പ്രവാസലോകത്തുനിന്നുമൊരു വിഷ്ണുഭാവം - അഭിമുഖം

പ്രവാസലോകത്തുനിന്നുമൊരു വിഷ്ണുഭാവം - അഭിമുഖം

 

വിഷ്ണു പകൽക്കുറി-

കൊല്ലം ജില്ലയിൽ ചടയമംഗലത്ത് 1991-ൽ ജനനം.
ഇപ്പോൾ തിരുവനന്തപുരം പകൽക്കുറിയിൽ താമസം. ബി എ പഠനത്തിന് ശേഷം കേരളത്തിലെ പ്രമുഖ ഫൈവ്സ്റ്റാർ റിസോർട്ടുകളിൽ ജോലി ചെയ്തു. ഇപ്പോൾ പ്രവാസി  (ദുബായ്)

ആദ്യമായി അച്ചടി മഷിപുരണ്ടത് തനിമ കത്തുമാസികയിലായിരുന്നു.
വരികളുടെ ഭൂപടം,കാവ്യാഞ്ജലി 2020, പരോളിലിറങ്ങിയ കവിതകൾ, ചിന്താരാമത്തിലെ കാവ്യമന്ദാരങ്ങൾ, മലയാളകവിത 2021എന്നീ പുസ്തകങ്ങളിൽ കവിതകൾ
ഉൾപ്പെട്ടിട്ടുണ്ട്.
നേട്ടങ്ങളിൽ ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം 2021,
മലയാളം സാഹിത്യ ചർച്ചാവേദി പുരസ്കാരം 2021 എന്നിവയും പെടും. 
 
"മുറിവുത്തുന്നിയ ആകാശം"
 ആദ്യകവിതാ സമാഹാരമാണ്. രണ്ടാമത്തെ കവിതാസമാഹാരം ഭാഷാ ബുക്ക്സിൻ്റെ പണിപ്പുരയിലാണ്.

 

ചോദ്യങ്ങളിലേക്ക്  

 

അജയ് നാരായണൻ - 


 പ്രവാസിയായി ദുബായിൽ കഴിയുന്ന വിഷ്ണു ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ സാഹിത്യലോകത്ത് ഒരു സ്ഥാനം കരസ്ഥമാക്കിയെന്നുറപ്പിച്ചു പറയാം.
അതിജീവനത്തിന്റെ ഭാഗമായി പ്രവാസം തിരഞ്ഞെടുത്ത വിഷ്ണുവിന്റെ ജീവിതത്തിൽ എങ്ങനെയാണ് എഴുത്തിന് സ്ഥാനം കിട്ടിയത്?

വിഷ്ണു -

ഓൺലൈൻ മാധ്യമങ്ങൾ കവിതകൾ സ്വീകരിക്കുന്നു എന്നുള്ളത് സന്തോഷം തരുന്നകാര്യമാണ്.
ഒറ്റപ്പെടലിന്റെ വക്കിലാണ് എഴുതിതുടങ്ങിയത്. ഞാൻ നന്നായി വായിക്കുന്നൊരാളാണ്. 
വായനാവഴികളാണ് എഴുത്തിലേക്കുള്ള ചുവടുവയ്പ്പിനു തുടക്കം കുറിച്ചത്. അടുത്ത കാലത്താണ്
കവിതകളിലേക്ക് ചുവടുമാറ്റം നടത്തിയത്.
ജീവിതത്തിലും കവിതയിലും മാറ്റമുണ്ടാക്കിയ പ്രവാസ ജീവിതത്തിനിടയിലാണ് ആദ്യപുസ്തകം പിറക്കുന്നതും. പിന്നെ വായനക്കാരുടെ പ്രോൽസാഹനമാണ്
എഴുത്തിനുള്ള ആകെ ഊർജ്ജം.


അജയ് നാരായണൻ -

ഏതൊരു എഴുത്തുകാരനും ജീവിതത്തിന്റെ ഉലയിൽ നീറ്റിയെടുത്ത ചില എഴുത്തുശൈലിയുണ്ടാകാം. ആ ശൈലിയുണ്ടായത് ഏതെങ്കിലുമൊരു ഗുരുമുഖത്തുനിന്നുമാകാം അല്ലെങ്കിൽ വായനാനുഭവങ്ങളിൽ നിന്നുമാകാം.
കടന്നുവന്ന പാതകളെ മുൻനിർത്തി, വിഷ്ണുവിന്റെ എഴുത്തുശൈലിയെ ഒന്നു സ്വയം വിലയിരുത്താമോ?

