ന്യൂയോർക്ക്  കേരളാ സമാജം പിക്‌നിക്  പൈതൃകം നിലനിർത്തി അവിസ്‌മരണീയമായി

Aug 18, 2025 - 19:53
Aug 18, 2025 - 19:55
 0  39
ന്യൂയോർക്ക്  കേരളാ സമാജം പിക്‌നിക്  പൈതൃകം നിലനിർത്തി അവിസ്‌മരണീയമായി

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  വേനൽക്കാലം ആകുമ്പോൾ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പാർക്കുകൾ  വിവിധ ഗ്രൂപ്പുകളുടെ പിക്‌നിക്കിനാൽ നിബിഢമായിരിക്കും. വിവിധ പള്ളികളും, മത സ്ഥാപനങ്ങളും, ക്ലബ്ബ്കളും, സംഘടനകളും നാനാ ദേശക്കാരും അവരുടെ അംഗങ്ങളെ സംഘടിപ്പിച്ച് പിക്‌നിക്ക് സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചകളാണ്.  

ധാരാളം കുടുംബങ്ങളും അവരുടെ കുടുംബാംഗങ്ങളെ ചേർത്ത് പിക്നിക്കിന് പോകാറുണ്ട്. പ്രത്യേകിച്ച് ആഴ്ചാവസാനം ആകുമ്പോൾ മിക്കവാറും ഓഫീസുകളും അവധിയായതിനാൽ സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം പാകം ചെയ്തും സന്തോഷങ്ങൾ പങ്ക്  വച്ചും ഒരു ദിവസം മുഴുവൻ ചിലവഴിക്കുവാൻ പിക്‌നിക്കുകൾ വേദിയാകാറുണ്ട്.

ന്യൂയോർക്ക് ലൊങ് ഐലൻഡിൽ പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും ആദ്യത്തെ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വർഷത്തെ പിക്‌നിക്ക് വൈവിധ്യം കൊണ്ട് അവിസ്മരണീയമാക്കി. സമാജത്തിലെ അംഗംങ്ങളുടെ നിറസാന്നിദ്ധ്യം രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 മണിക്ക് അവസാനിച്ച പിക്‌നിക്കിൽ ആദ്യാവസാനം ഉണ്ടായിരുന്നു എന്നത് പ്രശംസനീയമാണ്. 

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ മുതൽ പിക്‌നിക്കിൽ പങ്കെടുത്ത എല്ലാവർക്കും ലൈവ് ആയി ഓംലെറ്റും തട്ട് ദോശയും ചമ്മന്തിയും സാമ്പാറും കപ്പ പുഴുങ്ങിയതും കാച്ചിൽ പുഴുങ്ങിയതുമൊക്കെ അടങ്ങിയ പ്രഭാത ഭക്ഷണം നൽകിയപ്പോൾ അതൊരു ഹോംലി നാടൻ ഭക്ഷണത്തിന്റെയും അന്തരീക്ഷത്തിന്റെയും അനുഭവം നൽകി. എല്ലാവരും നന്നായി ആസ്വദിച്ച് ഭക്ഷണം കഴിച്ചപ്പോൾ  അതേ പാർക്കിൽ  മറ്റൊരു ഫീൽഡിൽ നടന്നു കൊണ്ടിരുന്ന മറ്റു ഒന്നോ രണ്ടോ മലയാളീ സംഘടനകളുടെ പിക്‌നിക്  വേദിയിലേക്ക് ഈ വാർത്ത പടർന്നു. ആ വാർത്ത പ്രസ്‌തുത മറ്റ് സംഘടനകളിലെ ചിലരെയൊക്കെ  സമാജം പിക്‌നിക്ക് വേദിയിലേക്ക് ആകർഷിക്കുവാനും ഇടയായി. വന്നു ചേർന്ന എല്ലാവരും ഒരുമിച്ച് ചേർന്ന്  പ്രഭാത ഭക്ഷണം പങ്കിട്ടപ്പോൾ അതൊരു സൗഹൃദത്തിന്റെയും പരസ്പരം ഒത്തുചേരലിന്റേയും സന്തോഷം പങ്കിടലിന്റെയും വേറിട്ടൊരനുഭവമായി. വിവിധ വിനോദങ്ങളിലും ഹാസ്യ സംഭാഷണങ്ങളിലും ഏർപ്പെട്ടപ്പോൾ അവിടെ ഒത്തുചേർന്ന എല്ലാവർക്കും, പ്രത്യേകിച്ച് സീനിയർ വ്യക്തികൾക്ക് മാനസീക ഉല്ലാസത്തിന് അവസരവും നൽകി.

