വണ്ടികൾ മുന്നോട്ടു തന്നെ ഓടിക്കൊണ്ടിരുന്നു.ഇടതൂർന്ന വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന മലഞ്ചരിവിലൂടെയും പിന്നീട് തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും യാത്ര തുടർന്ന് ഒരു തിരിവിൽ എത്തി. അതു ഞങ്ങൾ തലേന്നു കണ്ട കൈകാട്ടി വളവായിരുന്നു, ഇടത്തേക്കു പോകുന്ന വഴി വീണ്ടും ഞങ്ങളെ റിസോർട്ടിലെത്തിക്കും. ഇനി ഞങ്ങൾക്കതു വേണ്ടല്ലോ. വലത്തേക്കു തിരിഞ്ഞു പോത്തുണ്ടി ഡാമിനു മുന്നിലൂടെ പോകുന്ന വഴിയിലൂടെ തന്നെ ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഡാമും കഴിഞ്ഞു. സമയം രണ്ടു മണി . ഉച്ച ഭക്ഷണം കഴിഞ്ഞ് നെൻമാറയിലെ വീട്ടിലെത്തി വലിയ വണ്ടി അവിടിട്ടു മറ്റെ വണ്ടി എടുത്തു വേണം തിരികെ പോകാൻ. ഉച്ചഭക്ഷണത്തിനായി തലേന്നു കയറിയ വെജിറ്റേറിയൻ ഹോട്ടലിൻ്റെ മുറ്റത്തേക്ക് തന്നെ വണ്ടികൾ കടന്നപ്പോൾ കുട്ടികൾക്ക് അല്പം വൈക്ലബ്യം.
കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും. എങ്കിലും എല്ലാവർക്കും ഒപ്പം നിൽക്കുന്നതല്ലേ ഭംഗി എന്നു കരുതി ഞങ്ങൾ കാറിൽ നിന്നിറങ്ങി.
കുട്ടികളെയും കൊണ്ട് ആ വണ്ടി ഗേറ്റു കടന്ന് പുറത്തേക്കു പോകുന്നതു കണ്ടു. പോയ പോലെ തന്നെ മടങ്ങി വരികയും ചെയ്തു. അവർ പ്രതീക്ഷിച്ച നോൺവെജ് ഭക്ഷണം ഒരിടത്തും ഇല്ല. ചിലടത്ത് ഉണ്ടായിരുന്നതു തീരുകയും ചെയ്തത്രെ. പിന്നെ ശരണം ആ ശരവണഭവൻ തന്നെ. എല്ലാവരും അവിടേക്കു തന്നെ കയറി. മുഖത്തെ മ്ലാനത മറച്ച് എല്ലാവരും ഊണ് ഓർഡർ ചെയ്തു. കുട്ടികളും അവരുടെ താൽപര്യമനുസരിച്ച് വെജ് എങ്കിൽ വെജ് എന്തെങ്കിലും കഴിക്കാതെ തരമില്ലല്ലൊ. വീണ്ടും നെന്മാറ വീട്ടുമുറ്റത്തേക്ക്.