വിഷ്ണു -

ഓരോ എഴുത്തും യാദൃശ്ചികമായി കടന്നുവരുന്നതാണ്. അങ്ങനെ പ്രത്യകിച്ച് ഗുരുക്കന്മാർ ഒന്നും ഇല്ല.
ഞാൻ വായിച്ചറിഞ്ഞ കഥകൾ, കവിതകൾ,
നോവലുകൾ ഇവയിൽ നിന്നൊക്കെയാണ്
തുടക്കം. എന്തുകൊണ്ട് എനിക്കും ഇതുപോലെ എഴുതിക്കൂടാ എന്ന തോന്നലാണ് ഇവിടെ വരെ എത്തിച്ചത്. ഇപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്
ഞാൻ എഴുതുന്നതൊക്കെ ശരിയാണോ
തെറ്റാണോ എന്ന് വീണ്ടുംവീണ്ടും ഞാൻ എന്നെവായിച്ചു നോക്കി ഒരാത്മസംതൃപ്തി കിട്ടുമ്പോൾ
ഞാൻ എന്നെ നവമാധ്യമങ്ങളിൽ വായിക്കാൻ കൊടുക്കും. എഴുത്തുശൈലി, അതങ്ങനെ സംഭവിച്ചുപോകുന്നതാണ്.


അജയ് നാരായണൻ -

നവമാധ്യങ്ങളിൽ മുഴുകുമ്പോൾ അതിലൊരു ഭീഷണിയും ഉണ്ടല്ലോ. വായനക്കാരന്റെ ഇഷ്ടത്തിനു പരിമിതികൾ കല്പിക്കുന്ന നവമാധ്യമങ്ങൾ വായനയെ നിയന്ത്രിക്കുന്നു എന്നു തോന്നുന്നുണ്ടോ? വിഷ്ണു എന്ന എഴുത്തുകാരന്റെ വളർച്ചയിൽ നവമാധ്യമത്തിന്റെ സ്ഥാനം ഒന്നു വിശദമാക്കാമോ?


വിഷ്ണു -

തീർച്ചയായും ഇന്ന് സ്വന്തം ഫോണിൽ തന്നെയാണെൻ്റെ വായന.
സ്വന്തം മുറിയിലിരുന്നു നിമിഷനേരം കൊണ്ട് ടൈപ്പ് ചെയ്ത് വായനക്കാരിലേക്ക് എത്തിക്കാനുള്ള സംവിധാനം ഏറെപ്പേരെ എഴുത്തിലേയ്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

മറ്റു ഭാഷകളിലെന്നപോലെ മലയാളസാഹിത്യവും സൈബര്‍ സാഹിത്യവും പരസ്പരപൂരകങ്ങള്‍ തന്നെയാണ്. ഒന്ന് മറ്റൊന്നിനെ ശാക്തീകരിക്കുക തന്നെയാണ് ചെയ്യുന്നത്. അങ്ങിനെയാണ് വേണ്ടതും.

 ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ മലർക്കെ തുറന്നു കൊണ്ടാണ്. അനുദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ നമ്മള്‍ ഇന്നറിയുന്നത് ഇന്റര്‍നെറ്റിലുടെയാണുതാനും. നമ്മുടെ വിരല്‍ത്തുമ്പുകളിലേക്ക് ലോകം ചുരുങ്ങിയതുപോലെയാണ്. നവമാധ്യമങ്ങളിൽ കൂടിയാണ്‌ നമ്മളെയൊക്കെ പലരും അറിയുന്നത് തന്നെ.


അജയ് നാരായണൻ -

ഇന്ന് പല നവമാധ്യമ എഴുത്തുകാരും സ്വന്തമായ ഒരു ഓൺലൈൻ മാധ്യമലോകം കെട്ടിപ്പടുക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വന്തം സാഹിത്യഗ്രൂപ്പ്‌ വിഷ്ണുവും തുടങ്ങിയിട്ടുണ്ട്. മറ്റുള്ള ഗ്രുപ്പിൽനിന്നും വ്യത്യസ്തമായി എന്താണ് താങ്കൾ കാഴ്ചവയ്ക്കുന്നത്?


വിഷ്ണു -

നല്ല സൗഹൃദങ്ങളെ ചേർത്തുനിർത്തുമ്പോഴാണ് മുന്നോട്ടുള്ള വഴി ദൃശ്യമാകുന്നത്. "നവതൂലിക" എന്നിലെ മാറ്റത്തിന്റെ തുടക്കമായി മാറി. 
എല്ലാം വളരെ വേഗത്തിലായിരുന്നു.
പല പ്രതിസന്ധി ഘട്ടങ്ങളിലും എഴുത്തുസൗഹൃദങ്ങൾ കൂടെനിന്നു തുഴഞ്ഞു.

