ശ്മശാനം: കവിത, ആൻ ജോർജ് 

ശ്മശാനം: കവിത, ആൻ ജോർജ് 

 

ഓർമ്മകളെന്റെ ഉന്മേഷം കെടുത്തുന്നു 

ഇരുളും നിശബ്ദതയും ചുവർചിത്രങ്ങൾ പതിച്ച

മനസ്സിന്റെ മൈതാനത്ത്, ഏറ്റുമുട്ടലുകളാണ്

ലങ്കോട്ടിയുടുത്ത അപരിചിതരും
ഞാനും തമ്മിലുള്ള മൽപിടുത്തങ്ങൾ.

മത്സരം മുറുകവേ, ദുരൂഹതകൾ

കാടുകളായി വളർന്ന് മൈതാനം വളയുന്നു

നിലവിളികളുടെ ശ്മശാനത്തിൽ
ധൂപക്കുറ്റികൾ സുഗന്ധം വീശുന്നു
കൽകുരിശിന്റെ ചുവട്ടിൽ വിശ്രമിക്കുന്നവർക്ക്,
കുന്തിരിക്കപ്പുകയിൽ ശ്വാസം മുട്ടുന്നു

ദൈവം നോക്കിനിൽക്കുമ്പോൾ
ഈയലുകൾ പറന്നു പൊങ്ങുന്നു

ഏകാന്തതയുടെ ഒരു വലിയ കഷണം

മനസ്സിന്റെ തീണ്ടാരിപ്പുരയിൽ
ആളൊപ്പം വളർന്നിരുന്നു

ഞാനെന്നോ കടം വാങ്ങി
മയിൽപ്പീലി തുണ്ട് പോൽ സൂക്ഷിച്ച,
എനിക്കു സന്തോഷം നൽകിയ സ്വകാര്യസ്വത്ത്

ഓർമ്മകൾ നീലജലാശയത്തി-
-ന്നടിയിലേക്ക് ഊളിയിട്ടപ്പോൾ
ചുണ്ടുകൾ ചുവന്നു നേർത്തൊരു
വരയായി ചുരുങ്ങിപ്പോയി

പാതിവഴിയിലുന്മേഷം വറ്റിവരണ്ട്
ഞാനൊരു കൽകുരിശിൻ ചുവട്ടിൽ
വിശ്രമം തേടി.

 

ആൻ ജോർജ്