പ്രായമായ രണ്ടു പേരും ഒരുച്ച മയക്കത്തിനായി ഓരോ മുറികളിലേക്കു കയറി. തലേന്ന് വീടും പരിസരവും പുരയിടവും കാണാത്ത ഞങ്ങൾ രണ്ടു മുന്നു പേർ അതു കാണാനിറങ്ങി .ഗേറ്റു കടന്ന് കുറച്ചുള്ളിലേക്ക് മാറിയാണ് വീട്. അതിർ വേലി കെട്ടി തിരിച്ചിട്ടുണ്ട്. അപ്പുറം ഒരു ഓട്ടോ കടന്നുപോകുമൊ എന്ന സംശയിക്കുന്ന നടപ്പാത. അതിനപ്പുറം അല്പം നീളത്തിൽ പഴയ ഒരു കെട്ടിടം ചെടിയും പായലും കയറിക്കിടക്കുന്നു. അത് പഴയ ഒരു പട്ടുനൂൽ സംസ്കരണ കേന്ദ്രമായിരുന്നത്രെ.മൽബറി ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഇഷ്ടഭക്ഷണം. ഈ ചെടികളിൽ പട്ടുനൂൽ പുഴുക്കളെ വളർത്തി അത് പ്യൂപ്പ പരുവമാകു മ്പോൾ അവയെ തിളച്ച വെള്ളത്തിൽ ഇട്ട് അതിനുള്ളിലെ പുഴുവിനെ നശിപ്പിച്ച് ചുറ്റും ചുറ്റിയിരിക്കുന്ന നൂല് സംസ്കരിച്ചാണ് പട്ടുനൂൽ എടുക്കുന്നതെന്ന് കേട്ടിട്ടുണ്ട്. വിലയേറിയ പട്ടുസാരി ചുറ്റി നടക്കുന്ന നമ്മൾ ആരെങ്കിലും അറിയുന്നുണ്ടൊ അതിൻ്റെ പിന്നിൽ എത്ര ജീവികളുടെ വിലയുണ്ടെന്ന്. അതു പോട്ടെ. ഒന്നു നശിക്കാതെ ഒന്നിനു വളമാകില്ലല്ലൊ. അത് മറ്റൊരു വശം.
മുറ്റത്തരികിൽ സീനിയയും ജമന്തിയും പേരറിയാത്ത മറ്റു ചെടികളും നല്ല പൂക്കൾ വിരിയിച്ചു നിൽക്കുന്നു. ഞങ്ങൾ അതിൽ നിന്ന് ഉണങ്ങി നിന്ന പൂവുകൾ അടർത്തിയെടുത്തു.(വിത്തുകൾ മുളച്ച് അവിടവിടെയായി ചട്ടിയിലും നിലത്തുമായി പൂവുകൾ വിരിയിച്ചു നിൽപ്പുണ്ടിപ്പോൾ ഞങ്ങളുടെ മുറ്റത്തും.)
ഞങ്ങൾ ആ വശത്തു കൂടിയാണ് പുരയിടത്തിലേക്ക് ഇറങ്ങിയത്. നിലത്തെല്ലാം അവിടവിടെയായി മയിൽ പീലികൾ കൊഴിഞ്ഞു കിടപ്പുണ്ട് അതൊക്കെ പെറുക്കി കയ്യിൽ പിടിച്ച് ഞങ്ങൾ താഴേക്ക് നടന്നു. അവിടെ അഞ്ചു മീറ്റർ വ്യാസത്തിൽ ഒരു കിണർ കാണുവാൻ സാധിച്ചു
പറമ്പിലെ ജാതി,റബർ ,തെങ്ങ്, കുരുമുളക് കൊടി,പ്ലാവ്, മാവ് തുടങ്ങിയ വിളകൾക്ക് നനയ്ക്കുന്നത് ആ കിണറിൽ നിന്നാണ്. താഴ്‌വശം നെൽപ്പാടമായിരുന്നു അവിടുത്തെ നെൽകൃഷിക്കും വെള്ളം കിട്ടിയിരുന്നത് അതിൽ നിന്നായിരുന്നത്രെ. ഇപ്പോൾ നെൽകൃഷി നിർത്തി വെറും പുല്ലു വളർന്നു നിൽക്കുന്നു. അവിടവിടെയായി പശുക്കൾ മേയുന്നു . ചുറ്റിക്കറങ്ങി മയിലിനെ കണ്ട വശത്തുകൂടി ഞങ്ങൾ വീട്ടിലെത്തി. വീട്ടാവശ്യത്തിനായി ഒരു സാദാ കിണറും പറമ്പിൽ ഒരു കുഴൽ കിണർ വേറെയുമുണ്ട്.
