വക്ക് പൊട്ടിയ കപ്പ്‌: കഥ, Mary Alex ( മണിയ )

വക്ക് പൊട്ടിയ കപ്പ്‌: കഥ, Mary Alex ( മണിയ )

  അയാൾ ആ ചായക്കപ്പിലേക്കും അതു തന്ന അവളുടെ മുഖത്തേക്കും മാറി മാറി നോക്കി. അവൾ അകലെയെങ്ങോ കണ്ണുകൾ നട്ട് നിൽപ്പാണ്. കുറേ
ദിവസമായി ശ്രദ്ധിക്കുന്നു. ഇവൾ തനിക്ക് ഈ കപ്പിൽ ആണ് എന്നും ചായയോ കാപ്പിയോ നൽകാറ്. അലമാരയിൽ എത്ര സെറ്റ് കപ്പും സോസറും ഇരിക്കുന്നു. വിരുന്നുകാർ  വരുമ്പോൾ മാത്രം അവയിൽ ഏതെങ്കിലും ഒരു സെറ്റ് എടുക്കും.
അപ്പോഴും തനിക്ക് ഈ കപ്പു തന്നെ. അതിനവൾ പറയുന്ന ന്യായീകരണം മധുരമില്ലാത്തത് തിരിച്ചറിയാൻ ആണത്രേ. ഉച്ചക്ക്  ഭക്ഷണം വിളമ്പുമ്പോൾ മോളോട് പറയുന്നത് കേട്ടു. 'മോളെ ! അപ്പന്റെ പാത്രം ഇങ്ങെടുക്ക്. 'അപ്പോൾ അതും തനിക്ക് വേർതിരിക്കപ്പെട്ടിരിക്കുന്നു. എന്താണ് കാര്യം, എന്താണ് കാരണം? ഒരെത്തും പിടിയും കിട്ടിയില്ല. തനിക്ക് എന്തെങ്കിലും പകർച്ച വ്യാധി ഉണ്ടോ? അയാൾ സ്വന്തം കൈകാലുകളിലേക്ക് നോക്കി. ഒന്നും കാണുന്നില്ല.
പിന്നെന്തായിരിക്കും, കാരണം കണ്ടു പിടിച്ചേ ഒക്കു. 'അതെന്താമ്മേ അപ്പന് മാത്രം സ്പെഷ്യൽ പാത്രം?'
 അകത്തു നിന്നും മോളുടെ ശബ്ദം. കാത്  അൽപ്പംകൂടി വിടർത്തി കൂർപ്പിച്ചിരുന്നു അവളുടെ അമ്മയുടെ വിശദീകരണം കേൾക്കാൻ, തന്റെ ഉള്ളിലെ ചോദ്യത്തിനുത്തരവും.
'അതുമോളെ മോൾ ഇന്നു കാണുന്ന ഈ അപ്പനല്ലായിരുന്നു പണ്ട്. എന്തിനും ഏതിനും കുറ്റം. അങ്ങാടീൽ തോറ്റതിനമ്മയോട് എന്നു കേട്ടിട്ടില്ലേ. ആരോടെങ്കിലും ദേഷ്യം തീർക്കുന്നത് എന്നോട്. കറിക്കുപ്പില്ല അല്ലെങ്കിൽ എരുവ് കൂടി. ചായക്ക്‌ കടുപ്പമില്ല, മധുരമില്ല അല്ലെങ്കിൽ കൂടി,കുറഞ്ഞു, ചൂടില്ല അല്ലെങ്കിൽ കൂടി. അങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും ശുണ്ഠി, മൂക്കിൻ തുമ്പത്ത് ദേഷ്യം. പറഞ്ഞു തീർക്കലല്ല. കപ്പോ പാത്രമോ എന്താണ് കയ്യിൽ എന്നാൽ അത് എറിഞ്ഞു പൊട്ടിക്കും. ആദ്യമാദ്യം ഞാൻ ക്ഷമിച്ചു. പിന്നെ ഞാനും ഒരടവെടുത്തു പകരം വീട്ടാൻ തുടങ്ങി. അപ്പനൊരു കപ്പ് പൊട്ടിച്ചാൽ ഞാൻ അതിന്റെ ഇണക്കപ്പ് പൊട്ടിക്കും. പാത്രമാണെങ്കിൽ ആ സെറ്റിൽ ഒന്ന്. അങ്ങനെ അങ്ങനെ പാത്രങ്ങളും കപ്പുകളും എണ്ണം കുറഞ്ഞുവന്നു. അപ്പൻ വാങ്ങി വാങ്ങി മടുത്തു. ഇപ്പോൾ  അടക്കം വന്ന മട്ടാണ്. എന്നാലും ആ ഓർമ്മ എന്നിൽ നിന്ന് പോയിട്ടില്ല മോളെ. അഥവാ പൊട്ടിക്കണമെന്നുള്ള
 തോന്നൽ വന്നാലോ?. പൊട്ടിയതു പൊട്ടിപ്പോയാൽ നമുക്കു വിഷമം തോന്നില്ല. പുതിയതു പൊട്ടിയാലല്ലേ നമുക്ക് പ്രയാസം.'
 കാരണം കണ്ടുപിടിച്ച സന്തോഷത്തിൽ ചുണ്ടിൽ ഒരു ചിരിയുമായി ഭക്ഷണമേശക്കരി
കിലേക്ക് നീങ്ങി .ആദ്യമായി കാണുന്നതുപോലെ മേശയിൽ കമഴ്ത്തി വച്ചിരുന്ന പ്ലേറ്റ് അയാൾ ശ്രദ്ധിച്ചു. പഴക്കം ചെന്നപോലെ അതിന്റ പുറം മൗണ്ടിരുന്നു.  എടുത്തു മേശമേൽ തിരിച്ചു വച്ചു. അതിന്റെ വക്കും പൊട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നു.