ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ: ബുക് റിവ്യൂ - സുധാ മേനോൻ

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ: ബുക് റിവ്യൂ - സുധാ മേനോൻ

ലോകചരിത്രം പരിശോധിച്ചാൽ അതിൽ വീരരേയും വിജയികളേയും മാത്രമെ അടയാളപ്പെടുത്തിയതായി കാണുകയുള്ളൂ. സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതത്തിലും മനസ്സിലും ശരീരത്തിലും ഉണ്ടായ മുറിവുകൾ അദൃശ്യമാക്കപ്പെടും. അവ മറവിയിലേക്കെടുത്ത്‌ എറിയപ്പെടും. ആ മുറിവുണ്ടാക്കിയവരോ, അവർ വിജയക്കൊടി പറത്തി ചരിത്രത്തിൽ സുപ്രധാനമായൊരിടം പിടിച്ചിട്ടുമുണ്ടാകും.

ശ്രീമതി സുധാമേനോന് ജോലി സംബന്ധമായിട്ടും ഗവേഷകയായിട്ടും ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലെ നിർദ്ധനരും പ്രാന്തവൽക്കരിക്കപ്പെട്ടതും നിസ്സഹായരുമായ സ്ത്രീജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു. സാധാരണക്കാരായ നമ്മൾ ഒരിക്കലും കാണാത്ത, അറിയാത്ത, അല്ലെങ്കിൽ നമ്മിൽ നിന്നും മറച്ചുവയ്ക്കപ്പെട്ട ഒരു ലോകമാണു് സുധാ മേനോനു മുന്നിൽ ആ സ്ത്രീകൾ തുറന്നിട്ടത്‌.

സുധാമേനോന്റെ വാക്കുകളിലൂടെ,
"അപരിഹാര്യമായ പ്രശ്നങ്ങളുടേയും സംഘർഷങ്ങളുടേയും ദുരന്തങ്ങളുടേയും അമാനവികമായ ഒരു ലോകം". അതാണു് ആ നിസ്സഹായരുടെ ജീവിത പശ്ചാത്തലം.
നീതി തേടുന്നവനു് അത്‌ നിഷേധിക്കുക മാത്രമല്ല, അവനെ പീഡിപ്പിച്ച്‌ വെറും ഇരകൾ ആക്കി മാറ്റുന്ന ഹിംസാത്മകമായ, പൊള്ളയായ ജനാധിപത്യ വ്യവസ്ഥിതിയാണ് അവർക്ക്‌ ഈ രാജ്യങ്ങളിൽ കാണാൻ കഴിഞ്ഞത്‌.

വളരെ വിശദമായി എഴുതിയ ആമുഖത്തിൽ എന്തുകൊണ്ടാണു് ഇങ്ങനെയൊരു അനുഭവക്കുറിപ്പ്‌ മലയാളത്തിലെഴുതുന്നത്‌ എന്ന് അവർ വ്യക്തമാക്കുന്നുണ്ട്‌. ഏറ്റവുമധികം 'പ്രിവിലേജുകൾ' അനുഭവിക്കുന്ന ജനതയാണു് മലയാളികൾ. ഒരു യുദ്ധമോ വംശഹത്യയോ വിഭജനമോ വർഗ്ഗീയകലാപമോ തുടർച്ചയായ പ്രകൃതിദുരന്തങ്ങളോ കേരളത്തെ വേട്ടയാടിയിട്ടില്ല. ജീവിതം ദുരന്തമായ, ചിലപ്പോൾ മരണത്തെക്കാൾ ഭയാനകമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെപ്പറ്റി പറയേണ്ടത്‌ കേരളത്തിൽ ജീവിക്കുന്ന 'ഭാഗ്യം ചെയ്ത മനുഷ്യരോടാണു്' എന്ന ബോധത്തിൽ നിന്നുമുണ്ടായതാണത്രെ ഈ പുസ്തകം. അവർ കടന്നുപോകുന്ന രാജ്യങ്ങൾ,

1.ശ്രീലങ്ക: മീൻ പാടും തേൻ രാജ്യം എന്ന മനോഹരമായ ടൈറ്റിൽ കഴിഞ്ഞ്‌ വായന തുടരുമ്പോൾ പാട്ടിന്റെ മനോഹാരിതയും തേനിന്റെ മാധുര്യവുമൊന്നുമല്ല, വംശഹത്യയുടേയും യുദ്ധവെറിയുടേയും അഴത്തിലുള്ള മുറിവുകൾ മനസ്സിലേന്തി നടക്കുന്നവരാണു് ശ്രീലങ്കൻ ജനത എന്ന് മനസ്സിലാകും.

