'ഭക്തരുടെ സൗകര്യത്തിന് പൂജാസമയം മാറ്റരുത്'; സുപ്രീംകോടതി

Oct 30, 2025 - 19:27
 0  7
'ഭക്തരുടെ സൗകര്യത്തിന് പൂജാസമയം മാറ്റരുത്';  സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'ഉദയാസ്‌തമന പൂജ' ഡിസംബർ 1ന് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. ക്ഷേത്രത്തിലെ വിഗ്രഹത്തിൻ്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമ അല്ലാതെ ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ മാറ്റുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

1972 മുതൽ ഈ ആചാരം നടന്നുവരികയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം തുലാമാസത്തിലെ ഏകാദശിപൂജ നവംബർ 2ന് ന‌ടത്തുന്നതിൽ തടസമില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം "ഏകാദശി" ആണെന്ന് വാദിച്ച് പിസി ഹരിയും മറ്റ് കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്‌തമന പൂജ മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ഹര്‍ജിക്കാരന് അനുകൂലമായ വിധി വന്നത്.