ഒറ്റമരങ്ങളുടെ വിലാപം; കവിത, ഡോ. ജേക്കബ്‌ സാംസണ്‍

ഒറ്റമരങ്ങളുടെ വിലാപം;  കവിത, ഡോ. ജേക്കബ്‌ സാംസണ്‍

വമ്പന്‍ മരങ്ങള്‍ ഇടതിങ്ങി വളരുന്ന
കാടായി ഒരുമിച്ചു നിന്നവരല്ലേ നാം

വേനലും മഞ്ഞും മഴയും ഒരുപോലെ
ഒന്നിച്ചു നിന്നു സഹിച്ചവരല്ലേ നാം
വര്‍ണ്ണവസന്തമീ കാട്ടിലൊരുക്കിയ
നല്ല ചങ്ങാതികളായിരുന്നില്ലേ നാം

കാട്ടില്‍ തലയുമുയര്‍ത്തിപ്പിടിച്ചന്ന്‌
ഉള്‍ക്കരുത്തോടെ നീ നിന്നതല്ലേ
ഒപ്പത്തിനുള്ള മരങ്ങള്‍ക്കിടയിലായ്‌
ഞാനുമതുപോലെയായിരുന്നില്ലയോ

ഒന്നിച്ചു ചില്ലകള്‍ നീട്ടി അടുത്തു നാം
സൗഹ്യദത്തിന്റെ നാമ്പുവിടര്‍ത്തവേ
അരികിലൊരുമരംവെട്ടേറ്റുവീണപ്പോള്‍
മരവിച്ചു നിശ്ചലം നിന്നവരല്ലേ നാം
എത്രയോവൃക്ഷങ്ങള്‍വെട്ടേറ്റുവീണിട്ടും
ആ മരവിപ്പില്‍ നിന്നുണരുവാനായില്ല

ഇന്നു നാം കാട്ടിലെ വ്യക്ഷങ്ങളല്ലല്ലോ
ഒറ്റയ്‌ക്ക്‌ നില്‌ക്കും മരങ്ങള്‍ മാത്രം

ഒന്നിച്ചു നില്‌ക്കേണ്ട കാലത്തുനാമാരും
നില്‌ക്കേണ്ടതുപോലെ നിന്നതുമില്ലല്ലോ
ഇന്നുനാമെണ്ണത്തിലാരുമല്ല നമ്മള്‍
എങ്ങനെ നിന്നിട്ടും കാര്യവുമില്ലല്ലോ

ഡോ. ജേക്കബ്‌ സാംസണ്‍