ഓരോ മുറിയും കയറിയിറണ്ടി നടന്നപ്പോൾ കാണുന്ന കാഴ്ച. അപ്പൻ്റെ ഇടതും വലതുമായി ആൺ മക്കൾ ഇരിക്കുന്നു. എങ്ങനെ ക്ലിക്ക് ചെയ്യാതിരിക്കും? അവരെ വിട്ട് അടുക്കളഭാഗത്തേക്ക് ചെല്ലുമ്പോൾ വീട്ടുകാരനും വീട്ടുകാരിയും കൂടി കുരുമുളകും ജാതിപത്രിയും നട്ട്മെഗ്ഗും (ജാതിക്കയുടെ കുരു) ഓരോരുത്തർക്കായി പാക്ക് ചെയ്യുന്നു .അവശ്യം വേണ്ടത് ഞങ്ങൾക്കുണ്ടായിരുന്നതു കൊണ്ട് ഞാൻ നിരാകരിച്ചു പകരം അവിടിരുന്ന രണ്ടു കപ്ളങ്ങയിൽ ഒന്നു ഞാനും ഒന്നു രമ്യയുമായി പങ്കു വച്ചെടുത്തു. എൻ്റെ ഭർത്താവിന് കപ്ളങ്ങപ്പഴം ജീവനാണ്. അതുപോലെ കൂട്ടുകാരനായ രമ്യയുടെ സാറിനും. പിന്നെ എല്ലാവരും യാത്ര പുറപ്പെടാനുള്ള തത്രപ്പാടിലായി.
സോഫിയും ചാക്കോച്ചനും കൊണ്ടു വന്നു തന്ന കാപ്പിയും സ്നാക്ക്സും കഴിച്ച് ഞങ്ങൾ യാത്ര പറഞ്ഞു. നല്ലൊരു കൂട്ടുകാരിയെ പിരിഞ്ഞ ദുഃഖം എന്നിലും അതുതന്നെ സോഫിയുടെ മിഴികളിലും നിഴലിച്ചു. കൂട്ടുകാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലൊ,അവർ ഒന്നിച്ചു പഠിച്ച കാലം മുതലുള്ള കൂട്ടുകെട്ട്. തമ്മിൽ ബന്ധുക്കാരും.
ഏതൊരു ടൂറിൻ്റെയും മടക്കയാത്രയിൽ കാഴ്ചകൾക്കും തമാശകൾക്കും വലിയ പ്രസക്തിയില്ലല്ലൊ, ആരും തന്നെ സംസാരിക്കുകയൊ പൊട്ടിച്ചിരിക്കുകയൊ ചെയ്യാതെ മൗനം ഘനീഭവിച്ച നിമിഷങ്ങൾ. ചിലർ മയക്കത്തിലേക്ക് വഴുതി വീഴുക പോലും ചെയ്തു. മുന്നിൽ പോയ വണ്ടി ഇടയ്ക്കെവിടെയൊ
ഒരു പെട്രോൾ പമ്പിൽ കയറ്റി. കുട്ടികളിൽ ആർക്കൊ ടോയ്ലറ്റു സൗകര്യം നോക്കി. ഞങ്ങളും ആ അവസരം ഉപയോഗിച്ചു. ഒരു കാപ്പി കൂടി കിട്ടിയിരുന്നെങ്കിൽ ഉഷാറായേനെ എന്ന സംഭാഷണം മോൻ്റെ ചെവിയിൽ തടഞ്ഞു. വഴിയരികിൽ വണ്ടി ഒതുക്കി ഇറങ്ങാവുന്നവർ ഇറങ്ങി അടുത്ത് ഒരു കടയിൽ നിന്ന് കാപ്പി വാങ്ങി വണ്ടിയിലിരുന്നവർക്കും എത്തിച്ചു തന്നു . സ്ത്രീകളും കുട്ടികളുമായി യാത്രപോകേണ്ടത് എപ്രകാരമെന്ന് ഈ രണ്ടു മക്കൾ കാണിച്ചു തന്നു. എല്ലാ പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട സംഗതിയും. ഗ്ലാസ്സ് തിരികെ കടയിൽ കൊടുത്ത് വീണ്ടും യാത്ര തുടർന്ന് ഏഴു മണിയോടെ കോതനെല്ലൂരുള്ള വീട്ടിലെത്തി.