ഇന്ന് നവതൂലികയിൽ സെൽഫി കവിയരങ്ങ്, തൂലികാസല്ലാപം, കവിതാചർച്ചകൾ, കഥാചർച്ചകൾ, കാവ്യസന്ധ്യ, ക്വിസ് മാസ്റ്റർ, വായനാമുറി, പാട്ടുത്സവം, കവിയും കവിതയും തുടങ്ങി നിരവധി വ്യത്യസ്തമായ പ്രോഗ്രാമുകളുമായ്  പതിനഞ്ചോളം എഴുത്തുകാർ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.
എഴുതിത്തെളിഞ്ഞവരോടൊപ്പം പുതിയ എഴുത്തുകാരെയും
ചേർത്ത് നിർത്തി. പുതിയ ആകാശം തേടുകയാണ് അവരോടൊപ്പം ഞാനും.

ഒട്ടനവധി സാഹിത്യ ഗ്രൂപ്പുകളിൽ അംഗമാണ് ഞാൻ. അവിടെയെല്ലാം സ്ഥിരം കാണുന്നൊരു പ്രവണതയുണ്ട് കുറച്ചാളുകൾ ചേർന്നൊരു മാഫിയ പോലെആണ് പ്രവർത്തനം. അവർക്ക് വേണ്ടപ്പെട്ടവരെ മുന്നോട്ടു തള്ളും, പിന്നിൽ നിൽക്കുന്നവർ പിന്നിൽ തന്നെ.
ഇനിയെങ്ങാനും അവർ മുന്നിലേക്ക്‌ വന്നാലോ, നിസാര കാരണങ്ങൾ നിരത്തി പടിയടച്ച് പിണ്ഡം വയ്ക്കും
(അനുഭവം ഗുരു).
ഇവരൊക്കെ കുട്ടികളേക്കാൾ കഷ്ടമാണെന്ന് ഈ അവസരത്തിൽ പറയാതെവയ്യ.


അജയ് നാരായണൻ -

പ്രവാസികളുടെ ഭാഷാരീതി, പ്രയോഗങ്ങൾ, എഴുത്തുകൾ, സാഹിത്യ സംഭാവനകൾ എല്ലാം പുച്ഛത്തോടെ വീക്ഷിക്കുന്ന ചില എഴുത്തുകാരും ഉണ്ട്. ഇതിനിടയിൽ പിടിച്ചുനിൽക്കുക എളുപ്പമല്ലതാനും. വിഷ്ണു എഴുത്തിൽ മികച്ചരീതിയിൽ തന്നെ സ്വയം നടന്നുവന്ന പാതയുണ്ടല്ലോ. പ്രശംസനീയമാണ് ഈ വളർച്ച.

എഴുത്ത് രീതിയിൽ മുന്നോട്ടുപോകാൻ വിഷ്ണു അവലംബിക്കുന്ന രീതികളെ യുവസാഹിത്യകാരന്മാർക്കു വേണ്ടി വിശദമാക്കുമോ?

വിഷ്ണു -

വേർതിരിവ്, അതെല്ലാ കാലത്തുമുണ്ട്. പ്രവാസികളുടെ എഴുത്തിന് അയിത്തം കൽപ്പിക്കുന്നതാവട്ടെ ഇവിടുത്തെ പ്രമുഖരുമാണ്.
എഴുത്തിൽ അങ്ങനെ പ്രത്യേക രീതികളൊന്നും പിന്തുടർന്നു പോകുന്ന ആളല്ല ഞാൻ.
എഴുത്തിന് എപ്പോഴും പുതുമ കണ്ടെത്തണം.
എങ്കിൽ മാത്രമേ നമ്മെ വായിക്കാൻ ആളുണ്ടാവൂ എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.
പുലർച്ചെ ആണ് എൻ്റെ എഴുത്തുകൾ ഗർഭം ധരിക്കുകയും പിറക്കുകയും ചെയ്യുന്നത്. ചിലർ വളർത്തും ചിലർ തളർത്തും. എങ്കിലും നമ്മുടെ കുഞ്ഞാണ്. ശരിയെന്ന് തോന്നുന്ന പാത സ്വയം വെട്ടിതെളിച്ചുകൊടുക്കണം. നവമാധ്യമങ്ങളിൽ ചിറകുവിരിച്ച് പറക്കാനായ് പരിശ്രമിക്കുക. ആരെയും ആശ്രയിക്കാതിരിക്കുക, അത്രയേ വേണ്ടൂ. 


