തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. തെരുവുനായ ഭീഷണി ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന് കോടതി തിങ്കളാഴ്ച നിരീക്ഷിച്ചു. ''രാജ്യത്ത് തുടര്‍ച്ചയായി തെരുവുനായ ആക്രമണത്തിന്റെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിദേശരാജ്യങ്ങളുടെ കണ്ണില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വായിക്കുന്നുണ്ട്,'' ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
നായ്ക്കള്‍ക്കെതിരായ ക്രൂരതയെക്കുറിച്ച് ഒരു അഭിഭാഷകന്‍ പരാമര്‍ശിച്ചപ്പോള്‍, മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്ത് പറയണമെന്ന് കോടതി തിരിച്ചു ചോദിച്ചു.
വിവിധ സംസ്ഥാനങ്ങള്‍ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ''നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പത്രങ്ങള്‍ വായിക്കുന്നില്ലേ. ഞങ്ങളുടെ ഉത്തരവുകളെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നോ,'' സുപ്രീം കോടതി ചോദിച്ചു. പശ്ചിമബംഗാള്‍, ഡല്‍ഹി, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് കോടതി മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു. നിയമം പാലിക്കുന്നതില്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം