പുറത്തുവരുന്നത് ക്രൂരതയുടെ കഥകൾ ; മുഖം നഷ്ടപ്പെട്ട് പോലീസ്

സംസ്ഥാനത്തെ പൊലീസിന്റെ ഗുണ്ടായിസത്തെപ്പറ്റി നിരവധി പരാതികള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. എല്ലാ പൊലീസുകാരും കുഴപ്പക്കാരല്ല, ഭൂരിപക്ഷവും മര്യാദക്കാരാണ് എന്നൊക്കെ പൊതുവെ പറയാമെങ്കിലും ഒരു കൂട്ടം ഗുണ്ടാപോലീസുകാരുടെ കടുത്ത ക്രൂരതകൾ മൂലം മുഖം നഷ്ടപ്പെട്ട നിലയിലാണിന്ന് പോലീസ് സേന. ഇത് കേരളത്തിലെ മാത്രം കാര്യവുമല്ല. പോലീസ് ക്രൂരത ഇന്ന് രാജ്യം നേരിടുന്ന പ്രധാന മനുഷ്യാവകാശ പ്രശ്‌നങ്ങളിലൊന്നായിരിക്കുന്നു എന്നതാണ് യാഥാർഥ്യം .
നിയമപാലനത്തിന് ചുമതലപ്പെട്ടവർ തന്നെ നിയമം ലംഘിക്കുന്നത് വിരോധാഭാസമാണ്. 2010 -2015 കാലത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് കുറഞ്ഞത് 591 പേരാണ് . ഈ കേസുകളിൽ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വളരെ അപൂർവമായിട്ടേ സംഭവിച്ചിട്ടുള്ളൂ.
കാക്കിയിട്ടവർക്ക് ആരെയും മർദിക്കാം, ആരും ചോദിക്കാനില്ല എന്നൊരു ഭാവം കുറച്ചു പൊലീസുകാർക്കെങ്കിലുമുണ്ട്. ഇത്തരക്കാരെ സേനയിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ പൊലീസിന് മുഖം രക്ഷിക്കാനാവൂ. ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ നിയന്ത്രിക്കാനാവാതെ വരുന്നതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് പലപ്പോഴും നിസഹായരായ സാധാരണ ജനങ്ങളാണ്.
കേരള പൊലീസിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ നിരവധി പൊലീസുകാരുമുണ്ട് എന്നത് പ്രത്യേകം പറയേണ്ടതുണ്ട് . അവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെയാണ് . പൊലീസിന്‍റെ പേരു ചീത്തയാക്കുന്നത് ഏതാനും വ്യക്തികൾ മാത്രമാണ്.
തൃശൂർ കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും ക്രൂരമർദ്ദനവാർത്തകൾ പുറത്തുവന്നത് കേരള പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ് .
അക്രമികളായ പൊലീസുകാർക്കെതിരായ നടപടികൾ പലപ്പോഴും പേരിനു മാത്രമാകുന്നതാണ് പൊലീസിനെ വീണ്ടും ഇത്തരം ക്രൂര മര്ദനങ്ങൾ നടത്തുന്നതിലേക്ക് നയിക്കുന്നത് . പൊലീസിനുള്ളിലെ കുറ്റക്കാരെ സംരക്ഷിക്കാൻ പൊലീസിൽ തന്നെ ആളുകളുണ്ടാവുന്നു. സ്ഥലം മാറ്റവും സസ്പെൻഷനും കൊണ്ടൊന്നും ഇത്തരക്കാരെ നിയന്ത്രിക്കാനാവില്ല.എന്തു ചെയ്താലും പോലീസ് സംഘടനയുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയുണ്ടെങ്കിൽ പേടിക്കാനില്ലെന്ന നിലയാണ്.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങൾ കടുത്ത പ്രതിഷേധത്തത്തിനിടയാക്കിയിരിക്കുന്നു. രണ്ടര വർഷം മുൻപാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ സുജിത്തിനെ മര്‍ദനത്തിന് ഇരയാക്കിയത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോടു വിവരങ്ങൾ അന്വേഷിച്ചതിനാണ് സുജിത്തിനെ പിടിച്ചുകൊണ്ടുപോയി മർദിച്ചതത്രേ. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, പൊലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി എന്നൊക്കെ പറഞ്ഞ് വ്യാജ എഫ്ഐആറും തയാറാക്കി. വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്നാണ് തെളിഞ്ഞത് .
നിയമപോരാട്ടത്തിലൂടെ പൊലീസ് മർദനത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നതോടെയാണ് സുജിത്തിനെതിരെ നടന്ന ക്രൂരമർദനത്തെക്കുറിച്ച് ജനങ്ങൾ അറിയുന്നത്. മർദനത്തെത്തുടർന്ന് സുജിത്തിന്‍റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു.
സംഭവത്തിൽ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട് . എന്നാൽ, അക്രമികളെ സർവീസിൽ നിന്നു പുറത്താക്കി നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.
കുന്നംകുളത്തെ സംഭവത്തിനു പിന്നാലെ 2023ൽ പീച്ചി പോലീസ് സ്റ്റേഷനിൽ എസ്ഐ പി.എം. രതീഷ് ഹോട്ടൽ ജീവനക്കാരുടെ കരണത്തടിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്തായാലും നിരപരാധികളും നിസഹായരുമായ മനുഷ്യരെ വളഞ്ഞിട്ട് തല്ലുന്നതല്ല ആണത്തം എന്ന് ഇത്തരക്കാരായ പോലീസുകാർ മനസിലാക്കിയാൽ നന്ന്.