അജയ് നാരായണൻ -

നവമാധ്യമ രംഗവുമായി ഒരു ചോദ്യം കൂടി. ഒരു തരംഗം പോലെയെന്നു തന്നെ പറയാം, കവിതകൾ എണ്ണത്തിൽ കൂടുതൽ. വായനക്കാർ കുറയുന്നുണ്ടോ? ഈ അവസ്ഥയിൽ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ച മുരടിക്കുന്നു എന്ന് പലേ പ്രമുഖ എഴുത്തുകാരും വിലപിക്കുന്നുണ്ടല്ലോ. എന്താണ് വിഷ്ണുവിന്റെ കാഴ്ചപ്പാട്?


വിഷ്ണു -

ഇപ്പോള്‍ വളരെ എളുപ്പത്തില്‍ കവിതയ്ക്ക് വായനക്കാരിലേക്ക് എത്തുവാന്‍ സൈബര്‍ ലോകം വാതില്‍ തുറന്നുതരുന്നു. 
 ആനുകാലികങ്ങളില്‍ വരുന്ന കവിതകള്‍ സ്കാന്‍ ചെയ്ത് ഫെയ്സ് ബുക്കിലോ വാട്സാപ്പിലോ ഇടുമ്പോള്‍ കൂടുതലാളുകള്‍ വായിക്കുന്നു എന്നതാണ് ഇപ്പോഴുള്ള ഒരു ഗുണം. 
കാമ്പുള്ളത് നിലനില്ക്കും. അല്ലാത്തത് പട്ടുപോകും.


അജയ് നാരായണൻ -

യുവസാഹിത്യകാരിൽ വിഭിന്നമായൊരു മുഖമാണ് വിഷ്ണുവിനുള്ളത്. തിരഞ്ഞെടുത്ത വിഷയങ്ങളാകട്ടെ, പ്രയോഗശൈലിയാകട്ടെ, ഉപയോഗിക്കുന്ന വാക്കുകൾ ആകട്ടെ, സ്വതസിദ്ധമായ ഒരു ശൈലിയിലൂടെ ഏറെ മുന്നോട്ടു വന്നിരിക്കുന്നു വിഷ്ണു.
എഴുത്തിൽ സാമൂഹ്യപ്രതിബദ്ധത വേണമോ സാഹിത്യകാരന്? ഇന്നത്തെ കാലഘട്ടത്തിൽ എങ്ങനെകാണുന്നു സമൂഹത്തിൽ നിന്നും എഴുത്തുകാർ നേരിടുന്ന വെല്ലുവിളികൾ?


വിഷ്ണു -

തീർച്ചയായും എഴുത്തുകാരന് സാമൂഹിക പ്രതിബദ്ധതയുണ്ടാവണം എന്നാണ് എൻ്റെപക്ഷം. സമൂഹത്തെ മാറ്റി നിര്‍ത്തിയുള്ള എഴുത്ത് ഇന്ന് സാധ്യമല്ല. എഴുത്തുകാരനും സമൂഹവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. എഴുത്തുകാരന് സമൂഹത്തെ പാടെ അവഗണിച്ചുള്ള പ്രതികരണം അനുയോജ്യമല്ല. സാമൂഹ്യവിമര്‍ശനം പോലും സ്നേഹത്താല്‍ അതിഷ്ഠിതമായിരിക്കണം.
സർഗാത്മക പ്രവർത്തനം തന്നെയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സാമുഹിക പ്രവർത്തനമെന്ന് തോന്നുന്നു
എഴുത്തുകാരന്റെ ഇടപെടൽ എഴുത്തിലാണ്. അതിന് വ്യക്തിയിലും സമൂഹത്തിലും ചിലപ്പോൾ സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കാം.


അജയ് നാരായണൻ -

അഘോരി എന്നെ അതിശയിപ്പിച്ച എഴുത്താണ്. കാല്പനീക കവിതകളിൽനിന്നും തികച്ചും വ്യത്യസ്തമായത്. ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനു കാരണം?

വിഷ്ണു - മനപ്പൂർവം തിരഞ്ഞെടുക്കുന്നതല്ല.അത് അങ്ങനെ സംഭവിച്ചുപോകുന്നതാണ്. അഘോരി വായിച്ചറിഞ്ഞ കഥകളിൽ നിന്നുരുത്തിരഞ്ഞതാണ് ആശയം.

