തമിഴ്നാട്ടിലെ കരൂരിൽ രാജ്യത്തെയാകെ നടുക്കി കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തിൽ 41 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അതിദാരുണമായ അപകടം ഞെട്ടിക്കുന്നതായി. അമ്പതോളം പേർ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ആരാധകരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റമായിരുന്നു സമാന ദുരന്തങ്ങളിൽ സംഭവിച്ചത് പോലെ ഇവിടെയും ദുരന്ത കാരണമായത് .
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യത്തോടെ വിജയ് നടത്തുന്ന റാലിയാണ് ദുരന്തത്തിൽ കലാശിച്ചത്. മരിച്ചവരിൽ ഏറെ പേരും സ്ത്രീകളും കുട്ടികളുമാണ്. രാവിലെ മുതൽ ജനക്കൂട്ടം താരത്തെ കാത്തുനിൽക്കുകയായിരുന്നു. പതിനായിരം പേരെ പ്രതീക്ഷിച്ചിടത്ത് ഒന്നരലക്ഷത്തിലേറെ പേരാണ് വന്നുചേർന്നതെന്നാണ് കണക്ക് . സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്- ദുരന്തത്തിൽ പെട്ടവരിലേറെയും . പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാൻ കാലതാമസം നേരിട്ടത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു.
വിജയ് യുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായൊരുക്കിയ റാലിയാണ് ദുരന്തമായത് .മുൻകൂട്ടി അറിയിച്ചതിലും മണിക്കൂറുകൾ വൈകിയാണു വിജയ് സ്ഥലത്ത് എത്തിയത്. രാവിലെ മുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. വിജയ് പ്രസംഗം തുടങ്ങിയതേ ആളുകൾ ബോധംകെട്ട് വീഴാൻ തുടങ്ങി. ആളുകൾ കുഴഞ്ഞുവീഴുന്നുവെന്നു കണ്ടതോടെ വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തതും ആളുകൾ തിക്കിത്തിരക്കുന്നതിന് കാരണമായതായി പറയപ്പെടുന്നു. കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി വിജയ് മൈക്കിലൂടെ പൊലീസിന്‍റെ സഹായം തേടുകയുണ്ടായി. അപകടത്തിൽപ്പെട്ടവർക്കു വെള്ളം നൽകാനും പരസ്പരം സഹായിക്കാനും അദ്ദേഹം അഭ്യർഥിച്ചു. പക്ഷേ, ആർക്കും ഒന്നും ചെയ്യാനാവുന്ന അവസ്ഥയായിരുന്നില്ല. പെട്ടെന്നുതന്നെ ഒരു മഹാദുരന്തമായി അത് മാറി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം മുൻമന്ത്രി സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാറും വിജയ് യും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് അരുണ ജഗദീഷ് അധ്യക്ഷയായുള്ള ജുഡീഷ്യൽ കമീഷൻ ദുരന്തത്തെപ്പറ്റി അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
പതിനായിരം പേർ എത്തുമെന്ന് പറഞ്ഞിടത്ത് ദുരന്തമുണ്ടായപ്പോൾ ഒന്നര ലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പരമാവധി 15,000 പേര്‍ക്ക് ഒത്തുചേരാനുള്ള സൗകര്യമേ ഉള്ളൂ എന്നാണ് സുരക്ഷാ പരിശോധനയില്‍ വ്യക്തമായത്.
മുൻപും ഇതേപോലെയുള്ള ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്, ബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെ 11 പേർ തിക്കിലും തിരക്കിലും മരിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. ഉത്തർപ്രദേശിൽ കുംഭമേളക്കിടെ 31 പേർ മരിച്ചത് ഇക്കൊല്ലം ജനുവരിയിലാണ് . സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആരെയാണ് കുറ്റം പറയുക.
റാലികളും ആഘോഷങ്ങളും നടക്കുമ്പോൾ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവർ ഇനിയെങ്കിലും തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങളും സ്വന്തം സുരക്ഷയിലും മറ്റുള്ളവരുടെ സുരക്ഷയിലും കരുതലുള്ളവരായി ഉത്തരവാദിത്വത്തോടെ പെരുമാറാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. എങ്കിലേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കൂ.