കലാമണ്ഡലം കൃഷ്ണ‌ന്‍ കുട്ടി പൊതുവാള്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തെട്ടു വർഷം: രാജൻ പൊതുവാൾ

കലാമണ്ഡലം കൃഷ്ണ‌ന്‍ കുട്ടി പൊതുവാള്‍ അരങ്ങൊഴിഞ്ഞിട്ട്    ഇരുപത്തെട്ടു  വർഷം: രാജൻ പൊതുവാൾ

കളിയരങ്ങി ല്‍ ചെണ്ടക്കോല്  കൊണ്ട് മേളപ്പദങള്‍ രചിച്ച
കലാമണ്ഡലം കൃഷ്‌ണൻ  കുട്ടി പൊതുവാള്‍ 1924 മേയ് ‌ 28 ന് 
തേലകാട്ട്‌ മാധവന്‍ നമ്പൂതിരിയുടെയും  വെള്ളി്‌നേഴി കാവില്‍
പൊതുവാട്ടില്‍ പാപ്പി എന്നപാര്‍വതി പൊതുവാള്‍സ്യാരുടെയും 
മകനായി  ജനിച്ചു. കൃഷ്‌ണൻ  കുട്ടിയുടെ  ആദ്യ  ഗുരു അമ്മാവനായ 
കാവില്‍ പൊതുവാട്ടിൽ ഗോവിന്ദ പൊതുവാള്‍ തന്നെയായിരുന്നു.

തായമ്പക,കേളി , കൊട്ടി പാടി സേവ , പൂജ കൊട്ട്‌, മറ്റു ക്ഷേത്ര 
അടിയന്തരങള്‍ തുടങ്ങി എല്ലാ ചടങുകളും ചിട്ടകളും അമ്മാവന്‍
തന്നെ ആയിരുന്നു പഠിപ്പിച്ചത്‌.

'കഥകളിയില്‍ ഉള്ളതെല്ലാം പൊതുവാളിലുണ്ട്‌. പൊതുവാളില്‍ ഇല്ലാത്തതൊന്നും കഥകളിയില്‍ ഇല്ല. കഥകളിരംഗം കണ്ട അപൂര്‍വ്വജ്യോതിസ്സിനെ വിശേഷിപ്പിക്കുവാന്‍ മേല്‍പ്പറഞ്ഞ രണ്ട്‌ വാചകങ്ങളാണ്‌ ഉത്തമം.


പൊതുവാള്‍ അരങ്ങിന്റെ വലത്തേതലയ്‌ക്കല്‍ പിന്‍ഭാഗത്ത്‌ - ഏകാഗ്രത കെടുത്തുന്ന അന്യചിന്തകളില്‍ നിന്നും മോചനം ഇച്ഛിക്കുന്നു എന്ന്‌ തോന്നിക്കുമാറ്‌ കണ്ണുകള്‍ അടച്ച്‌ - നിലയുറപ്പിച്ചാല്‍, ഔജ്ജ്വല്യവും ചൈതന്യവും ഇഴുകിച്ചേര്‍ന്ന, അതേസമയം ഊക്കോടെ പ്രവഹിക്കുന്ന, ചെണ്ടമേളം നടന്റെ മേനിയിലേയ്‌ക്ക്‌ ആവേശവും, ഊര്‍ജ്ജവും പകരുന്ന കാഴ്‌ച വിവരണാതീതമാണ്‌!

മൂത്തമന കേശവന്‍ നമ്പൂതിരിയുടെ വസന്തകാലം അവസാനിക്കാറായ ഘട്ടത്തില്‍ ഒരു വാഗ്‌ദാനമായി ഉയര്‍ന്നുവന്ന പൊതുവാളിന്‌ സ്വന്തം അമ്മാവനായ ഗോവിന്ദ പൊതുവാളില്‍ നിന്നാണ്‌ പ്രാഥമീക ശിക്ഷണം ലഭിച്ചത്‌. മൂത്തമനയുടെ സമ്പ്രദായമാണ്‌ പൊതുവാളും പിന്തുടര്‍ന്നതെന്നാണ്‌ പണ്ഡിതമതം. ഈ അനുഗ്രഹീത കലാകാരന്‍ കലാമണ്ഡലം കളരിയില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ വാസനകള്‍ക്ക്‌ പുഷ്ടി കൈവന്നു.

