ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യമില്ല: കേസിന്റെ ഗൗരവം പരിഗണിക്കണമെന്ന് സുപ്രീം കോടതി
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന് എളുപ്പത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതൊരു കൊലപാതക കേസാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണക്കോടതിയിലെ രേഖകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് അറിയിച്ചു.
ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ജ്യോതി ബാബുവിന് ജാമ്യം നൽകുന്നത് അപകടകരമായ സന്ദേശം നൽകുമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ രമ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകുന്നത് ഇരയുടെ കുടുംബത്തിന്റെ മനോവീര്യം കെടുത്തുന്നതിന് കാരണമാകും. കൂടാതെ, കേസിൽ പ്രതികൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കുന്നുണ്ടെന്നും കെ.കെ രമ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
2012 മെയ് 4-ന് രാത്രി പത്ത് മണിയോടെയാണ് ആർ.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.