ഒന്നാം അദ്ധ്യായത്തിലെ ജീവലത ശ്രീലങ്കയിലെ തമിഴ്‌ സ്ത്രീകളെ പ്രതിനിധീകരിക്കുന്നു. തമിഴ്‌ വംശജരായ സ്ത്രീകളും കുട്ടികളും കടന്നു പോയ സംഭവങ്ങൾ... തമിഴ്‌ പുലികളുടേയും ശ്രീലങ്കൻ ആർമിയുടേയും കിരാത നടപടികൾക്കിടയിൽ ഞെരിഞ്ഞമർന്ന ജന്മങ്ങൾ...! ആറായിരത്തിലധികം അഭയാർത്ഥിക്യാമ്പുകളിലെ ടാർപ്പോളിൻ ടെന്റുകളിൽ മനുഷ്യശോകം വീർപ്പുമുട്ടി നിന്നു എന്നാണു് അവർ എഴുതിയിരിക്കുന്നത്‌. പക്ഷെ കല്ലടിയിലേയ്ക്ക്‌ പോകാൻ ഇഷ്ടപ്പെടാത്ത, 'മീൻ പാടും പാട്ട്‌' പാടുന്നത്‌ യുദ്ധത്തിന്റെ ക്രൂരതയ്ക്കിരയായ മകൾ മണിമേഖല ആണങ്കിലോ എന്നോർത്ത്‌ വിങ്ങുന്ന ജീവലതയെ ആർക്കാണു് മറക്കാനാവുക..? ജീവലത ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണെന്നത്‌ വായനക്കാർക്ക്‌ അൽപം ആശ്വാസമേകുന്നു.

2. പാകിസ്താൻ: അപഹരിക്കപ്പെട്ട ആകാശങ്ങൾ എന്നാണ് രണ്ടാം അദ്ധ്യായത്തിന്റെ തലക്കെട്ട്‌. സിന്ധുനദീതട സംസ്കാരത്തെപ്പറ്റി സ്കൂളിൽ പഠിച്ചതോർത്തുകൊണ്ടാണു് സുധാ മേനോൻ ബദീനിലേയ്ക്കുള്ള പാസഞ്ചർ തീവണ്ടിയിൽ കയറിയത്‌. എന്നാൽ മോഹൻജോ ദാരോയിലെ നാഗരികതയുടെ നേരിയ അവശിഷ്ടത്തിന്റെ പാട പോലും അവർക്ക്‌ കാണാനായില്ല. കണ്ടത്‌ മുഷിഞ്ഞ്‌ ദരിദ്രമായ ഈച്ചയാർക്കുന്ന തെരുവുകൾ മാത്രം. പക്ഷെ അവിടെ തിങ്ങിപ്പാർക്കുന്ന ജനതയോ, പൗരോഹിത്യവും ഗോത്രനീതിയും ഭൂവുടമകളും പട്ടാളഭരണവും ജനാധിപത്യരാഹിത്യവും തീരാദുരിതവും അക്രമവും അനീതിയും മാത്രം നൽകി വിധിയോട്‌ പോലും പരാതി പറയാനാകാത്ത നിസ്സഹായരും. പുരുഷാധിപത്യത്തിന്റെ ഏറ്റവും നികൃഷ്ട രൂപമാണു് സിന്ധിൽ നടമാടുന്നത്‌. സൈറ, അവരുടെ ഉമ്മ, ഹാജിറ തുടങ്ങി ഇരകളുടെ ലിസ്റ്റ്‌ എത്രയോ നീണ്ടതാണു്. അവിടത്തെ കമ്മ്യൂണിറ്റി സെന്റർ സ്ത്രീകൾക്ക്‌ ചെറിയൊരാശ്വാസം നൽകുന്നുണ്ട്‌.

