നിഴൽചിത്രങ്ങൾ: കവിത, റീന മാത്യു

നിഴൽചിത്രങ്ങൾ: കവിത, റീന മാത്യു

 

 

പരിപൂർണനല്ലെന്നു മനസ്സിലാക്കിതരാൻ

നീ വരയ്ക്കുന്ന ഭാരമില്ലാത്ത

ചുവർചിത്രങ്ങൾ

ചിറകില്ലാതെ പറന്നു

ഒപ്പമെത്താൻ കഴിയാതെ

കറുത്ത രൂപത്തോടെയുള്ള

പിടികിട്ടാവിസ്മയങ്ങൾ

 

വൈരൂപ്യങ്ങളെ കാട്ടി തരാൻ

പേടിപ്പെടുത്തുന്ന രൂപമായി നേർക്കു നേർ

നിന്നു നീ പൊരുതുമ്പോൾ

ഭീരുവായി സ്വയം ഉള്ളിലേയ്ക്കലിഞ്ഞു

നിന്റെ ശബ്ദമില്ലാത്ത ഭാഷയ്ക്ക് മുന്നിൽ

ഞാൻ ഞാനായി മാറുന്നു

 

ഇരുളിൽ നിന്റെ മൂർച്ചയേറിയ മൗനം

കാത്തിരുന്നെന്നെ കുത്തി മുറിവേല്പിക്കുമ്പോൾ

അന്യമായ നിന്റെ ഉടലിനെ തേടി

കറുപ്പിന്റെ മാസ്മരികതയിൽ

വെളിച്ചത്തിന് പിടി കൊടുക്കാതെ

വെറുമൊരു ചിത്രമായി നിന്നെ

നഷ്ടപെടാനാവാതെ ഞാനും

 

റീന മാത്യു