കൈരളീ വന്ദനം: കവിത, സന്ധ്യ

കൈരളീ വന്ദനം:  കവിത, സന്ധ്യ



കൈരളീ,കാവ്യകാകളീ
കഥകളിമുദ്രകൾ
കടക്കണ്ണിലൊളിഞ്ഞ്
കടലലമാലകൾ
ഉടലിൽ ഞൊറിഞ്ഞ്
കലയുടെ കാൽ
ചിലങ്കയണിഞ്ഞ്,
നിളയുടെ കൈവളകൾ
ഇളകീ, കഴുത്തഴകിൽ
കായലലകൾ, കമനീയ
മണിമാല്യമണിഞ്ഞു.
അരഞ്ഞാണമണികളാം
അരുവികൾ കുണുങ്ങി
അപ്സരസ്ത്രീയവൾ
അണിഞ്ഞൊരുങ്ങി!

അരുമക്കിടാങ്ങൾ
അരിമണിയിലറിവിൻ
ഹരിശ്രീ കുറിക്കും
ആരമ്യ വിദ്യാലയം,
അരയാൽത്തറയിലും
അൾത്താരയിലും
ആളുന്ന നിറദീപനാളം
അറബിക്കടലിന്നലങ്കാരം.

സഹ്യസാനുവിൻ
സർഗ്ഗ സവിധത്തിലെ
സാഗരസംഗമ ഭൂവിൽ
സ്വർഗ്ഗശില്പി തീർത്ത
സൗന്ദര്യ സങ്കല്പശില്പമേ
കലയുടെ നിലയമേ
മലയാളമേ...
മാലേയ സുരഭില
മാമലയോരമേ...
മഹിത ഭാരത
ഹരിത കേദാരമേ...
കേരകുഞ്ജ കുടീരമേ.
കേരളാംബേ വന്ദനം.