3. അഫ്ഘാനിസ്ഥാൻ: കൊടുങ്കാറ്റിൽ ഉലയാത്ത ഒറ്റമരങ്ങൾ. മൂന്നാം അദ്ധ്യായം. സബൂറിയിലെ ഒരു പ്രാദേശിക പത്രത്തിൽ കൊടുത്ത പരസ്യം കണ്ട്‌ അതിജീവനമോഹവുമായി ടെന്റിനു മുന്നിൽ എത്തിയത്‌ മറ്റൊരു ഗതിയുമില്ലാത്ത നരകജീവിതം അനുഭവിക്കുന്ന അനേകം അഫ്ഘാനിസ്ത്രീകളായിരുന്നു.
അഫ്ഘാനിസ്ഥാന്റെ ചരിത്രം പറഞ്ഞുകൊണ്ടാണു് സുധാ മേനോൻ അഫ്ഘാൻ സ്ത്രീകളുടെ ദയനീയാവസ്ഥയിലേയ്ക്ക്‌ കൈ ചൂണ്ടുന്നത്‌. ശരിക്കും പറഞ്ഞാൽ റഷ്യയും അമേരിക്കയും പരസ്പരം മത്സരിച്ച ചതുരംഗ കളിയിലെ കരുക്കളായി മാറി അഫ്ഘാൻ ജനത. താലിബാൻ ഇസ്ലാമിക റിപ്പബ്ലിക്‌ ഉണ്ടാക്കുന്നതിലും പ്രാകൃതമായ ദുരാചാരങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിലും സ്ത്രീവിരുദ്ധതയിലും മാത്രം ശ്രദ്ധിച്ചു. മുജാഹിദിനുകളുടെ അക്രമം വേറെ. കന്നുകാലികളെ വിൽക്കുന്നതു പോലെയാണു് പർവ്വീൺ എന്ന ബാലികയെ അബ്ബയുടെ കടം വീട്ടാനെന്ന പേരിൽ ഒരു മദ്ധ്യവയസ്കന് സ്വന്തം ഉമ്മ തന്നെ കൊടുക്കുന്നത്‌. അതൊക്കെ അവിടെ സാധാരണമാണത്രെ. കൃഷിയും മറ്റുമായി ജീവിതം മെച്ചപ്പെടുത്തി വന്നിരുന്ന അഫ്ഘാനികളുടെ ജീവിതം 2021 ൽ വീണ്ടും അനിശ്ചിതത്വത്തിലേയ്ക്ക്‌ പോയി.

4. ബംഗ്ലാദേശ്‌: ഷർട്ടുകളുടെ ഗാനം- നാലാമത്തെ അദ്ധ്യായം. 2016 മേയ്‌ മാസത്തിലാണു് സുധാമേനോനും ലീനിയയും അൻസ്ലം ഉബുണ്ടുവും ധാക്കയിൽ നിന്നും തൊണ്ണൂറ്റിയഞ്ച്‌ കിലോമീറ്റർ ദൂരെയുള്ള കരാട്ടിയ എന്ന ഉൾനാടൻ ഗ്രാമത്തിൽ എത്തിയത്‌. യൂറോപ്പിലേയും അമേരിക്കയിലേയും മുന്തിയ ബ്രാൻഡുകൾക്കുള്ള തുണിത്തരങ്ങൾ നിർമ്മിക്കുന്നത്‌ ബംഗ്ലാദേശിയെ ഇടുങ്ങിയ ഗല്ലികളിലെ വായുവും വെളിച്ചവും കേറാത്ത കുടുസ്സുമുറികളിലാണു്. നിസ്സഹായരും ദരിദ്രരും അസംഘിടരുമായ തൊഴിലാളികളുടെ ദു:ഖവും സങ്കടവും ആണു് വർണ്ണചിത്രങ്ങളുമായി വിവിധ ബ്രാൻഡുകളിൽ മാളുകളിൽ എത്തുന്നതെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? തൊഴിലിടത്ത്‌ ഒരു അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ പോലും ആഗോളഭീമന്മാർ തയ്യാറല്ല. തികച്ചും അമാനവികമായ ഈ തൊഴിൽ ചൂഷണം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. പല സംഘടനകളുടെ പ്രയത്ന ഫലമായി ഇപ്പോൾ വായുസഞ്ചാരമുള്ള മുറികളും ശുചിമുറികളും ഉള്ള ഫാക്ടറികൾക്കെ വസ്ത്ര നിർമ്മാണത്തിനുള്ള ലൈസൻസ്‌ നൽകുകയുള്ളൂ എന്നൊരു ധാരണയിൽ എത്തിയിട്ടുണ്ട്‌. അത്രയും ആശ്വാസം. ബംഗ്ലാദേശിന്റെ ഏറ്റവും വലിയ സ്വീകാര്യത തന്നെ കുറഞ്ഞ കൂലിയിൽ ലഭ്യമാകുന്നത് മനുഷ്യാദ്ധ്വാനം ആണല്ലൊ. ഇതിനിടയിൽ മുതലാളി നീതിബോധത്തെക്കുറിച്ച്‌ ആശങ്കപ്പെടാൻ ആർക്കുണ്ട്‌ നേരം, എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ടാണ് സുധാ മേനോൻ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്‌.
ബംഗ്ലാദേശിലെ തൊഴിലാളികളുടെ ദുരിതവും കഷ്ടപ്പാടും നീതിനിഷേധവും വായിച്ചപ്പോൾ ആഗോള ഭീമന്മാരായ ബ്രാൻഡുകളെ തിരസ്കരിക്കുകയാണ് വേണ്ടതെന്നൊരു തോന്നൽ ഉണ്ടായി. പക്ഷെ ജനങ്ങൾ ആ ബ്രാൻഡുകൾ ഉപേക്ഷിച്ചാൽ കൂടുതൽ ദുരിതമാകില്ലെ അവരുടെ ജീവിതം? ബംഗ്ലാദേശിലെ തൊഴിലാളികൾക്ക്‌ സുഗമമായി പണിയെടുക്കാനുള്ള സാഹചര്യവും, തക്കതായ കൂലിയും, ഇൻഷുറൻസ്‌ പരിരക്ഷയും നൽകാൻ വമ്പൻ ബ്രാൻഡുകൾ തയ്യാറാകുന്ന കാലം വരുമെന്ന് ആശിക്കുന്നു.