ചുടലകളിൽ നിന്നും
പാതി വെന്തത് ഭുജിച്ചും
തലയോട്ടികളിൽ ചന്ദനവും കുങ്കുമവും തേച്ച്
പ്രാകൃതമായ ഒരു ജീവിതരീതി തുടരുന്ന ഈ സന്യാസികളുടെ വിചിത്രാചാരങ്ങളും പൊതു ജീവിതത്തിലിണങ്ങാത്ത വിചിത്രാന്ധവിശ്വാസങ്ങളുമാണ് അഘോരി ക്കാഴ്ചയിലൂടെ പറയാൻ ശ്രമിച്ചത്.


അജയ് നാരായണൻ -

എഴുത്തുവഴിയിലൂടെ ഇനിയും ഏറെ മുൻപോട്ടുപോകുവാനുണ്ട് വിഷ്ണുവിന്. ഇത്തരുണത്തിൽ, ഏറ്റെടുത്ത വെല്ലുവിളികൾക്കിടയിൽ, വായനയും എഴുത്തും കുറയുമല്ലോ. എന്താണ് എഴുത്തിലെ ഭാവി പരിപാടികൾ?

വിഷ്ണു -

അങ്ങനെ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ല. വായന അൽപം പിന്നോട്ടു പോയി
എങ്കിലും വീണുകിട്ടുന്ന സമയത്ത് പുതിയ ആവിഷ്കരണരീതിയും പ്രമേയങ്ങളിലെ പുതുമയും തേടിയുള്ള അനന്തമായ അന്വേഷണത്തിലാണ്.
ഭാവിയെക്കുറിച്ച്, അറിയില്ല. ഇന്ന് കഴിഞ്ഞല്ലെ നാളെ.

അജയ് നാരായണൻ -

എഴുത്തുവഴിയിൽ ഇനിയും ഏറെ മുന്നോട്ടുനടക്കുവാൻ പ്രാപ്തിയുണ്ടാവട്ടെ വിഷ്ണുവിന്. എല്ലാവിധ ആശംസകളും. ഈ സംവേദനത്തിനു സമയം കണ്ടെത്തിയതിനു നന്ദി.


വിഷ്ണുവിന്റെ അഘോരിക്കാഴ്‌ച വായനക്കാർക്കായി പങ്കുവയ്ക്കുന്നു. 

 അഘോരിക്കാഴ്ച
  --------------------

മഞ്ഞപ്പട്ട്
പുതച്ചിരുന്നൊരു ഒറ്റക്കണ്ണൻ
അഘോരിയെ
തട്ടിയുണർത്തുമ്പോൾ
രൗദ്രഭാവം പൂണ്ട്
രക്തം പൊടിഞ്ഞനോട്ടത്താൽ
കൺചിമ്മിത്തുറക്കുന്ന
നേരത്തിനുള്ളിൽ
വാകീറിയ കോടാലി
പോലൊരുവനെ നോക്കി
രുദ്രാക്ഷമാലയെറിഞ്ഞുടച്ച്,
നീയും
നിൻസന്തതിപരമ്പരകളും
ചിതലായ്
തീരട്ടെയെന്നു ശപിച്ച് 
ശൂന്യതയിൽനിന്നും ഭസ്മം
വിതറിയഘോരി
ശിവതാണ്ഡവമാടുമ്പോൾ,
കാഴ്ചക്കാരിൽ
ഭയത്തിന്റെ വിത്തുകൾ
മുളപൊട്ടുന്നു.

ജഡകൊമ്പുകളുയർത്തി
ശാപമോക്ഷം
നൽകിയതോവിചിത്രം.

എന്നെത്തന്നെ കാർന്നുകൊൾക
ചിതലായ്
പിറന്നതും അഘോരിയെ കാർന്നെടുത്ത്
ചിതൽ
മറുപിറവി തേടുമ്പോൾ
അവനിലിരുന്ന്
അഘോരി പൊട്ടിച്ചിരിക്കുന്നു.

പിന്നെയും
ഭയത്തിന്റെ മുള്ളുകൾ
തറച്ചുകയറുന്നുണ്ടദൃശ്യമായി
മിഴികളിൽ.

മൂലമന്ത്രങ്ങളുടെ കെട്ടുപൊട്ടിച്ച്
ഭ്രാന്തമായശബ്ദങ്ങളാൽ
ഇണചേർന്ന് 
നിലത്തു വീഴുമ്പോൾ
ആനന്ദോത്സവത്തിന്
കൊടിയേറുന്നു.

 

വിഷ്ണു പകൽക്കുറി


അഭിമുഖം തയ്യാറാക്കിയത് ; ഡോ. അജയ് നാരായണൻ