്ടി പുഴ കടന്ന് ചങ്ങാതിക്കാട്ടിലെത്തി. സമീപകാട്ടുകളിലെ മൃഗങ്ങള്‍ ചങ്ങാതിക്കാട്ടിലേക്കു വരാറില്ലായിരുന്നു, കാരണം അവിടെ മറ്റുകാട്ടിലെ മൃഗങ്ങള്‍ക്ക് വന്നു ഭക്ഷണം തേടാന്‍ അനുമതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ ആനക്കുട്ടിയെ മൃഗങ്ങള്‍ തടഞ്ഞു.  ആനക്കുട്ടി വിനീതമായി പറഞ്ഞു: “ഞാന്‍ പിങ്കുകുട്ടന്‍. ഇവിടത്തെ വീരു സിംഹത്തെ കാണാനാണ് വന്നത്.”  അത് കേട്ട് മൃഗങ്ങള്‍ അത്ഭുതപ്പെട്ടു. “വീരുവിനെ കാണാനോ? അതും ഒരു ആനക്കുട്ടി!” വലിയ ഒരു ആന ചോദിച്ചു: “നിനക്ക് എങ്ങനെ വീരുവിനെ അറിയാം?”  അപ്പോള്‍ ആനക്കുട്ടി മറുപടി നല്‍കി: “എന്റെ മുത്തച്ഛന്‍ സോമുവിന്റെ കൂട്ടുകാരനായിരുന്നു — വീരു സിംഹം.”  അത് കേട്ട് മൃഗങ്ങള്‍ക്ക് ഏറെ ഏറെ ആശ്ചര്യമായി. “സോമുവിന്റെ കൊച്ചുമകനോ!” മരത്തിന്റെ മുകളിലിരുന്ന കുഞ്ഞിക്കാക്ക ഈ വിവരം വീരുവിനരികെ പറന്നു അറിയിച്ചു.  

വിവരം അറിഞ്ഞ വീരു സിംഹം പുഴക്കരയിലേക്കു പാഞ്ഞെത്തി. വീരു പിങ്കുവിനോട് ചോദിച്ചു: “പിങ്കുകുട്ടി, സോമു പുഴയില്‍ അപകടത്തില്‍പ്പെട്ടതല്ലേ? പിന്നെ എങ്ങനെ?”  പിങ്കു കണ്ണുനീരോടെ പറഞ്ഞു: “അതെ, ശരിയാണ്. അപകടത്തില്‍പ്പെട്ടു ഒഴുകി മയിലാടും കാട്ടിലെത്തി. അവിടെ വര്‍ഷങ്ങളോളം ജീവിച്ചു. കാലില്‍ വലിയ പരിക്ക് പറ്റിയതിനാല്‍ നടക്കാന്‍ കഴിഞ്ഞില്ല. ഇപ്പോൾ മുത്തഛൻ ജീവിച്ചിരിപ്പില്ല.   അത് കേട്ട് വീരു വാക്കില്ലാതെയായി. പിങ്കുവിനോടൊപ്പം കാട്ടിന്റെ ഉള്ളിലേക്ക് നടന്നു പോയി. പിന്നെ മറ്റുമൃഗങ്ങളോട് ഉറക്കെ പറഞ്ഞു: “കൂട്ടുകാരേ, കണ്ടില്ലേ? നമ്മുടെ സോമുവിന്റെ കൊച്ചുമകന്‍ വന്നിരിക്കുന്നു! അവന്റെ വരവ് നമുക്ക് ആഹ്ലാദമായിരിക്കട്ടെ.”  അതുകേട്ട് മറ്റുമൃഗങ്ങള്‍ തുള്ളിച്ചാടി. അവര്‍ പഴങ്ങളും തേനും കൊണ്ടുവന്ന് പിങ്കുവിനെ വരവേറ്റു. കാട്ടിലൊട്ടാകെ ആഹ്ലാദം നിറഞ്ഞു.

കുയിലിന്റെ പാട്ടും കുരങ്ങിന്റെ നൃത്തവും കാട്ടിലങ്ങും ഉത്സവം. അങ്ങനെ ഏറെനേരം ആയി.  അപ്പോഴാണ് കുഞ്ഞിക്കാക്ക പറന്നു വന്നു പറഞ്ഞു: “പുഴക്കരയിലേക്കു ചില മൃഗങ്ങള്‍ കൂടി എത്തിയിട്ടുണ്ട്. അവര്‍ പിങ്കുവിനെ എവിടെയോ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നു കരുതി ഉറക്കെ വിളിക്കുന്നു.”  അത് കേട്ട് വീരു :”അവരോട് പറയു, പിങ്കു സുരക്ഷിതനാണ് ഉടന്‍ തന്നെ തിരികെ വിടും.”  വീരു സിംഹം പിങ്കുവിനോട് പറഞ്ഞു: “ഇനി ഈ കാട് നിന്നുടേതും കൂടിയാണ്” നീയും നിന്റെ കൂട്ടുകാരും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് സന്തോഷത്തോടെ ജീവിക്കാം.”  അങ്ങനെ ഇരുകാടുകളിലുമുള്ള മൃഗങ്ങളും പക്ഷികളും സൗഹൃദത്തിലായി അവർ സന്തോഷത്തോടെ ജീവിച്ചു.