ഇനി മത്സരിക്കാനില്ലന്ന് ശ്രേയാംസ് കുമാര്‍: ഇടതുമുന്നണി വിടില്ല; കോവളം സീറ്റ് ആവശ്യപ്പെടും
കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയംസ് കുമാര്‍. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്നും ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും ആര്‍ജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കോവളം സീറ്റിനായി ആര്‍ജെഡി ഇടതുമുന്നണിയില്‍ അവകാശവാദം ഉന്നയിക്കുമെന്നും പാര്‍ട്ടിയില്‍ അനൈക്യം ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് കോടിയേരി സിപിഎം സെക്രട്ടറിയായ സമയത്തേ പറഞ്ഞിരുന്നു. ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണം. ഇക്കാര്യം സീറ്റ് വിഭജന സമയത്ത് ഉന്നയിക്കും. ചെറിയ പാര്‍ട്ടിയാണെങ്കിലും വ്യക്തമായ ആര്‍ജെഡിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധികാരത്തില്‍ ഏത് വഴിയും സ്വീകരിക്കില്ല. അടുത്തിടെയായി കേരളത്തില്‍ ആശ്വാസകരമല്ലാത്ത പ്രവണതകള്‍ ഉണ്ടാകുന്നുണ്ട്്. അത് മാറ്റിയെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ കൈ എടുക്കണമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.