'ജനവിധി വ്യക്തമായാൽ സഹകരിച്ച് പോകണം'; ട്രംപ്- മംദാനി കൂടിക്കാഴ്ച്ച പങ്കുവെച്ച് കോൺഗ്രസിനെതിരെ വീണ്ടും തരൂർ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ശശി തരൂര്‍ എംപി.
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ എതിരാളികൾ ശക്തമായി പോരാടുകയും ജനവിധി വ്യക്തമായാൽ സഹകരിക്കുകയും ചെയ്യണമെന്നാണ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. ഇന്ത്യയിൽ ഇത്തരം പ്രവണത കൂടുതൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും അത്തരം രാഷ്ട്രീയ മര്യാദ വളർത്തിയെടുക്കാൻ തന്റെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ എല്ലാവരും സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക," തരൂർ എക്സിൽ എഴുതി.
അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പുകഴ്തി തരൂർ സംസാരിച്ചിരുന്നു. സന്ദീപ് ദീക്ഷിത്, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ മുതിർന്ന നേതാക്കൾ പരസ്യമായി അദ്ദേഹത്തിന്റെ പ്രശംസയെ ചോദ്യം ചെയ്തു മുന്നോട്ട് വരികയും ചെയ്തിരുന്നു.ഇതിനുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്.