5. നേപ്പാൾ: അതിർത്തി കടന്നെത്തുന്ന ചിലന്തികൾ
ഭൂകമ്പക്കെടുതികൾ മാത്രമല്ല നേപ്പാളിലെ നിഷ്‌കളങ്കരും നിർദ്ധനരുമായ ഗ്രാമീണരെ അലട്ടുന്നത്‌. ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ നീറ്റലോടെ ശിഷ്ടകാലം മരിച്ചുജീവിക്കേണ്ടി വരുന്ന ചെറുബാലികമാരുടെ ജീവിതങ്ങൾ. എത്രയധികം ബാല്യങ്ങളാണ് മനുഷ്യക്കടത്തിലും മാംസവ്യാപാരത്തിലും അകപ്പെട്ട്‌ നീറിനീറി ജീവിക്കുന്നത്‌. ശ്രേഷ്ഠ ഒരു ഉദാഹരണം മാത്രം. അവളുടെ വാക്കുകൾ,
"ചിലന്തികൾ ഇപ്പോഴും വല വിരിച്ചു കാത്തിരിക്കുന്നുണ്ട്‌ ദീദീ. വലക്കണ്ണികൾ ഓരോന്നായി പൊട്ടിക്കാതെ എനിക്ക്‌ ഉറക്കമില്ല. ഇനിയൊരു കുഞ്ഞുപോലും എന്നെപ്പോലെ ആകരുത്‌. ഞാൻ ജീവിക്കുന്നത്‌ ചിലന്തികളിൽ നിന്നും നേപ്പാളിലെ പെൺകുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി മാത്രമാണു്". കാമാത്തിപ്പുരയിലെ പകലുകൾക്കും രാത്രികൾക്കും കെടുത്താൻ കഴിയാത്ത അഗ്നി. അതിജീവിതയുടെ ഇച്ഛാശക്തിയും നിശ്ചയദാർഡ്ഠ്യവും അസാധാരണ ധൈര്യവും അവളുടെ വാക്കുകളിലും പ്രവൃത്തികളിലും നിറഞ്ഞു നിന്നിരുന്നു. അവൾ കമ്മ്യൂണിറ്റി സെന്ററിൽ പോയി തയ്യലും എംബ്രോയ്ഡറിയും പഠിക്കുന്നതു കൂടാതെ അംഗനവാടിയിലെ കുട്ടികളെ നോക്കുകയും 'സാഥി' എന്ന സംഘടനയ്ക്കൊപ്പം ചേർന്ന് മനുഷ്യക്കടത്തിനെക്കുറിച്ച്‌ നാട്ടുകാരെ ബോധവൽക്കരിക്കുവാനായി ഓരോ വീടും കയറിയിറങ്ങി പ്രചരണം നടത്തുകയും ചെയ്യുന്നു. അവളിലെ ആ അഗ്നി കെടാതിരിക്കട്ടെ. അത്‌ മറ്റുള്ളവരിലേയ്ക്കും പകർന്ന്, അനീതി ഇല്ലാതാക്കി, അവർക്ക്‌ നല്ലൊരു നാളയെ വരവേൽക്കാനാകട്ടെ...

