നുറുങ്ങ് കവിതകൾ : റോയി പഞ്ഞിക്കാരൻ

മുത്തം
ആരൊക്കെ തടഞ്ഞു
വെച്ചാലും
നുരയും പതയും
തീരത്തെ മുത്തമിടും
സ്വാതന്ത്ര്യം
ചില്ലു ഭരണിയിലെ മീനും
കമ്പി കൂട്ടിലെ കിളിയും
സ്വാതന്ത്ര്യത്തിനായി
ഒരുപോലെ കേഴുന്നു .
കിളിയെ മാത്രം
നമ്മൾ തുറന്നു വിടുന്നു .
വാരിയെല്ല്
അവൻ തന്റെ നഷ്ടപ്പെട്ടു പോയ
വാരിയെല്ല് അന്വേഷിച്ചു
സ്വർഗത്തിൽ എത്തി .
അവൾ അത് ഊരിയെടുത്ത്
അവന്റെ നേരെ പാഞ്ഞടുത്തു .
മരം
'മരം ഒരു വരം'!
നല്ല വേരില്ലേൽ
മരമില്ല .
മരമില്ലേൽ വനമില്ല .
വനമില്ലേൽ മഴയില്ല .
മഴയില്ലേൽ
മരം വരയിൽ മാത്രം !
കൊലുസ്സ്
കുഞ്ഞി, നിന്റെ കൊലുസിന്റെ
താളം അകന്നു പോകുമ്പോൾ
കിളികൾ
ചിറകടിച്ചു പറന്നുപോകുന്നു ,
ഇലകളും പൂക്കളും കൊഴിയുന്നു .
കൊലുസ്സിലെ ഓരോ മണികളും
എന്റെ മിഴിനീർതുള്ളികൾ ആയിരുന്നു .
ഉൽക്ക
തിരിയുന്ന ഭൂമി
പ്രണയാതുരമായി
ഒന്നു വിളിച്ചാൽ
ആകാശത്തിലെ
നക്ഷത്രം പോലും
ഭൂമിയിലെത്തും .
ആശ
ആശകൾ മനസ്സിൽ
അതിരിട്ടില്ലെങ്കിൽ
അതിരില്ലാത്ത ആകാശത്തൂടെ
ചിറകുകൾ കുഴയാതെ
പറക്കാം .
'ലാവ'
എന്റെയും നിന്റെയും
നെഞ്ചിനുള്ളിൽ
പുകയുന്ന അഗ്നിപർവ്വതങ്ങൾ!
കണ്ണുകളിലെ മറ മാറ്റിയാൽ
'ലാവ' പുറത്തുവരും !
മാറ്റം
എയ്ത അമ്പുകളൊന്നും
ലക്‌ഷ്യം തൊട്ടില്ല .
ആവനാഴി ശൂന്യമായി .
പിന്നെ ,
വേട്ടാളൻ കാട്ടാളനായി
മാറി .
ഉറുമ്പ്
കാട്ടാളനിൽനിന്നും ക്രൗഞ്ച പക്ഷികളെ
രക്ഷിച്ച കട്ടുറുമ്പിനെ കണ്ടാൽ
ഓടിയൊളിക്കുന്നവൻ
പാവം നീർക്കോലിയെ കണ്ടാൽ
ഉടൻ വടിയെടുക്കും .
പ്രണയം
ചിരി
പുഞ്ചിരി
വിടർന്നചിരി
അട്ടഹാസം
പിന്നെ
തേങ്ങൽ
മോങ്ങൽ
വേലി
പ്രണയത്തിന്റെ നേർ സാക്ഷി.
വളകിലുക്കവും പൊട്ടിച്ചിരികളും
ഒരുപാട് കേട്ടിട്ടും
കണ്ണുനീർ തുള്ളികൾ ഒരുപാട് കണ്ടിട്ടും
ചാടിപോയവരെ കണ്ട് നിസ്സഹായരായ
കുറെ മരക്കുറ്റികൾ .
അച്ഛൻ
മകൻ അച്ഛനാകുമ്പോൾ മാത്രം
മഹാനാകുന്ന മനുഷ്യൻ .
അപ്പോഴേക്കും അച്ചനൊരു
ഓർമയായി മാറീട്ടുണ്ടാവാം .
എങ്കിലുമൊരു പൗർണമി
തെന്നലിൽ മകനെ തലോടാൻ
നറുമണമായി വരുമച്ഛൻ !
ദ്രുതകവിത
പത്തുമിനിറ്റിൽ
പത്തായത്തിലെ
ഭാവനകൾ
പുറത്തെടുത്ത്
പത്തുവരികൾ ഞാനുമെഴുതി .
പരട്ടക്കവിതയെന്നു
ജനവും വിധിയെഴുതി !
നക്ഷത്രകുഴി
വീണ ശബ്ദം കെട്ടുവെന്നു
തോന്നിച്ച സ്ഥലമെല്ലാം
അയാൾ വളരെ വേഗത്തിൽ
കുഴിച്ചു. കുഴിച്ചുകൊണ്ടേയിരുന്നു .
ഇന്നലെ ആകാശത്തു നിന്നും
ഒര് നക്ഷത്രം ഭൂമിയിൽ പതിച്ചത്രെ !
ആ നക്ഷത്രം അയാളെ സ്നേഹ്ച്ച
ആരോ ആയിരുന്നു .
റോയി പഞ്ഞിക്കാരൻ