കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി;തൊഴിലാളിക്ക് ദാരുണാന്ത്യം
കാസർകോട്: കുമ്പള അനന്തപുരത്തെ ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ നജീറുൽ അലി ആണ് (20) മരിച്ചത്. അപകടത്തിൽ ആകെ ഒൻപത് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഗുരുതരമായി പരിക്കേറ്റ ആറുപേരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേർ കുമ്പളയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ നിലയില്‍ കുമ്പള ആശുപത്രിയിലേക്ക് കൊണ്ടുവന്ന നജീറുൽ അലിയുടെ മരണം ഉടൻ തന്നെ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്ന് മണിക്കൂറുകൾ ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തിണാ രക്ഷാപ്രവർത്തനം നടത്തിയത്. ഫാക്ടറിക്കുള്ളിൽ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി വിശദമായ പരിശോധന തുടരുന്നു