ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

Mar 17, 2026 - 06:39
 0  2
ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

കേരളം ഏറെ നടുക്കത്തോടെ കേട്ട ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി, പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും.

കേസിനാസ്പദമായ സംഭവം നടന്നത് 2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു. കാലിന് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച കുടുവട്ടൂർ സ്വദേശിയായ സന്ദീപ്, പരിശോധനാ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി അക്രമാസക്തനാവുകയായിരുന്നു. പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച പ്രതി, അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയാതിരുന്ന ഡോക്ടർ വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി.

സ്കൂൾ അധ്യാപകനായിരുന്ന ഒരാൾ ആണ് പ്രതി എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു .