വഴിയും സത്യവും  ജീവനുമായവന്റെ പുനരുത്ഥാനം: കവിത, സൂസൻ പാലാത്ര        ,

വഴിയും സത്യവും  ജീവനുമായവന്റെ പുനരുത്ഥാനം: കവിത, സൂസൻ പാലാത്ര          ,
സുഗന്ധക്കൂട്ടുമായി
 അതികാലത്ത് കല്ലറയ്ക്കൽ
മറിയമാർത്തമാർഎത്തിയ നേരം
 കാവല്ക്കാർ ചിതറിയോടുന്നു;
കല്ലറവാതില്ക്കലെ
ഉരുണ്ടുനീങ്ങപ്പെട്ട
കല്ലിന്മേലിരുന്നവനോട്
മറിയ "യജമാനനേ
ഇവിടെ അടക്കം ചെയ്യപ്പെട്ട
എൻ്റെ ഗുരു എവിടെ ?
ദാ കല്ലറ തുറന്നു കിടക്കുന്നു
അതിലാരുമില്ല
എന്റെ യേശു എവിടെ ?"
 
ദേവതുല്യം തേജസ്സാർന്നവന-
വളോട് : "നീ അന്വേഷിയ്ക്കുന്ന
യേശു ഉയിർത്തെണീറ്റു!
അവൻ പുനരുത്ഥാനവും
ജീവനുമാകുന്നു!!
ചെല്ലുവിൻ പത്രോസ് 
യോഹന്നാനാദിയായ
ശിഷ്യരോടീ സദ്വാർത്ത
അറിയിയ്ക്കുവിൻ
മുൻപറഞ്ഞപ്രകാരമവൻ ഉയിർത്തെണീറ്റെന്നും
ഗലീലയിൽ പ്രത്യക്ഷനാവുമെന്നും"
ആനന്ദാതിരേകത്താൽ
പരവശയായ മറിയം
ബദ്ധപ്പെട്ടോടി.
ബലവാനായ നമ്മുടെ ഗുരു
പിതാവാംദൈവത്തിന്റെ
ഏകപുതൻ! 
അധർമ്മികളുടെ കൈയാൽ
ക്രൂശിതനായിമരിച്ചവൻ
ഉയിർത്തെഴുന്നേറ്റു!
ഗുരു ജീവിച്ചിരിയ്ക്കുന്നു!
പിതാവാംദൈവമവനെ
മരിച്ചവരിൽനിന്നുയർപ്പിച്ച്
ആദ്യജാതനാക്കി.
പുനരുത്ഥാനവും ജീവനുമായ
യേശുവിനെ കാണ്മാൻ
സോദരരേ ഓടിവരുവിൻ
വേഗമവന്റെ സന്നിധിയിലെത്താം
ലാസറിൻ -
സോദരിയാംമറിയ
ഗുരുവിന്നരികിലെത്താൻ
ഓട്ടം തുടർന്നു,
ആ തിരുമൊഴികൾക്ക് ഒരു
തേനിനെക്കാളും
മാധുര്യമാണ്
 കാതിനിമ്പമാണ്
അവൾക്കതു വീണ്ടും കേൾക്കണം.
ആമോസ് റബിയും
നീക്കോദീമോസും
അദീനയും
അത്ഭുതസ്തബ്ധരായി!
മറിയാമിന്റെ സുവിശേഷം
മഹാസന്തോഷമവർക്ക്
പകർന്നേകി!!
റോമൻഭരണകൂടം
പൂട്ടിയടച്ച്മുദ്രവച്ച്
കാവല്ക്കാരെ 
കല്പിച്ചാക്കിയ 'കല്ലറ, 
കല്ലറയിലൊതുങ്ങാത്ത
യേശു ഭേദിച്ച്
ഉയർത്തെഴുന്നേറ്റു!
പിതാവാംദൈവമവനെ
മരിച്ചവരിൽനിന്നുള്ള
ആദ്യജാതനുമാക്കി !!
യേശു, മറിയാമിനും
ശിഷ്യഗണത്തിനും
പ്രത്യക്ഷനായി
യേശുവരോടൊപ്പം നടന്നു,
സംസാരിച്ചു, ഭക്ഷിച്ചു.
പേടിച്ചരണ്ട കല്ലറ
കണ്ട കാവല്ക്കാർ
ബോധരഹിതരായി.
ബോധം വീണ്ടുകിട്ടിയ -
പ്പോൾ ഭ്രമമോടെ 
നാനാദിക്കിലേക്കു
ചിതറിയോടി.
പീലാത്തോസിനെയും
ശതാധിപൻ 
എമലിയൂസിനെയും
അറിയിക്കാനോടി
കുര്യാസെന്ന ഭടൻ.
അവൻ  ചൊന്നതിങ്ങനെ: 
" പ്രഭോ, ഞാനതികാലത്ത്
കബറിനുചുറ്റുമുലാത്തുമ്പോൾ
ബാക്കിപ്പടയാളികൾ നിദ്രയിലാണ്.
ഇടിവാൾ വെട്ടുമ്പോലെ
അതിശോഭയോടൊരുവൻ
വാൽനക്ഷത്രംപോലെ
കബറിൻവാതില്ക്കൽ
വന്നുവീണു
ആദ്യമിടിനാദം
പിന്നെ കാഹളനാദം!