6. ഇന്ത്യ: മരണഗന്ധമുള്ള പരുത്തിപ്പാടങ്ങൾ.
കേരളാ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിനി ആയിരിക്കെ ' തെലങ്കാനയിലെ കർഷക ആത്മഹത്യകൾ' എന്ന ഗവേഷണ വിഷയത്തിന്റെ ഫീൽഡ്‌ വർക്കിനായിട്ടാണു് സുധാ മേനോൻ വാറങ്കലിൽ എത്തിയത്‌. വളരെയധികം 'കൊട്ടിഘോഷി'ക്കപ്പെട്ട കർഷക ആത്മഹത്യകളുടെ സചിത്ര വാർത്തകൾക്കും റിപ്പോർട്ടുകൾക്കും ശേഷം ഗ്രാമീണ കർഷകർക്ക്‌ എന്തെങ്കിലും ഗുണം ലഭിച്ചോ എന്നും അറിയണമായിരുന്നു. അവർ പരുത്തിപ്പാടങ്ങളിലും കൃഷി ഓഫീസുകളിലും താലൂക്ക്‌ ഓഫീസുകളിലും പഞ്ചായത്ത്‌ ഓഫീസുകളിലും പോയി വിവരങ്ങൾ ശേഖരിച്ചു. തങ്ങൾ കൂടി ഉൾപ്പെട്ട ഒരു വ്യവസ്ഥയുടെ നീതിരാഹിത്യമാണു് കർഷകരെ അത്മഹത്യയിലേയ്ക്ക്‌ തള്ളിവിടുന്നതെന്ന് ഒരു ഉദ്യോഗസ്ഥനും മനസ്സിലാക്കിയില്ല.
കൂടാതെ സംസ്ഥാന സർക്കാർ ഐ ടി വികസനം ലക്ഷ്യമിട്ടപ്പോൾ പാവപ്പെട്ട കർഷകർക്ക്‌ കൃഷിക്കാവശ്യമായ വെള്ളം എല്ലാ ഗ്രാമങ്ങളിലും എത്തിക്കുവാനും വറ്റിയ കുളങ്ങൾ പുനരുജ്ജീവിപ്പിക്കാനും മറന്നുപോയി.
കീടനാശിനി ഡീലർമാർ തന്നെ പരുത്തി കൃഷിക്ക്‌ വേണ്ട വിത്തും വളവും കീടനാശിനികളും കടമായി നൽകി കർഷകരെ കടക്കെണിയിലാക്കുന്നു. ഗത്യന്തരമില്ലാതെ കർഷകർ ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോൾ 'ഭ്രാന്ത്‌' ആയിരുന്നെന്നോ അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി കുടുംബത്തിന് ആനുകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. രേവമ്മയുടെ കഥ ഒരു ഉദാഹരണം മാത്രം.
"മണ്ണ് ഞങ്ങളെയല്ല ചതിച്ചത്‌. ഞങ്ങൾ മണ്ണിനെയാണ്. അതിന്റെ ശാപമാണ് ഇപ്പോൾ അനുഭവിക്കുന്നത്‌". പാരമ്പര്യ സമ്പ്രദായത്തിൽ അരിയും മുളകും കൃഷി ചെയ്തിരുന്നവർ അതിലാഭം കിട്ടുമെന്ന വളം ഡീലർ മാരുടെ വാക്കുകൾ കേട്ട്‌ പരുത്തിക്കൃഷിയിലേയ്ക്ക്‌ മാറിയതിനെക്കുറിച്ചാണു് രേവമ്മ പറഞ്ഞത്‌.

ഓരോ അദ്ധ്യായം കഴിയുമ്പോഴും ഉറക്കെ വാവിട്ട് കരയണമെന്നാണെനിക്ക്‌ തോന്നിയത്‌. അത്രയ്ക്ക്‌ തിങ്ങിവിങ്ങലായിരുന്നു ഈ പുസ്തകത്തിന്റെ വായനാനുഭവം നൽകിയത്‌. ഒരു ദീർഘനിശ്വാസം പോലും വിടാനാകാതെ വിറങ്ങലിച്ച്‌ ഇരുന്നുപോയി. കുറ്റബോധത്തിലും നിസ്സഹായതയിലും പെട്ട്‌ കുഴഞ്ഞുമറിഞ്ഞു എന്റെ മനസ്സ്‌.

എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം. എന്നാൽ വിങ്ങുന്ന മനസ്സോടെയല്ലാതെ, തിങ്ങുന്ന മിഴികളോടെയല്ലതെ, ആർക്കും ഈ പുസ്തകം വായിക്കാനാവില്ല....

ഡി സി ബുക്ക്സ്‌ (2023)


ശൈലജ വർമ്മ,
6, ഐറ്റ്കെൻ ക്ലോസ്‌
കരലൈൻ സ്പിംഗ്സ്‌
വിക്ടോറിയ- 3023
ആസ്ട്രേലിയ
ഫോൺ- +61 401 573 222
ഇ മെയിൽ- [email protected]