കഥകളിയുടെ സമ്പ്രദായശുദ്ധി പരിപാലിക്കുന്നതില്‍ അതീവശ്രദ്ധാലുക്കളായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍, വെങ്കിച്ചന്‍ സ്വാമി എന്നീ പ്രതിഭാധനന്മാരായ ആചാര്യന്മാരുടെ സാങ്കേതീക ജ്ഞാനവും, പ്രയോഗശേഷിയും സശ്രദ്ധം സ്വായത്തമാക്കാന്‍ പൊതുവാളിന്‌ കഴിഞ്ഞത്‌ കൊണ്ടാണ്‌ അദ്ദേഹത്തിനു പില്‍ക്കാലത്ത്‌ തന്റെ പ്രവര്‍ത്തിമണ്ഡലത്തില്‍ എതിരാളികള്‍ ഇല്ലാത്ത സമ്രാട്ട്‌ ആയി വാഴുവാന്‍ സാധിച്ചത്‌.

പൊതുവാളിനെപ്പോലെ കഥകളിലോകത്ത്‌ ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരന്മാര്‍ അപൂര്‍വമാണ്‌. കഥാപ്രകൃതവും, കഥാപാത്രപ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ -ശ്രദ്ധയോടെ മനസ്സിരുത്തി അവയോട്‌ ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌ അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു.

സമകാലീനായ മറ്റൊരു പ്രമാണി കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ മദ്ദളവും കൃഷ്‌ണന്‍കുട്ടി പൊതുവാളിന്റെ ചെണ്ടയും ചെര്‍ന്നോരുക്കിയിരുന്ന മേളപ്പദത്തിന്റെ ആശ്ചര്യകരമായ ഗാംഭീര്യം ഒരു കാലത്ത്‌ കഥകളി ആരാധകരെ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിലേയ്‌ക്ക്‌ ഉയര്‍ത്തി രസാനുഭൂതിയുടെ സാഗരത്തില്‍ ആറാടിക്കുമായിരുന്നു! എടുത്തുപറയേണ്ട മറ്റൊന്ന്‌ `കുട്ടിത്രയത്തെ' കുറിച്ചാണ്‌.

താളത്തിന്റെ കിരാതമൂര്‍ത്തിയായ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ വേഷവും (പ്രധാനമായി കത്തി വേഷങ്ങള്‍), പൊതുവാള്‍മാരുടെ താളമേളവും ഇഴചേര്‍ന്ന ഗാംഭീര്യദ്യോതകമായ കൂട്ടുകെട്ട്‌ അറിയപ്പെട്ടിരുന്നത്‌ `കുട്ടിത്രയം' എന്നായിരുന്നു. ആ ത്രിമൂര്‍ത്തികളുടെ സമ്മേളനരംഗങ്ങളുടെ മാസ്‌മരീകത വാക്കുകളില്‍ ഒതുക്കുവാന്‍ അസാധ്യമാണ്‌.

ചെണ്ടയിലെ അതുല്യമായ പ്രാവിണ്യം പൊതുവാള്‍ ഔന്നത്യത്തിന്റെ കേവലം ഒരു തലം മാത്രമാണ്‌! അദ്ദേഹം സംഗീതജ്ഞന്‍ ആയിരുന്നു. മദ്ദളം വായിക്കുമായിരുന്നു. നിരവധി തവണ വേഷം കെട്ടി ആടിയിട്ടുണ്ട്‌. ആട്ടകഥകള്‍ രചിച്ചിട്ടുണ്ട്‌.

അസൂയാവാഹമായ കലാചാതുരിയോടെ ആട്ടകഥകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. കഥകളി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി, തത്വദീക്ഷയോടെ, പല സമ്പ്രദായങ്ങളും, അനുക്രമങ്ങളും നവീകരിച്ചിട്ടുണ്ട്‌. അദ്ദേഹം എന്തൊക്കെ സംഭാവനകളാണ്‌ കഥകളിയ്‌ക്ക്‌ നല്‍കിയതെന്ന്‌ അനുസ്‌മരിക്കുന്നതിലും എളുപ്പം എന്ത്‌ നല്‍കിയില്ല എന്ന്‌ പരിശോധിക്കുന്നതായിരിക്കും.