നിദ്രയിലായിരുന്ന ഭടന്മാർ
ഭ്രമിച്ചെഴുന്നേറ്റയുടൻ
ലക്ഷാപലക്ഷം 
നക്ഷത്രങ്ങൾ
മിന്നുന്ന തങ്കച്ചിറകുകളോടു -
കൂടിയ തേജോമയനായവൻ
വേനലിലെ ഇടിവാൾപോലെ
ധൂമ്രവസ്ത്രം ധരിച്ചവൻ 
കണ്ണഞ്ചുംശോഭയോടെ
ആകാശമദ്ധ്യത്തിലൂടെ
പറന്നുവീണു!
ആ ദൂതൻ കീഴോട്ടു
യേശുവിൻ 
കല്ലറയിലേക്കിറങ്ങിവന്നു
ശോഭയേറിയ
തേജ:പുഞ്ജങ്ങളാൽ
അലംകൃതമായ നയനങ്ങളാൽ
കബറിനെ നോക്കി
ഞങ്ങൾ പാറാവുകാർ
തകർന്നുപോയി
ആ പാദങ്ങൾ ഭൂമിയിൽ
തൊട്ടപ്പോൾ
 ഭൂകമ്പത്താലെന്നപോലെ ഇളക്കംതട്ടി
പടയാളികൾ ഭയന്നിട്ടവൻ -
 മുമ്പിലായവർ വീണു.
ദൂതൻ കല്ലറവാതിൽ
മൂടിയ വലിയ 
വൃത്താകാരമായ
കല്ലിന്മേൽ വിരൽ തൊട്ടു, 
വലിയ യന്ത്രത്താൽ
മാറ്റുമ്പോലെ
വൻശബ്ദത്തോടതു-
രുണ്ടുമാറി അവന്റെ
പാദാന്തികേ വന്നുവീണു
അവനതിന്മേലിരുന്നു.
കബറിനുള്ളിൽ വെള്ളിവെളിച്ചം; 
നിരന്നു നില്ക്കുന്ന
ശുഭ്രവസ്ത്രധാരികൾ,
ആയിരമായിരംചിറകുകൾ
കൂട്ടിയടിക്കുമ്പോലെ
ഘോഷസ്വരം!
കബറടക്കപ്പെട്ട ആ
ദിവ്യപുരുഷൻ യേശു
അതിഭാസുരനായ -
 ങ്ങെഴുന്നേറ്റു
ശുഭ്രവസ്ത്രധാരികളാം
തേജോമയരൊന്നിച്ചേ -
ശുവിൻമുന്നിൽ
സാഷ്ടാംഗം വീണുവണങ്ങി
യേശു ഒരു ജയാളിയെപ്പോലെ
പുറത്തേയ്ക്കിറങ്ങി
വാതില്ക്കലിരുന്ന
ഭയങ്കരതേജസ്സാർന്ന
സ്വർഗ്ഗീയദൂതൻ
തന്റെ ചിറകുകൾകൊണ്ട്
 മുഖംമറച്ച്
യേശുവിന്റെ പാദത്തിന്മേൽ
ദണ്ഡനമസ്കാരം ചെയ്തു
കൊണ്ടിപ്രകാരം സ്തുതിച്ചു:
ദൈവമേ നീ പരിശുദ്ധനാകുന്നു
ബലവാനെ നീ പരിശുദ്ധനാകുന്നു
മരണമില്ലാത്തവനെ നീ
 പരിശുദ്ധനാകുന്നു
 ക്രൂശിക്കപ്പെട്ടവനെ നീ വാഴ്ത്തപ്പെട്ടവനാകുന്നു"
കുര്യാസ് പറഞ്ഞതെല്ലാം
കേട്ട പീലാത്തോസ്
ഞെട്ടിത്തരിച്ചു, 
ഭാര്യലൂസിയ പറഞ്ഞതു
കേൾക്കാത്തതിൽ
പശ്ചാത്തപിച്ചു
അയാൾ പിറുപിറുത്തു:
 "ഇനിയെത്ര വെള്ളംകൊണ്ടു.
 കൈയ്കഴുകിയിട്ടും കാര്യമില്ല, 
 കൈയിലെ 
അഴുക്കുമാറുന്നില്ല. 
യേശുവാം 
നീതിമാനോടു 
 ദയകാണിയ്ക്കാഞ്ഞതിനാൽ
ഭാര്യ ലൂസിയ പിണങ്ങി
കൊട്ടാരംവിട്ട്  പോയി.
ഇപ്പോളെങ്ങും കാണാനുമില്ല
പീലാത്തോസ് ഭ്രാന്തെടുത്തലറി
" കുറ്റമില്ലാത്ത രക്തത്തെ
ശിക്ഷയ്ക്കു വിധിച്ച മഹാപാപി
നീയെത്ര കഴുകിയാലും 
നിൻ കൈകൾ ശുദ്ധമാവില്ല "
എങ്കിലും അയാൾ
  മരണംവരെയും
 തെരുവോരങ്ങളിലെ
 മലിനജലത്തിലെല്ലാം
അനുസ്യൂതം കൈ
 കഴുകിക്കൊണ്ടേയിരുന്നു.