എഞ്ചിനിൽ തീപിടിത്തമെന്ന് സംശയം, പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: എഞ്ചിന് തീപിടിച്ചെന്ന സംശയത്തെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം. ഡൽഹിയിൽ നിന്നും ഇൻഡോറിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ 320 നിയോ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിൻ്റെ വലത് എഞ്ചിനിൽ തീ പിടിച്ചെന്ന സംശയത്തെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ് എന്ന് എയർ ഇന്ത്യ അറിയിച്ചു.
ഞായറാഴ്‌ച രാവിലെ 6.15 നാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നും തൊണ്ണൂറിലധികം പേർ വിമാനത്തിലുണ്ടായിരുന്നെന്നും എയർ ഇന്ത്യയുടെ പ്രസ്‌താവനയിൽ പറയുന്നു. വിമാനം നിലവിൽ പരിശോധനയിലാണെന്നും എയർഇന്ത്യ അറിയിച്ചു.
'ഓഗസ്റ്റ് 31 ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യയുടെ എഐ 2913 വിമാനം പറന്നുയർന്ന് അധികം താമസിയാതെ ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തി. എഞ്ചിനിൽ തീപിടുത്തമുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതിനാലാണ് അടിയന്തര ലാൻഡിങ് നടത്തിയത്."- എയർഇന്ത്യ പറഞ്ഞു.
സാധാരണ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് ഡൽഹിയിൽ അടിയന്തര ലാൻഡിങിന് തീരുമാനിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. എ 320 നിയോ വിമാനം മുപ്പത് മിനിറ്റിലധികം ആകാശത്ത് പറന്നതിനു ശേഷം ഡൽഹിയിൽ തിരിച്ചിറക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായും ഉടൻ തന്നെ ഇൻഡോറിലേക്ക് സർവീസ് നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.