കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക്ക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക്ക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.