മിസ്സിങ് ലെറ്റേഴ്സ്: കവിത, സന്ധ്യ

മിസ്സിങ് ലെറ്റേഴ്സ്: കവിത,  സന്ധ്യ
ഏതു തീർത്ഥക്കടവിൽ
മുങ്ങി നിവരുമ്പോൾ
ആയിരുന്നിരിക്കാം
നിൻ്റെ പാട്ടിൻ്റെ സിംഫണി
എൻ്റെ കാതിൽ അലയടിച്ചത്...
ജന്മാന്തര സ്നേഹത്തിൻ്റെ 
ഏതോ വീട്ടാക്കടം 
നമുക്കിടയിൽ 
ഉണ്ടായിരുന്നുവോ..?
പിറവിയുടെ 
നിയോഗ രഹസ്യങ്ങൾ
ആരറിയുന്നു !
ജനിമൃതിയുടെ ഋതു
ചംക്രമണത്തിൽ 
ഈയൊരു സമയബിന്ദുവിൽ
നമ്മൾ പരസ്പരം കണ്ടെത്തുക 
തന്നെ ചെയ്തു!!"
ഒരു സ്നേഹവാക്കിനു
പരതി, നിന്നിലേക്ക്
ഇറങ്ങി നിൽക്കുന്നു.
പിന്നെയും നമ്മൾ 
കണ്ടുമുട്ടുന്നു...
ഒരിക്കലും
കണ്ടിട്ടില്ലാത്തവരെ 
പോലെ, മിണ്ടുന്നു.
നിമിഷാർദ്ധങ്ങളിൽ
പരസ്പരം 
പരകായ പ്രവേശം
ചെയ്യുന്നു...
അടുത്ത നിമിഷം
ഒരു സ്വപ്നം പോലെ
നാമത് മറന്നു പോകുന്നു!