വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

Apr 6, 2026 - 18:57
 0  6
വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ;   പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചതിൽ കടുത്ത അതൃപ്തിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ടു മണിക്കുള്ളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഇറാൻ ‘നരകതുല്യമായ’ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് അന്ത്യശാസനം നൽകി. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൽക്കാലിക വെടിനിർത്തലിന് പകരം ഉപരോധങ്ങൾ നീക്കുന്നതും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉറപ്പ് നൽകുന്നതുമായ 10 വ്യവസ്ഥകളടങ്ങിയ ശാശ്വത പരിഹാരമാണ് ഇറാൻ മുന്നോട്ടുവെച്ചത്. പാകിസ്ഥാൻ മുഖേനയാണ് ഇറാൻ തങ്ങളുടെ മറുപടി കൈമാറിയത്.

ഇറാന്റെ നിർദ്ദേശങ്ങൾ ‘പര്യാപ്തമല്ല’ എന്ന് വ്യക്തമാക്കിയ ട്രംപ്, നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക-സാമ്പത്തിക നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് താൻ നൽകിയ സമയപരിധി അവസാനിക്കാറായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അസഭ്യവാക്കുകൾ ഉപയോഗിച്ചതിനെ ട്രംപ് ന്യായീകരിച്ചു. തന്റെ നിലപാടുകൾക്ക് കൂടുതൽ വ്യക്തതയും ഊന്നലും നൽകാനാണ് അത്തരം ഭാഷ ഉപയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മുൻപുണ്ടായിരുന്ന ഭരണാധികാരികളേക്കാൾ വിവേകമുള്ളവരാണ് ഇപ്പോഴത്തെ ഇറാൻ നേതൃത്വമെന്നും എന്നാൽ അവർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് അമേരിക്കൻ വൈമാനികർ സുഖം പ്രാപിച്ചുവരികയാണെന്ന് ട്രംപ് അറിയിച്ചു