തുടർന്ന് എല്ലാവരും  ചേർന്ന് ഉച്ച ഭക്ഷണം അവിടെത്തന്നെ തയ്യാറാക്കി. ഗ്രിൽ ചെയ്‌ത ചിക്കനും ബർഗറും ഹോട്ട്ഡോഗും വിവിധയിനം സലാഡുകളും പലതരം ഫ്രൂട്ട്സും എല്ലാം കൂടിയായപ്പോൾ സുഭിക്ഷമായ ഭക്ഷണവും എല്ലാവരും നിറമനസ്സോടെ ആസ്വദിച്ച് ഭക്ഷിച്ചു തൃപ്തരായി.

ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഉപരി എല്ലാവരും  ഒരുമിച്ചുള്ള ഭക്ഷണം പാകം ചെയ്യലും ഒരുമിച്ചുള്ള തമാശാ വർത്തമാനങ്ങളും ഏവരുടെയും  സൗഹൃദം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിനുള്ള വേദിയായി പരിണമിച്ചു. എല്ലാവർക്കും ഇത്തരം കൂടിവരവുകൾ അവരുടെ ഗൃഹാതുരത്വം വർദ്ധിപ്പിക്കുകയും പഴയകാല നാടൻ ഓർമ്മകളുടെ ആഴക്കയങ്ങളിലേക്ക്  അവരെ ഊളിയിട്ടിറങ്ങുവാനുള്ള ഒരു സാഹചര്യം ഒരുക്കുകയും ചെയ്‌തു. എല്ലാ പ്രായക്കാർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ചീട്ടു കളിയും, കസേരകളിയും, വടംവലിയുമെല്ലാം കൂടിയായപ്പോൾ ശരിക്കും ഒരു ആർത്തുല്ലാസത്തിന്റെ പ്രതീതിയാണ് പങ്കെടുത്ത എല്ലാവർക്കും അനുഭവവേദ്യമായത്.

കേരളാ സമാജം പ്രസിഡൻറ് സജി എബ്രാഹാമും അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളുമാണ് പിക്‌നിക്ക് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.

സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക്, മുൻ ബോർഡ് ഓഫ് ട്രസ്റ്റീ  ചെയർമാൻ സണ്ണി പണിക്കർ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ, കമ്മറ്റി അംഗങ്ങളായ തോമസ്  പ്രകാശ്, ബാബു പാറക്കൽ, മറ്റ്  അംഗങ്ങളായ  ജോർജ്, ലിജോ എന്നിവരാണ് രാവിലെ ആറു മണി മുതൽ തട്ടുകട ക്രമീകരിക്കുന്നതിനും, ലൈവ് ദോശ, ഓംലെറ്റ്, ഗ്രിൽ ചിക്കൻ, ബർഗർ എന്നിവ പാകം ചെയ്യുന്നതിനും മുൻകൈ എടുത്ത് പ്രവർത്തിച്ചത്.  

മറ്റ് കമ്മറ്റി അംഗംങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ, മാമൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ചാക്കോ കോയിക്കലത്ത്, ജെയ്‌സൺ വർഗ്ഗീസ്, ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി  ഡേവിഡ്, മുൻ പ്രസിഡന്റുമാരായ ഡോ. ജേക്കബ് തോമസ്, ജോസ് ചുമ്മാർ, ഷാജു സാം എന്നിവരും പിക്‌നിക്കിന്റെ വിജയത്തിനായി കൈകോർത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ചു.

ദോശയ്ക്ക് ആവശ്യമായ മാവ്, ചമ്മന്തി, സാമ്പാർ എന്നിവയും, കപ്പ പുഴുക്ക്, കാച്ചിൽ പുഴുങ്ങിയത്, കാന്താരി ചമ്മന്തി എന്നിവയും മേൽപ്പറഞ്ഞ കമ്മറ്റി അംഗങ്ങളിൽ ചിലർ സ്വഭവനങ്ങളിൽ  തയ്യാറാക്കി കൊണ്ടുവന്നതും സന്തോഷകരമായ അനുഭവമായി.

എല്ലാ വിധത്തിലും കൂട്ടായ പരിശ്രമത്താൽ പൈതൃകം നിലനിർത്തി നടത്തിയ  ഈ വർഷത്തെ കേരളാ സമാജം വാർഷിക പിക്‌നിക് എല്ലാവരുടെയും മനസ്സിൽ എക്കാലവും തങ്ങി നിൽക്കുന്ന മധുര സ്മരണകൾ സമ്മാനിച്ചാണ് പര്യവസാനിച്ചത്.