ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല: അങ്ങനെയൊരു വിഷയം ചർച്ചയിലില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Apr 17, 2026 - 19:32
 0  3
ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല: അങ്ങനെയൊരു വിഷയം ചർച്ചയിലില്ലെന്ന്  സാദിഖലി ശിഹാബ് തങ്ങൾ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉയരുന്ന പരസ്യ തർക്കങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലാം തീയതി വരെ നേതാക്കൾക്ക് എന്ത് വേണമെങ്കിലും സംസാരിക്കാമെന്നും എന്നാൽ അതിനുശേഷം തർക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ നടന്ന ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങൾ.

നാലാം തീയതിക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കാൻ യുഡിഎഫും കോൺഗ്രസും നിർബന്ധിതമാകും, അപ്പോൾ ലീഗും കൃത്യമായി ഇടപെടും. അതുവരെ മാത്രമേ ഈ ബഹളങ്ങളുണ്ടാകൂ. അതിനുശേഷം കോൺഗ്രസ് ‘നല്ല കുട്ടിയാകും’ എന്നാണ് തന്റെ വിശ്വാസമെന്നും തങ്ങൾ പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ അങ്ങനെയൊരു വിഷയം ചർച്ചയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതപ്പെട്ടത് യുഡിഎഫ് നൽകാറുണ്ടെന്നും വെല്ലുവിളികളോ അമിത ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 വനിതാ സംവരണത്തിന്റെ മറവിൽ സീറ്റുകൾ വർധിപ്പിച്ച് അധികാരം പിടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.