തനോട്ട് മാതാക്ഷേത്ര വഴിയിലൂടെ, രാജസ്ഥാൻ മരുഭൂവിലൂടെ... ഒരു യാത്ര: ശുഭ ബിജുകുമാർ

തനോട്ട് മാതാക്ഷേത്ര വഴിയിലൂടെ, രാജസ്ഥാൻ മരുഭൂവിലൂടെ... ഒരു യാത്ര: ശുഭ ബിജുകുമാർ
ന്ത്യയുടെയും  പാകിസ്താന്റെയും ബോർഡറിലേയ്ക്ക് യാത്ര പുറപ്പെടുമ്പോൾ മരുഭൂമികളെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്.
നിരവധി കോട്ടകളും കാഴ്ചകളും നിറഞ്ഞ രാജസ്ഥാൻ ആണ് കാണാൻ കഴിഞ്ഞത്. ഹോട്ടലുകളിൽ മത്സ്യമോ മാംസാഹാരമൊ ഉണ്ടായിരുന്നില്ല. റൊട്ടി പനീറും  ദാൽ ഫ്രൈയും ആണ് സർവ്വ സാധാരണ ആയി കിട്ടുന്ന വിഭവം. ജയ്സൽമീർ കടന്നു പോകുമ്പോൾ മരുഭൂമികളിൽ നിറയെ കുറ്റിച്ചെടികൾ നിറഞ്ഞു നിന്നിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് ഹെലികോപ്റ്ററിലെത്തിയ സംഘം വാരി വിതറിയ വിത്തുകൾ ആണ് ഈ കുറ്റിച്ചെടികൾ. നീണ്ടു കിടക്കുന്ന മരുഭൂമിയിൽ ഒരുതരം വെള്ളപ്പൂക്കൾ പോലെ തോന്നുന്ന കുറ്റിച്ചെടിയും കാറ്റാടിമരത്തിന്റെ ഇലകൾ പോലെ തോന്നുന്ന കുറ്റി ച്ചെടിയും നിറയെ കാണാം മരുഭൂമിയിലെ മണ്ണിനെ റോഡിൽ എത്തിച്ചു ഓരോ കൂനകൾ പോലെ ആക്കിയിട്ടുണ്ട്, ഇടയ്ക്കിടെ എത്തുന്ന കാറ്റ്.
ഉടമസ്ഥർ ഇല്ലാത്ത കന്നുകാലികൾ മേഞ്ഞു നടക്കുന്നു. വളരെ ദൂരം പിന്നിട്ട് ഇന്ദിരാഗാന്ധി കനാലിൽ എത്തിയാൽ മാത്രമേ പശുക്കൾക്കു വെള്ളം കിട്ടുകയുള്ളു. മനുഷ്യ വാസം ഇല്ല എന്ന് തന്നെ പറയാം. അവിടെ ഇവിടെ ചില മനുഷ്യർ. ആർമിയുടെ വണ്ടികൾ ഇടയ്ക്കിടെ കാണാം. സാം മരുഭൂമിയിൽ എത്തിയപ്പോൾ ഒട്ടകവുമായി അനേകർ കാത്തു നിന്നു. അതിലൊരാൾ ഞങ്ങളുടെ പുറകെ കൂടി. കൂടെ ഒരു ചെറിയ കുട്ടിയും ഉണ്ടായിരുന്നു. ഒട്ടകത്തിന്റെ വണ്ടിയിൽ കയറാൻ യാചനയോടെ അയാൾ ചോദിച്ചു കൊണ്ടേ ഇരുന്നു. മെല്ലിച്ച ആ മനുഷ്യൻ നടക്കുമ്പോൾ കൂനി പോകുന്നു. ഒരു ഫോട്ടോ എങ്കിലും എടുക്കൂ അതിനിത്ര രൂപ എന്നയാൾ എന്നോട് പറഞ്ഞു. അയാളോട് സഹതാപം തോന്നിയ ഒറ്റക്കാരണത്താൽ ഞാൻ വാശി പിടിച്ച് ഒട്ടകത്തിന്റെ വണ്ടിയിൽ കയറി. കൂടെ മനസില്ലാമനസോടെ ഒപ്പമുള്ളവരും. നീണ്ടു കിടക്കുന്ന മരുഭൂമിയിൽ മണൽകൂനകളും കാറ്റ് പറത്തി കൊണ്ട് പോയി നല്ല താഴ്ച ഉള്ള കുഴികളും ഉണ്ടായിരുന്നു. അതിനിടയിൽ കൂടി ഒട്ടകം ലക്കും ലഗാനുമില്ലാതെ കുതിച്ചോടിത്തുടങ്ങി. വണ്ടിയുടെ സൈഡിൽ ഇരുന്ന ഞാൻ ഞാൻ ഊർന്നു താഴേയ്ക്ക്... ഉച്ചത്തിൽ ഈശ്വരനെ വിളിച്ചു കരഞ്ഞ എന്നെ നോക്കി എല്ലാവരും ചിരിച്ചു തുടങ്ങി. എങ്ങനെയോ വീഴാത്ത വിധം എല്ലാവരും ചേർന്ന് എന്നെ ഇരുത്തി. കുഞ്ഞ് മകനെ ഒട്ടകത്തെ ഏൽപ്പിച്ചു അയാൾ എങ്ങോട്ടോ പോയി. തലയെടുപ്പോടെ ഒട്ടകത്തിന്റെ വണ്ടിയിൽ ഇരിക്കുന്ന അവനെ ബഹുമാനത്തോടെ ഞാൻ നോക്കി നിന്നു.
പഠിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി നൽകി. ഈ മരുഭൂമിയിലെവിടെ എങ്ങനെ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ എത്തിചേർന്നത് ഇന്ത്യ പാക് അതിർത്തിയിൽ ഉള്ള ക്ഷേത്രത്തിൽ ആണ്. തനോട്ട് മാതാ ആണ് അവിടുത്തെ പ്രതിഷ്ഠ. രാജസ്ഥാനിലെ ജയ്സൽമീർ നഗരത്തിൽ നിന്നും 145 കിലോമീറ്റർ അകലെ ആണ്  ഈ ക്ഷേത്രം.1971ലെ ഇന്ത്യ പാക് യുദ്ധത്തിലെ പോരാട്ട കേന്ദ്രമായിരുന്ന ലോങ്കെവാലയുടെ സമീപ പ്രദേശം ആണിവിടം.. ഈ  ക്ഷേത്രത്തെ പറ്റി നിരവധി കഥകളുണ്ട്. യുദ്ധത്തിൽ തനോട്ട്  ക്ഷേത്രം തകർക്കാൻ ഷെല്ലുകളും ഗ്രനേഡുകളും  പാക് സേന നിക്ഷേപിച്ചുവെങ്കിലും സ്ഫോടനം നടന്നില്ല. പിന്നീട് ഇന്ത്യൻ പട്ടാളം ഇവ കണ്ടെടുത്തു നിർവീര്യമാക്കിയെന്നും പറയുന്നു. തനോട്ട് മാതായുടെ ദർശനം നടത്താതെ ഒരു പട്ടാളക്കാരനും അതിർത്തിയിലേയ്ക്ക് പോകാറില്ല. സഞ്ചാരികളുടെ പറുദീസ ആണിവിടം. യുദ്ധ സമയത്തു ഗ്രാമവാസികളും പട്ടാളക്കാരും ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു എന്നും ആർക്കും യാതൊരു അപകടവും ഉണ്ടായില്ല എന്നും പറയപ്പെടുന്നു..
അവിടെ കയറാൻ കഴിഞ്ഞില്ല എങ്കിൽ വല്ലാത്ത നഷ്‌ടം ആണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഈ തിരക്കിൽ അതു സാധിക്കില്ല എന്ന് കൂടെ ഉള്ളവർ പറഞ്ഞു. വല്ലാതെ വിഷമം തോന്നി. പെട്ടന്ന് തോന്നിയ ബുദ്ധിക്ക് ദേവിയ്ക്കു ദക്ഷിണ കാണിക്കവഞ്ചിയിൽ ഇടാമെന്നു കരുതി കാണിക്കവഞ്ചി ലക്ഷ്യമാക്കി നടന്നു. നിരാശ ആയിരുന്നു ഫലം അവിടെ അങ്ങനെ ഒന്ന് കാണാനേ കഴിഞ്ഞില്ല. കൂടെ വന്നവരെ ഏൽപ്പിച്ചു  അകത്തു എവിടെ എങ്കിലും ഇടാം എന്ന് കരുതി. അവരാകട്ടെ പോകാൻ തിരക്ക് കൂട്ടി കൊണ്ടിരുന്നു. സങ്കടത്തോടെ അല്പം ദേഷ്യത്തോടെ  ദേവിയ്ക്ക് വേണ്ടങ്കിൽ വേണ്ട എന്ന് പറഞ്ഞു രൂപ ബാഗിൽ വെയ്ക്കാനൊരുങ്ങി. പെട്ടെന്ന് രാജസ്ഥാനി വേഷത്തിൽ ഒരു അമ്മൂമ്മ എന്റെ അരികിൽ എത്തി.. എന്നിട്ട് പറഞ്ഞു "ദേവിയ്ക്ക് കൊടുക്കാനാണോ എങ്കിൽ എന്റെ കൈയിൽ തരൂ ഞാൻ കൊടുക്കാം" ആജ്ഞയുടെ സ്വരം ആയിരുന്നോ അത് അറിയില്ല. ആരാണ് അവിടെ എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടത്, അറിയില്ല. ഒന്നും അറിയാതെ ഒരു വിറയലോടെ നിന്നു. അവരുടെ തലയിൽ മൂടിയ തുണിയിലെ കല്ലുകൾ തിളങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് അവരുടെ കൈയിൽ രൂപ കൊടുത്തു. താനോട്ട് മാതാ ആകുമോ, വെറുതെ ചിന്തിച്ചു പോയി. തികച്ചും അപരിചിതർ മാത്രമുള്ള ഇടത്ത്‌ എന്നെ ആരാണ്  അറിഞ്ഞത്. അവിടെ ഞാൻ അമ്പരന്നു നിന്നു. തിരികെ മടങ്ങുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ദേവിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. റോസ് നിറമുള്ള കവിളിൽ വെറുതെ ഒന്ന് തലോടി നന്ദി പറഞ്ഞു. കണ്ണടച്ചുള്ള ഇരിപ്പിൽ കൺപീലിക്കിടയിലൂടെ ഒരു നീർത്തുള്ളി പിടഞ്ഞു വീണു.