ശബരിമല മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതി മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിലായി. ചുമതലയില്‍ വീഴ്ച വരുത്തിയതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 2019 ജൂലായ് 19ന് പാളികള്‍ അഴിച്ചെടുത്തസമയത്ത് ദേവസ്വം ബോര്‍ഡില്‍ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതലയുള്ള തിരുവാഭരണം കമ്മീഷണറായ ബൈജു എത്തിയിരുന്നില്ല. വെട്ടിപ്പിനു വഴിയൊരുക്കാനായി മനഃപൂര്‍വം വിട്ടു നിന്നെന്നാണ് നിഗമനം.
2019ല്‍ തന്നെ ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. മുഖ്യ പ്രതികളുടെ ഗൂഢാലോചനയില്‍ അന്നത്തെ തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന് വലിയ പങ്കുണ്ടെന്ന ആരോപണം തുടക്കത്തിലേ ഉണ്ടായിരുന്നു. സ്വര്‍ണക്കൊള്ളയില്‍ നാലാമത്തെ ആളാണ് ഇപ്പോള്‍ അറസ്റ്റിലാവുന്നത്.