കണ്ണൂരിലെ വാടകവീട്ടിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂർ: കണ്ണപുരത്തെ വാടക വീട്ടിൽ ഒരാൾ മരിച്ച സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു. കേസിൽ പ്രതിയായ അനുപ് മാലിക് അറസ്റ്റിൽ. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുകയാണ്.
കാഞ്ഞങ്ങാട് നിന്നാണ് അനുപ് മാലിക് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി ജാമ്യം നേടാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ അതിന് മുൻപേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പുലർച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുകൾ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണം നടന്നുവരികെയാണ് സഫോടനം നടന്നത്.
അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ്. കീഴറയിലെ വീട്ടിലും നടത്തിയ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയന്നടക്കം പരിശോധിക്കണമെന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞത്. സംഭവം നടന്നതിന് പിന്നാലെയെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ചിന്നിചിതറിയ നിലയിലാണ് ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്.
സ്ഫോടനം നടക്കുമ്പോൾ അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിലവിലെ നിഗമനം. അനൂപ് മാലികാണ് ഈ വീട് വാടകയ്‌ക്കെടുത്തത്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്.