ഞങ്ങൾ വീട്ടിലെത്താൻ ധൃതി കാണിച്ചെങ്കിലും ഞങ്ങളെ അവർ വന്നു കൊണ്ടു പോയതിനാൽ അവർ തന്നെ തിരികെ കൊണ്ടെ വിടേണ്ട ഒരു സാഹചര്യമായിരുന്നല്ലൊ. ആ മോനും കുടുംബത്തിനും മറ്റൊരു വീട്ടിൽ അത്താഴ വിരുന്നിൽ പങ്കെടുക്കയും വേണം. എന്തു പറയാൻ ! ഇളയ മകൻ ഞങ്ങളെ കൊണ്ടു വിടാമെന്നേറ്റു. ഒരു കണ്ടീഷൻ അത്താഴം കഴിച്ചിട്ടേ പോകാവു. അനുസരിക്കാതെ തരമില്ലല്ലൊ. അക്സീനയും രമ്യയും ചേർന്ന് ഭക്ഷണം എടുത്തു വച്ചു.മൂത്ത മോൻ ബിജുവും കുടുംബവും ഒരുങ്ങി ആ വീട്ടിലേക്കു പോയി. ഞങ്ങൾ സാറിനും ഇളയ മകനുമൊപ്പം ഇരുന്ന് അത്താഴം കഴിച്ച് പുറപ്പെടുകയും ചെയ്തു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ബിനു മോൻ അങ്കിളിൻ്റെ കൈയിൽ ഒരു ബോക്സ് കൊടുത്ത് ചെവിയിൽ എന്തൊ പറഞ്ഞു. ഞങ്ങളെ ഇറക്കി വീട്ടിൽ കയറ്റിയിട്ട് യാത്രയായി. വീട്ടിനുള്ളിൽ കയറി ആകാംക്ഷ കൊണ്ട് ബോക്സ് തുറന്നു. ഞങ്ങൾ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു തരം ചോക്ലേറ്റ്.
ബോക്സിൽ നാലഞ്ചു നിരകളിൽ അടുക്കടുക്കായി വച്ചിരുന്നത് കാണാൻ വളരെ ഭംഗിയായിരുന്നു
വെളിയിൽ മക്കൾ ഉണ്ടെങ്കിലും അത്തരത്തിലൊന്ന് അവർ കൊണ്ടു വന്നു കണ്ടിരുന്നില്ല.
പല കളറിൽ കുപ്പിയുടെ ആകൃതിയിൽ ചോക്ലേറ്റ്. അകത്ത് പല ഫ്ലേവറിലുള്ള ലിക്കറിൻ്റെ തുള്ളികൾ നിറച്ചിരുന്നത് ഞാനറിഞ്ഞില്ല. ഭർത്താവിൻ്റെ ചെവിയിൽ പറഞ്ഞത് ആൾ എന്നോട് പറഞ്ഞതുമില്ല. അതുകൊണ്ടു തന്നെ അതിൽ ഓരോന്നെടുത്ത് ടേസ്റ്റു ചെയ്തു് രണ്ടു പേരും കിടന്നുറങ്ങി. ഒരു സുഖനിദ്ര . യാത്രയുടെ ക്ഷീണവും കുപ്പിയിലുള്ളത് അകത്തു ചെന്നതിൻ്റെ ആക്ഷനും. ഒരു സുഖ നിദ്ര.
അവസാനിച്ചു.