രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം വേദി പങ്കിട്ട സംഭവം; ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം വേദി പങ്കിട്ട സംഭവത്തിൽ ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. നഗരസഭ അധ്യക്ഷ പ്രമീള ശശിധരനോടാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തത് എന്തിനാണെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു. പ്രമീളക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർ പക്ഷം. മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റ് പറയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് കോൺഗ്രസിന്റെ നീക്കം. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.