നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി

Jan 19, 2026 - 19:48
Jan 19, 2026 - 19:53
 0  6
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി

കോട്ടയം ; നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് (ഗോസ്പൽ ഫോർ ഏഷ്യ) കൈവശം വെച്ചിരിക്കുന്ന 2,570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. 2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു.

 സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. എന്നാല്‍ സിവില്‍കേസിന് പോകാന്‍ കോടതി എന്തിന് നിര്‍ദേശിച്ചു എന്ന മറുചോദ്യം സര്‍ക്കാര്‍ തിരികെ ചോദിച്ചു. 1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. എന്നാല്‍ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളില്‍ സാധുത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭൂമി സര്‍ക്കാരിന്റേതല്ലെന്ന കോടതി വിധി വന്നതോടെ വിമാനത്താവളത്തിനായി ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ.