അജിത്തിനൊപ്പം പാലക്കാട് ക്ഷേത്ര ദർശനത്തിനെത്തി ശാലിനി
മലയാളികൾക്ക് ഇന്നും ഏറെ പ്രിയങ്കരിയാണ് നടി ശാലിനി. അജിത്തുമായുള്ള വിവാഹത്തോടെ ശാലിനിയുടെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരായി. അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഇന്ന് ഏറെ പരിചിതരാണ്. വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്.
അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ, അജിത്തിനും മകനുമൊപ്പം പാലക്കാട് ക്ഷേത്ര ദർശനത്തിനെത്തിയ ശാലിനിയുടെ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്.
ശാലിനി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ക്ഷേത്ര സന്നിധിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റു ചെയ്തത്. പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിലാണ് ശാലിനിയും അജിത്തും ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്.